സീൻ നമ്പർ 1

അഭയവർമ്മ

ഡോർ ബെൽ അടിക്കുന്നു.
വാതിൽ തുറക്കപ്പെടുന്നു. അകത്തുനിന്നൊരു തമിഴൻ:
”യാര്?”
ഡോർ ബെൽ അടിച്ച മനുഷ്യൻ കൈകൂപ്പി: ”കെ. ആർ സാർ ഉണ്ടോ?”
”അപ്പോയ്‌മെന്റ് ഇരുക്കാ?”
”ഫോണിൽ വിളിച്ചിരുന്നു.”
” നീങ്ക സിറ്റൗട്ടിൽ ഉക്കാരുങ്കോ. സാറ് ടിഫിൻ സാപ്പിടുകിറാർ, അതുക്കപ്രം വന്തിടുവാർ”
വാതിൽ അടയുന്നു.
സമയം കടന്നുപോകുകയാണ്
കൊട്ടാരസമാനമായ ആ വീടിന്റെ സിറ്റൗട്ടിൽ അയാളിരുന്നു.
വൈകാതെ വീണ്ടും വാതിൽ തുറന്നു
അത് കെ ആർ ആയിരുന്നു!
ജനലക്ഷങ്ങളുടെ ആരാധനാപാത്രമായ സംവിധായകൻ
പുറത്തു നിന്നു വന്നയാൾ വീണ്ടും കൈകൂപ്പി :”നമസ്‌ക്കാരം സാർ”
‘ആ നമസ്‌ക്കാരം മിസ്റ്റർ….?”
”ഇന്ദ്രജിത്ത് ഇടപ്പാട്”
”ഓ. ഐ റിമെമ്പർ… സീ മിസ്റ്റർ ഇടപ്പാട്… എനിക്ക് ഇന്ന് സമയം വളരെ കുറവാണ്. ഇന്ന് 10-30ന് ഒരു അപ്പോയ്‌മെന്റ് ഉള്ളതാ. പിന്നെ മാക്ടയുടെ മീറ്റിംഗ്. ആകെ തിരക്കു പിടിച്ച ദിവസമാ.”
”എനിക്കറിയാം സാർ അങ്ങയുടെ തിരക്കുകളെ പറ്റി. അങ്ങയോടൊപ്പം കുറച്ചു സമയം ചിലവിടുകയെന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യം തന്നെയാണ്.”
”അങ്ങനെയൊന്നുമില്ല. മിസ്റ്റർ ഇടപ്പാട്. നാമൊക്കെ മനുഷ്യരല്ലേ.”
”പക്ഷെ, സാറ് സാധാരണ മനുഷ്യനല്ലല്ലോ. താരങ്ങളെ സൃഷ്ടിക്കുന്ന മഹാനാണ്. പുതുമുഖങ്ങളെ സൂപ്പർസ്റ്റാറുകളാക്കുന്ന ഹിറ്റ്‌മേക്കർ. അങ്ങയുടെ എളിമകൊണ്ടാണ് എന്റെ കഥ കേൾക്കാൻ തയ്യാറായതുതന്നെ.”
”സീ. മിസ്റ്റർ ഇടപ്പാട്. താങ്കളോട് ഫോണിൽ സംസാരിച്ചപ്പോഴേ സ്പാർക്കുള്ള ആളാണെന്ന് തോന്നി. അതുകൊണ്ടാണ് അപ്പോയ്‌മെന്റ് തന്നത്. നാളെ ഒരു പക്ഷെ നിങ്ങളുടെ തിരക്കഥയ്ക്ക് വേണ്ടി ഞാൻ പോലും താങ്കളുടെ വാതിൽക്കൽ ക്യൂ നിൽക്കില്ലെന്ന് ആരു കണ്ടു.”
