ഒരു മണിക്കൂറിന്‍റെ കഥ

മൂലകഥ – കേറ്റ് ചോപിന്‍
വിവര്‍ത്തനം – രാജശ്രീ അയ്യർ

‘മിസിസ് മല്ലാര്‍ഡ് ഒരു ഹാര്‍ട്ട് പേഷ്യന്‍റാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം വളരെ സൂക്ഷിച്ചുമാത്രമേ അവരെ അറിയിക്കാവൂ,’വാര്‍ത്തയറിഞ്ഞയുടന്‍ റിച്ചാര്‍ഡ്സ് ചിന്തിച്ചതിങ്ങനെയായിരുന്നു. പത്രമോഫീസില്‍ ജോലി ചെയ്യുന്ന അയാള്‍ റെയില്‍വേട്രാക്കില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരുടെ ലിസ്റ്റ് നോക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ മല്ലാര്‍ഡിന്‍റെ പേരുമുണ്ടായിരുന്നു. തന്‍റെ സുഹൃത്തിന്‍റെ ആകസ്മികമരണം അയാള്‍ക്ക് വല്ലാത്ത ഷോക്കായി.

വാര്‍ത്ത ഉറപ്പിക്കാനായി സംഭവസ്ഥലത്തുള്ള റിപ്പോര്‍ട്ടര്‍ക്ക് അയാള്‍ ടെലിഗ്രാം അയച്ചു. പക്ഷെ ആ വാര്‍ത്ത സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
ഉടന്‍തന്നെ മല്ലാര്‍ഡിന്‍റെ വീട്ടിലെത്തിയ റിച്ചാര്‍ഡ്സിനെ എതിരേറ്റത് ജോസഫൈനായിരുന്നു, മിസിസ് മല്ലാര്‍ഡിന്‍റെ, ലൂയിസ് മല്ലാര്‍ഡിന്‍റെ സഹോദരി. അവരവിടെ ഉണ്ടായിരുന്നത് എന്തായാലും അയാള്‍ക്ക് ആശ്വാസമായി. ഒരു നടുക്കത്തോടെ ജോസഫൈനും ദുഃഖവാര്‍ത്തയറിഞ്ഞു.

അവര്‍ തന്നെയാണ് ലൂയിസിനെ വിവരമറിയിച്ചത്. പ്രിയഭര്‍ത്താവിന്‍റെ വിയോഗവാര്‍ത്ത കേട്ടതും ലൂയിസ് പൊട്ടിക്കരഞ്ഞു. ജീവിതത്തില്‍ പ്രതീക്ഷിക്കാത്തൊരു നിമിഷത്തില്‍ ഒറ്റപ്പെട്ടു പോയതിന്‍റെ ആഘാതത്തോടെ അവള്‍ ജോസഫൈന്‍റെ തോളിലേക്ക് ചാഞ്ഞു. കണ്ണീരിന്‍റെ കൊടുങ്കാറ്റ് അല്‍പ്പമൊന്നടങ്ങിയപ്പോള്‍ അവള്‍ എഴുന്നേറ്റ് തന്‍റെ മുറിയിലേക്ക് പോയി.

ആരും ഒപ്പം വരരുതെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. അവളുടെ ഏകാന്തതയ്ക്ക് ജോസഫൈനും റിച്ചാര്‍ഡ്സും തടസ്സം നിന്നതുമില്ല.
മുറിയിലെത്തിയ ലൂയിസ് തുറന്ന ജനാലയ്ക്കടുത്തുള്ള കസേരയിലിരുന്നു. ആ വാര്‍ത്ത അവളുടെ ശരീരത്തിലേക്കും മനസ്സിലേക്കും ആഴ്ന്നിറങ്ങി. അവള്‍ പുറത്തേക്ക് കണ്ണോടിച്ചു.

വസന്തകാലമായിരുന്നതുകൊണ്ട് മരങ്ങളെല്ലാം പൂത്തുലഞ്ഞിരുന്നു. അന്തരീക്ഷത്തിന് നനുത്ത മഴയുടെ ഗന്ധമുണ്ടായിരുന്നു. കുരുവികളുടെ പാട്ട് കാറ്റിലൂടെ ഒഴുകിവന്നു. ആകാശത്ത് അങ്ങിങ്ങ് ഒന്നിനു മീതെ ഒന്നായി നീലമേഘങ്ങള്‍ പറന്നുനീങ്ങി.

