ഡോ.എംഎൻ.ശശിധരൻ,കോട്ടയം
അറിയപ്പെടുന്ന ആ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, കൊട്ടാരസദൃശമായ ആ കമ്പനി ക്വാർട്ടേഴ്സ് വിട്ട് ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്..
റിട്ടയർമെന്റ് ആയതോടെ അതും സംഭവിച്ചു ;
എങ്കിലും അധികമകലെയല്ലാതെയുള്ള ഹൗസിങ്ങ് സൊസൈറ്റിയിൽ, നല്ലൊരു വില്ല സ്വന്തമായി വാങ്ങി താമസമാക്കാൻ വലിയ പ്രയാസമുണ്ടായില്ല ;
സ്വയം താനൊരു ഉന്നതവ്യക്തിയാണെന്ന് കരുതിയിരുന്ന അദ്ദേഹം,
ആ ഹൗസിങ്ങ് സൊസൈറ്റിയിലെ ആരോടുംതന്നെ സൗഹൃദം സ്ഥാപിക്കുകയോ സംസാരിക്കപോലുമോ ചെയ്തിരുന്നില്ല ;
ആ ഹൗസിങ്ങ് സൊസൈറ്റിയുടെ മനോഹരമായ പാർക്കിൽ സായാഹ്നങ്ങളിൽ നടക്കാനിറങ്ങുന്ന അവസരങ്ങളിൽപ്പോലും മറ്റുള്ളവരുമായി സംസാരിക്കയോ പരിചയപ്പെടാൻ ശ്രമിക്കയോ ചെയ്തിരുന്നില്ലെന്ന് മാത്രമല്ല, അവരേയെല്ലാം വളരെ അകൽച്ചയോടും അവഗണനാ മനോഭാവത്തോടും കൂടിയാണ് നോക്കികണ്ടിരുന്നത്.
ഒരുദിവസം നടത്തം കഴിഞ്ഞു പതിവുപോലെ പാർക്കിലെ ബഞ്ചിലിരുന്ന് വിശ്രമിക്കുന്നതിനിടയിൽ, സമീപത്തിരുന്ന മറ്റൊരു പ്രായംചെന്ന വ്യക്തിയുമായി അവിചാരിതമായി അല്പമൊന്ന് സംസാരിക്കാനിടയായി ;
പേരിനൊരു പരിചയപ്പെടലിനുശേഷം, നടന്ന സംഭാഷണങ്ങളിലെല്ലാം സ്വന്തമായുണ്ടായിരുന്ന ജോലിയുടെ മഹത്വവും അധികാരത്തിൻെറ മഹിമയും ശമ്പളത്തിൻെറ വലിപ്പവുമെല്ലാമായിരുന്നു സംസാരവിഷയം. ഒപ്പം ഈ വില്ലയിലെ താമസം അത്ര തൃപ്തികരമല്ലെന്നും, കുറച്ചുകാലത്തിനകം
ഇവിടം വിട്ട് മറ്റൊരു നല്ല ഇടം അന്വേഷിച്ച് കണ്ടെത്തുമെന്നും കൂടി അയാൾ സൂചിപ്പിക്കാൻ മറന്നില്ല..
ഇത്രയൊക്കെ ആയിട്ടും പരിചയപ്പെട്ട വ്യക്തിയേകുറിച്ചൊ, ആ ഹൗസിങ്ങ് സൊസൈറ്റിയിലെ മറ്റ് അന്തേവാസികളെ കുറിച്ചോ ഒരക്ഷരം അയാൾ ചോദിച്ചില്ലെന്ന് മാത്രമല്ല, അറിയാൻ താല്പര്യം കാണിച്ചതുമില്ല ;
അതൊരു തുടക്കമായിരുന്നു ;
വാർദ്ധക്യത്തിലേക്ക് ചുവടുവച്ചുകൊണ്ടിരിക്കുന്ന ആ മനുഷ്യൻ, വളരെ ശാന്തനായി അയാൾ പറയുന്നതെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നത് ഒരു പതിവായിത്തീർന്നു.
അങ്ങിനെ ആഴ്ചകൾ കടന്നുപോയി ;
നമ്മുടെ റിട്ടയേർഡ് എക്സിക്യുട്ടിവദ്ദേഹം, സാവകാശം ആ ഹൗസിങ്ങ് സൊസൈറ്റിയിലെ
മറ്റ് വില്ലകളിൽ താമസിക്കുന്നവരെ കുറിച്ചറിയാൻ, താല്പര്യം കാണിച്ചു ;
അപ്പോഴാണ്, പ്രായംചെന്ന ആ പതിവ് കേഴ്‌വിക്കാരൻ ആദ്യമായി വായ് തുറന്നൊന്ന് സംസാരിക്കാൻ ആരംഭിച്ചത്..
സുസ്മേരവദനനായ അദ്ദേഹം, ആമുഖമായി ചിലത് പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്….