ഇടപ്പാട് അത്ഭുതത്തോടെ പറഞ്ഞുപോയി: ”സാർ…”
”കോടാമ്പക്കത്തുകൂടെ കുറെ അലഞ്ഞിട്ടുള്ളവനാ ഈ കെ. ആർ. ഞാനതൊക്കെ ഇപ്പോഴും ഓർക്കാറുണ്ട്. മനുഷ്യന്റെ വളർച്ച ആർക്കും പ്രവചിക്കാനാവില്ല!”
”ശരിയാണ് സാർ. ഞാൻ സാറിന്റെ ‘ഇന്നലെകൾ വഴികാട്ടി’ എന്ന പുസ്തകം 50 തവണയെങ്കിലും വായിച്ചിട്ടുണ്ട്.”
”ഓഹോ! അതിന് വിയർപ്പിന്റെയും വിശപ്പിന്റെയും ഗന്ധമാണ്. ആട്ടെ ഇടപ്പാടിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?”
പ്രാരാബ്ധങ്ങൾ നിറഞ്ഞ കുടുംബം; എല്ലാമുണ്ട് സാർ.”
”ഹ…ഹ…ഹ…കൊള്ളാം. നല്ല മറുപടി. താങ്കൾ ചായ കുടിക്കൂ”
കപ്പും സോസറും കൂട്ടി മുട്ടി
കെ. ആർ തുടർന്നു: ”കഥ പറയാനുള്ള ഒരു അന്തരീക്ഷം ഒരുക്കുന്നതിനാണ് ഞാൻ വീട്ടുകാര്യങ്ങൾ ചോദിച്ചത്. താങ്കൾ വന്നപാടെ കഥ പറഞ്ഞു തുടങ്ങിയാൽ ഒരു പക്ഷെ, അതിന്റെ പൂർണ്ണ അർത്ഥത്തിൽ എനിക്ക് മനസിലായെന്നു വരില്ല. താങ്കൾക്ക് അത് അവതരിപ്പിക്കാനും കഴിയില്ല. താങ്കളുടെ മനസ്സ് ആദ്യം നോർമലാക്കി ഒരു ഗൃഹാന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും.”
‘മനഃശാസ്ത്രപരമായ സമീപനം, അങ്ങ് ഒരു ജീനിയസ് തന്നെ.”
”നമുക്കിനി കഥയിലേക്ക് കടന്നാലോ?”
ഒന്ന് മുരടനക്കി കൊണ്ട് ഇടപ്പാട്: ”തീർച്ചയായും സാർ… ഞാൻ ചില കുറിപ്പുകൾ എടുത്തു കൊള്ളട്ടെ അല്ലെങ്കിൽ സാർ ഒരു സംശയം കഥ മുഴുവൻ പറയണോ. അതോ ത്രഡ് മാത്രം പറഞ്ഞാൽ മതിയോ?”
അതൊക്കെ താങ്കളുടെ ഇഷ്ടം. ഇനി 20 മിനിറ്റു കൂടിയുണ്ട്. അതിനുള്ളിൽ ഏതു വിധത്തിലും പറയാം.”
”എങ്കിൽ വൺലൈൻ പറയാം”
”ഓകെ”
”അതിനു മുൻപ് എനിക്കൊരു കാര്യം കൂടി പറയാനുണ്ട്. എന്റെ മൂന്നു വർഷത്തെ ശ്രമത്തിന്റെ ഫലമാണ് ഈ തിരക്കഥ. ഇതിൽ എന്റെ ആത്മാവും ജീവിതവും ഉണ്ട്. അതുകൊണ്ട്”
”അതുകൊണ്ട്?”
”സാറെന്നെ ചതിക്കില്ലല്ലോ…”
”മനസിലായില്ല.”
”അതായത് സാറിനോട് ഞാൻ വൺലൈൻ പറയുന്നു. ഒരു വൺലൈൻ കിട്ടിയാൽ …അല്ല സാറങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും വിശ്വസിക്കില്ല… എന്റെ അനുഭവങ്ങളങ്ങനാ സാറേ, പേടിയാ.. കഥ പറയാൻ പേടിയാ സാറേ…”
”ഇതു പറയാനാണോ ഇത്രയും തിരക്കിട്ട് നിങ്ങൾ ഇങ്ങോട്ട് വന്നത്?”