ഒരു വികാരവുമില്ലാതെ അവള്‍ പുറത്തെ കാഴ്ചകള്‍ നോക്കിക്കണ്ടു. ഒരു വിതുമ്പല്‍ അവളുടെ തൊണ്ടയില്‍ കുരുങ്ങിനിന്നു.
ശാന്തമായ മുഖവും വെളുത്ത നിറവുമുള്ള ആ ചെറുപ്പക്കാരിയുടെ കണ്ണുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

പെട്ടെന്ന് ആകാശത്തിലെ നീലമേഘങ്ങളുടെ പ്രതിഫലനമെന്നോണം ഒരു ചിന്ത അവളുടെ മനസ്സിലേക്ക് കടന്നുവന്നു. അതിനുവേണ്ടി അവള്‍ കാത്തിരുന്നതുപോലെ. ആ വികാരത്തിന് എന്തു പേരിടണമെന്ന് അവള്‍ക്കറിയില്ലായിരുന്നു.

പുറത്തെ സുഗന്ധവും മധുരഗാനവും വര്‍ണങ്ങളും അവളുടെ മനസ്സിലേക്ക് പടര്‍ന്നു. തനിക്ക് സ്വന്തമാകാന്‍ പോകുന്ന എന്തിനെയോ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ അവളുടെ മനസ്സ് ആശിച്ചു.
അവളുടെ ചുണ്ടുകള്‍ വീണ്ടും വീണ്ടും മന്ത്രിച്ചു.”സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം.” അവളുടെ കണ്ണുകളില്‍ ജീവന്‍റെ തുടിപ്പുണര്‍ന്നു. ഹൃദയമിടിപ്പ് വര്‍ദ്ധിച്ച് ചുടുരക്തം ശരീരത്തിന്‍റെ ഓരോ കോണിലും ഒഴുകിയെത്തി. താനനുഭവിക്കുന്നത് എന്താണെന്ന് അവള്‍ക്കു തന്നെ അറിയില്ലായിരുന്നു.

ഭര്‍ത്താവിന്‍റെ ചലനമറ്റ ശരീരം കാണുമ്പോള്‍ താന്‍ വീണ്ടും പൊട്ടിക്കരയുമെന്ന് അവള്‍ക്കറിയാമായിരുന്നു. കാരണം അയാളോടുള്ള അവളുടെ സ്നേഹത്തിന് അപ്പോഴും കുറവൊന്നും വന്നിട്ടില്ലായിരുന്നു.

പക്ഷെ ആ നിമിഷത്തിനപ്പുറമുള്ള നീണ്ട വര്‍ഷങ്ങളിലേക്ക് ദീര്‍ഘദൃഷ്ടിയോടെ അവളുടെ കണ്ണുകള്‍ പാഞ്ഞു. അവയെ ആഹ്ലാദത്തോടെ വാരിപ്പുണരാന്‍ അവള്‍ കൈകള്‍ നീട്ടി.
ഇനിയുള്ള വര്‍ഷങ്ങളില്‍ അവള്‍ ഒറ്റയ്ക്കാണ്. അവളോടൊപ്പം ആരുമുണ്ടാവില്ല. മേധാവിത്വം കാട്ടുന്ന പുരുഷശക്തി ഇനി അവള്‍ക്കൊപ്പമുണ്ടാവില്ല. ഭാവിയിലെ ജീവിതത്തിന്‍റെ തിളക്കം അവള്‍ കണ്ടു. ഭര്‍ത്താവിനോടുള്ള സ്നേഹത്തിനെക്കാളും ഇപ്പോള്‍ അവള്‍ പ്രാധാന്യം കല്‍പ്പിച്ചത് വിധവയായി മാറിയാല്‍ കിട്ടുന്ന സ്വാതന്ത്ര്യത്തിനും സമൂഹത്തില്‍ കിട്ടുന്ന ആദരവിനുമായിരുന്നു.

“സ്വതന്ത്രമാണ് ഇനിയെന്‍റെ ശരീരവും മനസ്സും,”അവള്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു.
മുട്ടുകുത്തി നിന്നുകൊണ്ട് ജോസഫൈന്‍ ലൂയിസിന്‍റെ മുറിയുടെ അടഞ്ഞ വാതില്‍പ്പഴുതിലൂടെ അകത്തേക്ക് നോക്കാന്‍ ശ്രമിച്ചു.