ഞാൻ ഈ സൊസൈറ്റിയിൽ ജീവിതം ആരംഭിച്ചിട്ട്, അഞ്ചു വർഷം കഴിയുന്നു ;
എന്നാൽ, ഞാൻ ഇന്നേവരെ ആരോടും പറഞ്ഞിട്ടില്ല,
“ ഞാൻ ഒരുകാലത്ത്, ഇൻഡ്യൻ പാർലമെൻെറിൽ രണ്ടുപ്രാവശ്യം മെമ്പറായിരുന്ന വ്യക്തിയാണെന്ന്”
“റിട്ടയർമെന്റ് കഴിഞ്ഞ നമ്മളെല്ലാം, ഫ്യൂസായ ബൾബുകൾ പോലെയാണ് …”
ആ ബൾബുകളുടെ വോൾട്ടേജ് എത്ര ആയിരുന്നൂ എന്നതോ,
മുൻപതെത്രമാത്രം പ്രകാശം പരത്തിയിരുന്നൂ എന്നതോ, ഒന്നും, ഫ്യൂസായതിന്ശേഷം ഒരു വിഷയമേ ആകുന്നില്ല ;
താങ്കളുടെ വലതുവശത്തെ വില്ലയിൽ താമസിക്കുന്ന വർമാജി, ഇൻഡ്യൻ റെയിൽവേയുടെ ജനറൽ മാനേജരായി റിട്ടയർ ചെയ്ത വ്യക്തിയാണ്….;
അദ്ദേഹം തുടർന്നു ,
താങ്കളുടെ തൊട്ട് എതിർവശത്ത് താമസിക്കുന്ന സിങ്ങ് സാബ്, ഇൻഡ്യൻ ആർമിയിൽ നിന്നും മേജർ ജനറലായി റിട്ടയർ ചെയ്ത വ്യക്തിയാണ്.
നമ്മൾ ഇപ്പോൾ ഇരുന്നു സംസാരിക്കുന്ന ഈ പാർക്കിൻെറ അങ്ങേയറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്ന ഗുൽമോഹറിൻെറ കീഴിൽ പതിവായിവന്നിരുന്ന് കാറ്റുകൊള്ളാറുള്ള വ്യക്തിയെ ഓർക്കുന്നില്ലെ :
തൂ വെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള അദ്ദഹമാണ്, മെഹർജി :
‘ഐ . എസ്സ് . ആർ. ഓ’ – യുടെ ചീഫായി റിട്ടയർ ചെയ്ത വ്യക്തിയാണദ്ദേഹം ;
ഇവരാരും, ഇതൊന്നും ആരോടും അങ്ങിനെ വെളിപ്പെടുത്തിയിട്ടില്ല ;
എന്നോടുപോലും,
പക്ഷേ ഞാനിതെല്ലാം മനസ്സിലാക്കിയിട്ടുണ്ട് ;
മുൻപ് എത്ര വാട്ട്സ് ആയിരുന്നു എന്നത്, ഫ്യൂസായികഴിഞ്ഞ ബൾബുകളെ സംബന്ധിച്ചിടത്തോളം ഒരു
വിഷയമേയല്ല..
എന്തിനേറെ, ഫ്യൂസാകുന്നതിനുമുൻപ് ഏതുടൈപ്പ് ബൾബായിരുന്നു എന്നതും വിഷയമല്ല ;
അതായത്, എൽ ഇ ഡി, സി എഫ് എൽ, ഹാലോജിൻ, ഇൻകാൻഡിസെന്റ്, ഫ്ളൂറസെന്റ്, അതുമല്ലെങ്കിൽ, അലങ്കാര ബൾബ് എന്തുമാകട്ടെ, അതൊന്നും ഫ്യൂസായികഴിഞ്ഞാൽ,
ഒരു വിഷയമേയല്ല ;
ഇത് നിങ്ങൾക്കും ബാധകമാണ് .
ഇത് മനസ്സിലാക്കിയാൽ, ഈ നിമിഷം മുതൽ സമാധാനവും ഉറക്കവും എല്ലാം,
നിങ്ങളെ തേടി, നിങ്ങളുടെ വില്ലയിലും എത്തും ; ഉദയസൂര്യനും അസ്തമയസൂര്യനും
രണ്ടും മനോഹരവും ആരാധ്യവുമാണ് ;
എന്നാൽ സത്യത്തിൽ, ഉദയസൂര്യനാണ് കൂടുതൽ ആദരവും ആരാധനയും ലഭിച്ചുകൊണ്ടിരിക്കുന്നത്
അതേസമയം, അസ്തമയസൂര്യന് അത്രക്ക് പ്രാധാന്യം ലഭിക്കാറില്ല ;
വളരെ താമസിച്ചുപോയെങ്കിലും, ഈ ഉദാഹരണം, കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായകമാണ്……
നമ്മുടെ ഇന്നത്തെ പദവിയും, പ്രശസ്തിയും, അധികാരവും, ഒന്നും ഒരിക്കലും സ്ഥിരമല്ല ;
ഇത്തരം കാര്യങ്ങളുമായി വളരെയധികം വൈകാരികത വച്ചു പുലർത്തിയാൽ, എന്നെങ്കിലുമൊരുദിവസം അവയെല്ലാം നഷ്ടപ്പെട്ട് പോയി എന്നറിയുമ്പോൾ, അത് നമ്മുടെ ശിഷ്ട ജീവിതത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളു ;
ഓർമിക്കുക :
ചതുരംഗം കളിച്ചുകഴിഞ്ഞാൽ, “രാജാവും ആളും “
എല്ലാം ഒരു പെട്ടിയിലേക്കു തന്നെയാണ്, മടങ്ങുന്നത് .