”സാർ ക്ഷമിക്കണം. എന്റെ പൂർവകാല അനുഭവങ്ങൾ…”
”ഒന്നു നിർത്തണം മിസ്റ്റർ. കെ. ആർ മറ്റുള്ളവരെപ്പോലെയാണെന്നാ ണോ. താങ്കൾ കരുതിയിരിക്കുന്നത്. ദാരിദ്യം പിടിച്ചവന്റെ കുട്ടയിൽ കൈയിട്ടു വാരുന്നവർ ഉണ്ടാകാം. കെ ആറിന് അതിന്റെ ആവശ്യമില്ല..എനിക്കൊരുത്ത ന്റെയും കഥയില്ലാതെയും സിനിമാ ഇറക്കാൻ കഴിയും.”
”സാറ് അത് പലതവണ തെളിയിച്ചിട്ടുള്ളതാണല്ലോ! സാറിന്റെതന്നെ തിരക്കഥകൾക്ക് എത്ര അവാർഡുകൾ ലഭിച്ചിരിക്കുന്നു.”
”പിന്നെ താങ്കളുടെ സംശയത്തിന് എന്തടിസ്ഥാനം ഹേ?”
”ചില സിനിമാ വാരികകളിൽ വന്ന കഥകൾ വായിച്ചപ്പോൾ ആർക്കും തോന്നുന്ന ചില സംശയങ്ങൾ ഈയുള്ളവനും തോന്നിപ്പോയി സാറ് ക്ഷമിക്കണം.”
”താങ്കൾ പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലായി?”
”എന്ത് പൊരുൾ?”
”കഴിഞ്ഞ തവണത്തെ സംസ്ഥാന അവാർഡ് എനിക്ക് കിട്ടിയപ്പോൾ മുതൽ തുടങ്ങിയതാ. ചിലർക്ക് ക്രിമികടി. താങ്കളും അതിന്റെ ഭാഗമായി വന്നതാണോ?”
”അയ്യോ സാർ. ഞാൻ കഥ പറയാൻ വന്നതാ… സാറിന് അവാർഡ് കിട്ടിയ തിരക്കഥ മറ്റാരോ എഴുതിയതാണെന്ന് ഒരു സിനിമാ വാരികേല് വായിച്ചു അതുകൊണ്ട് പറഞ്ഞു പോയതാ…”
”താങ്കളത് വിശ്വസിക്കുന്നുണ്ടോ?”
”ഞാൻ വിശ്വസിച്ചിട്ടില്ല. പിന്നെ സാർ ആ തിരക്കഥ എഴുതി എന്ന് പറയുന്നയാളിന്റെ പേര് ഒരു ഹരീന്ദ്രൻ എന്നല്ലേ?”
”അങ്ങനെയെന്തോ ആണ്. ആരൊക്കെയോ അവന്റെ പിന്നിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു ഗതിയും ഇല്ലാത്തവൻ പത്രസമ്മേളനം നടത്തി എന്നെ നാറ്റിക്കുമായിരുന്നോ? പക്ഷെ പ്രബുദ്ധരായ ജനങ്ങൾക്ക് എന്റെ മേൽ വിശ്വാസമുണ്ടായിരുന്നതു കൊണ്ട് എന്റെ ഭാഗം തെളിയിക്കാൻ എനിക്കവസരം കിട്ടി.”
”അതെ. സാറിന്റെ കൂടെ എപ്പോഴും ഭാഗ്യം ഉണ്ടായിരുന്നു. ഇനി ഞാൻ കഥ പറയട്ടെ”
”ഉം ശരി. വേഗമാവട്ടെ.”