അവള്‍ മുട്ടിവിളിച്ചു,”ലൂയിസ്, കതകു തുറക്കൂ, പ്ലീസ്. നീയവിടെ എന്താണു ചെയ്യുന്നത്? ദൈവത്തെയോര്‍ത്ത് കതകു തുറക്കൂ.” ഭാവിജീവിതത്തിന്‍റെ ലഹരി നുകര്‍ന്നുകൊണ്ടിരുന്ന ലൂയിസ് പ്രതികരിച്ചു,”പേടിക്കേണ്ട, ജോസഫൈന്‍, അയാം ഓള്‍ റൈറ്റ്.” ജീവിതത്തിലെ ഇനിയുള്ള വേനലും മഴയും വസന്തവും എല്ലാം അവള്‍ക്കു മാത്രം സ്വന്തം.

എന്‍റെ ജീവിതം ദീര്‍ഘായുസ്സുള്ളതാക്കിത്തരണമേയെന്ന പ്രാര്‍ത്ഥനയോടെ അവള്‍ നിശ്വസിച്ചു. കാരണം അടിച്ചമര്‍ത്തപ്പെട്ട തന്‍റെ ജീവിതം ഇനി എത്ര കാലം കൂടിയുണ്ടാകുമെന്ന് തലേ ദിവസം കൂടി അവള്‍ ഓര്‍ത്തതേയുണ്ടായിരുന്നുള്ളൂ.
ലൂയിസ് എഴുന്നേറ്റ് വാതില്‍ തുറന്നു. അവള്‍ക്ക് ഒരു വിജയിയുടെ ഭാവമായിരുന്നു.

ജോസഫൈനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവള്‍ സ്വീകരണമുറിയിലേക്കുള്ള പടികളിറങ്ങി. അവിടെ റിച്ചാര്‍ഡ്സ് അവരെ കാത്തുനില്‍പ്പുണ്ടായിരുന്നു. പെട്ടെന്ന് താക്കോലിട്ട് തിരിച്ച് മുന്‍വാതില്‍ തുറക്കപ്പെട്ടു. കയറിവന്നത് മി.മല്ലാര്‍ഡായിരുന്നു. കൈയില്‍ ബാഗും കുടയുമുണ്ടായിരുന്നു. അയാള്‍ക്ക് നല്ല യാത്രക്ഷീണവുമുണ്ടായിരുന്നു.

സത്യത്തില്‍ അയാള്‍ അപകടം നടന്ന സ്ഥലത്തു നിന്നും വളരെ ദൂരെയായിരുന്നു. അപകടത്തെക്കുറിച്ച് അയാള്‍ അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. ജോസഫൈന്‍റെ അടക്കിപ്പിടിച്ച കരച്ചില്‍ അയാള്‍ കേട്ടു. റിച്ചാര്‍ഡ്സിന്‍റെ അത്ഭുതം നിറഞ്ഞ നോട്ടവും അയാള്‍ കണ്ടു. അയാള്‍ക്കൊന്നും മനസ്സിലായില്ല.

അടുത്ത നിമിഷം ലൂയിസ് മരണത്തിന് കീഴ്പ്പെട്ടു. ഹാര്‍ട്ട് പേഷ്യന്‍റായിരുന്ന അവളുടെ മരണകാരണം ഡോക്ടര്‍മാര്‍ വിലയിരുത്തിയതിങ്ങനെ : ‘മരിച്ചുപോയെന്നു കരുതിയ ഭര്‍ത്താവിനെ കണ്ടപ്പോഴുള്ള സന്തോഷം.’ ഭര്‍ത്താവിന്‍റെതിരിച്ചുവരവ് ലൂയിസിനെ സന്തോഷിപ്പിച്ചിരിക്കാം.

എന്നാല്‍ ഭര്‍ത്താവിനെ കിട്ടിയാല്‍ താന്‍ സ്വപ്നം കണ്ട സ്വാതന്ത്ര്യം തനിക്കു നഷ്ടമാകുമല്ലോ എന്ന കടുത്ത നിരശയാകുമോ ഒരുപക്ഷെ അവളുടെ മരണകാരണം?

സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.1951ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ഡല്‍ഹി...

പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി സച്ചിദാനന്ദന്‍

യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ പങ്കെടുക്കുയുള്ളുവെന്നാണ് കുറിപ്പിൽ.ഏഴുവര്‍ഷം മുമ്പ്...