ഒന്ന് ആലോചിച്ചശേഷം ഇടപ്പാട് പറഞ്ഞു തുടങ്ങി:
”ഈ കഥ നടക്കുന്നത് ഒരു ഗ്രാമത്തിലാണ്. ആ ഗ്രാമത്തിൽ വലിയൊരു ജന്മി ഉണ്ടായിരുന്നു. പേര് ഭാർഗ്ഗവൻ. എന്തു ക്രൂരതയും ചെയ്യാൻ മടിക്കാത്തവൻ. അവനെ ചുറ്റിപ്പറ്റി കാവൽ നായ്ക്കളെപ്പോലെ എന്തിനും പോന്ന ഗുണ്ടകളും. ഈ ഗ്രാമത്തിലേക്ക് തൊഴിൽ തേടി ഒരു യുവാവ് എത്തുന്നു. അവന്റെ പേര് മോഹനൻ. മോഹനൻ സുമുഖനാണ്. അധ്വാനിയാണ്. മുതലാളിയുടെ കൂടെ അവൻ ജോലിക്ക് ചേർന്നു ഒരു പ്രത്യേക വ്യവസ്ഥയിൽ.”
”എന്താണാ പ്രത്യേക വ്യവസ്ഥ”?
”കൊല്ലത്തിൽ ഒരിക്കലേ കൂലി നൽകൂ.”
”അതു കൊള്ളാമല്ലോ.”
പാവം മോഹനൻ അതു സമ്മതിച്ചു. വയലിൽ എല്ലു മുറിയെ പണിയെടുത്തു. അക്കൊല്ലം നല്ല വിളവും കിട്ടി…
”ഇതിൽ റൊമാൻസ് ഇല്ലേടോ?”
”മുതലാളിയുടെ മകളുമായി റൊമാൻസ് ഉണ്ട്. പക്ഷേ വൺലൈൻ പറയുമ്പോൾ അത് അപ്രസക്തമായതുകൊണ്ട് വിട്ടുകളഞ്ഞതാണ്.”
”ഓകെ. കണ്ടിന്യു”
”വർഷാവസാനം കൂലിയ്ക്കായി മുതലാളിയെ സമീപിച്ചപ്പോൾ അയാളുടെ തനിനിറം പുറത്തു വന്നു. ഒരേ വലിപ്പമുള്ള രണ്ട് കലങ്ങൾ എടുത്ത് മോഹനന്റെ കൈയിൽ കൊടുത്തിട്ട് ഒരു കലം മറ്റേതിൽ ഇറക്കാൻ പറഞ്ഞു.പാവം മോഹനൻ വാപൊളിച്ചു പോയി. അതു കൂടി ചെയ്താലേ കൂലി കൊടുക്കുകയൊള്ളു എന്ന് മുതലാളി തീർത്തു പറഞ്ഞു.”
”ഈ മോഹനനാണോ കഥയിലെ നായകൻ.?”
”ഒരിക്കലുമല്ല. മോഹനൻ വിഷമത്തോടെ ഒന്നുമില്ലാത്തവനെപ്പോലെ നാട്ടിലേക്ക് വണ്ടി കയറി. അയാൾ സമ്പാദിച്ച് വരുന്നതും കാത്ത് ഇരുന്ന കുടുംബം ഈ വഞ്ചനയുടെ കഥ കേട്ട് ഞെട്ടിപ്പോയി. മോഹനന്റെ അനുജനായ നാരായണൻ പ്രതികാരത്തിന് ഒരുങ്ങി. ചേട്ടൻ അനുജനോട് പറഞ്ഞു വേണ്ട അനുജാ അയാൾ ഭയങ്കര ദുഷ്ടനാണ്. നിന്നെ അയാൾ കൊല്ലും.”
”അപ്പോൾ അനുജനാണ് നായകൻ?”
”അതെ സാർ. അനുജൻ നാരായണൻ എന്തിനും പോന്ന ഒരു കൂറ്റനാണ്. അയാൾ ഗ്രാമത്തിലെത്തി ഭാർഗ്ഗവന്റെ വയലിൽ ജോലിക്ക് ചേർന്നു. വർഷാവസാനം എത്തി. പതിവുപോലെ ഭാർഗ്ഗവൻ കലം എടുത്ത് കലത്തിൽ ഇറക്കാൻ പറഞ്ഞു.”
”എന്നിട്ടയാൾ ഇറക്കിയോ?.”
”ഇറക്കി. ഒരു കലം പൊട്ടിച്ച് മറ്റേ കലത്തിൽ ഇറക്കിക്കൊടുത്തു. ഭാർഗ്ഗവൻ ഞെട്ടിപ്പോയി. ഉടനെ ഭാർഗ്ഗവൻ അടുത്ത നമ്പർ ഇറക്കി നോക്കി.”
”എന്തു നമ്പർ?”
”ഭാർഗ്ഗവന് അയാളുടെ തലയുടെ തൂക്കമെത്രയെന്ന് അറിയണം പോലും.”
”എന്നിട്ട് നാരായണൻ തല തൂക്കിയോ?”
”പിന്നില്ലാതെ. നാരായണൻ ഒരു വാക്കത്തിയെടുത്തിട്ട് പറഞ്ഞു മുതലാളീ ആ തല ഇങ്ങ് കുനിച്ചേ. ഞാനത് വെട്ടിയെടുത്ത് തൂക്കി പറയാം. ഭാർഗ്ഗവനത് കേട്ട് ഞെട്ടിപ്പോയി. അയാൾ ഗുണ്ടകളുടെ നേർക്ക് അലറി ഇവനെ പിടിച്ച് കെട്ട്. ”
ഈ സമയത്ത് കെ ആർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
”ബാക്കി ഞാൻ പറയാം… തുടർന്ന് സ്റ്റണ്ട് ഒടുക്കം നായകൻ ജയിച്ചു. ചേട്ടന്റെ കിട്ടാനുള്ള പണവും വാങ്ങി ചേട്ടത്തിഅമ്മയേയും കൂട്ടി നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കഥ തീരുന്നു ശരിയല്ലേ”
”വളരെ ശരിയാണ് സാർ”
”ഹേയ് മിസ്റ്റർ. താങ്കളുടെ തലയ്ക്ക് ഓളമുണ്ടോ? എടോ ഇത് ചില ബാല പ്രസിദ്ധീകരണങ്ങളിൽ വരുന്ന കഥപോലെ ഉണ്ടല്ലോ. ഇതിൽ എന്തു സിനിമയാണ് ഉള്ളത് എന്റെ സമയം വെറുതേ വേസ്റ്റാക്കിയത് മിച്ചം.”
”ഈ കഥയിൽ ജീവിതമുണ്ട് സാർ. സാറത് ശ്രദ്ധിച്ചിരുന്നുവെങ്കിൽ മനസ്സിലായേനേ”
”എന്ത് ജീവിതം?”
”ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ട് സാർ”
”മനസിലായില്ല?”
”ഈ കഥയിലെ ക്രൂരനായ ഭാർഗ്ഗവൻ സത്യത്തിൽ അങ്ങു തന്നെയാണ് മോഹനൻ ഹരീന്ദ്രനും… പ്രതികാരം ചെയ്യാൻ വന്ന അനുജൻ നാരായണൻ ഞാൻ തന്നെയാണ്. ഇന്ദ്രജിത്ത് ഇടപ്പാട്.”
”നീ പറഞ്ഞു വരുന്നത്?”
”അതേടാ! നീ ചതിച്ചുവിട്ട പാവം ഹരീന്ദ്രന്റെ അനുജനാടാ ഞാൻ. എന്റെ പാവം ചേട്ടൻ. രാവും പകലും അധ്വാനിച്ച് ഊണും ഉറക്കവും ഉപേക്ഷിച്ച് എഴുതിയ തിരക്കഥ നീ തട്ടിയെടുത്ത് സിനിമ പിടിച്ച് ദേശീയ അവാർഡ് മേടിച്ചു… ഞാനും നിന്റെയടുത്ത് കഥ പറയാൻ വന്നതാണെന്ന് നീ കരുതി അല്ലേ?”
”അപ്പോൾ നീയാ തെണ്ടിയുടെ അനുജനാണല്ലേ..”
”അതേടാ”
”നിനക്ക് കെ ആറിനെ അറിയില്ല. ഞാനിപ്പോൾ പോലീസിനെ വിളിക്കും…”
”അത് വേണ്ടി വരും, നിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കാൻ.”
”എന്താണ് നിന്റെ ഭാവം.”
”ഇതു തന്നെ.”
”അയ്യോ കത്തി”
”ശബ്ദിക്കരുത്.”
”അനിയാ അവിവേകം ഒന്നും കാണിക്കരുത്? ഞാൻ നിന്റെ ചേട്ടന്റെ തിരക്കഥ പൂർണ്ണമായും എടുത്തിട്ടില്ല.”
”പിന്നെ?”
”ത്രെഡ് മാത്രം”
”തന്നെപ്പോലെ ഒരു സൂത്രശാലിക്ക് അതു തന്നെ ധാരാളമല്ലേ…”
”നമുക്ക് എന്തിനും പരിഹാരം ഉണ്ടാക്കാം.”
”എന്ത് പരിഹാരം?”
”ഞാൻ നിന്റെ ചേട്ടന് കോമ്പൻസേഷൻ തരാം.”
”എത്ര തരും?”
”ആയിരം രൂപാ തരാം.”
”ആയിരമോ. നീയാ കഥയുടെ തമിഴ് റ്റൈറ്റ് വിറ്റ വകയിൽ എത്ര നേടി?.”
”അത്”
”ഞാൻ പറയാം. 50 ലക്ഷം. എല്ലാംകൂടി രണ്ട് കോടിയിലധികം ലാഭം കിട്ടിയില്ലേ?”
”ഇതൊക്കെ നിനക്കെങ്ങനെ അറിയാം.?”
”എനിക്കെല്ലാം അറിയാം.”
”നിനക്ക് എത്രയാ വേണ്ടത്.?”
”പത്തു ലക്ഷം മതി.”
”പത്തു ലക്ഷമോ. നടക്കില്ല.”
”പത്തുലക്ഷം തന്നില്ലെങ്കിൽ താനും നടക്കില്ല. ഞാൻ കിടത്തും. ഇത് ഇന്ദ്രജിത്താണ്.”
”ഇതിൽ മാന്യതയില്ല!”
”മാന്യന്മാരോട്മാത്രം മതി മാന്യത”
”കുറച്ചെങ്കിലും അഡ്ജസ്റ്റ് ചെയ്തുകൂടെ.”
”തന്റെ ജീവന് 10 ലക്ഷം കുറഞ്ഞ വിലയാണോ?”
”നീ കത്തി മാറ്റ് ഞാൻ ചെക്ക് എഴുതി തരാം.”
”സിനിമയിലെ തരികിട ഇവിടെ ഇറക്കല്ലേ.”
”ഇല്ലാ. ഇതാ 10 ലക്ഷത്തിന്റെ ചെക്ക്…”
”അതു മാത്രം പോരാ…”
”പിന്നെ?”
”ഈ അൻപതു രൂപാ പത്രത്തിൽ എന്റെ ചേട്ടന് കഥയുടെ പ്രതിഫലമായി 10 ലക്ഷം രൂപായുടെ ചെക്ക് നൽകുന്നതായി എഴുതിത്തരണം.”
”നാശം ഇങ്ങ് തരൂ.” മുദ്രപത്രം.
”സാറിനെപ്പോലെയുള്ള വലിയ ഫ്രോഡുകളുടെ അടുത്ത് ഒരു ചെറിയ ഫ്രോഡ് എന്ന് കരുതിയാൽ മതി.”
”ഇത് മതിയോ?”
”ധാരാളം. ഇനി ഞാൻ പോട്ടേ സാർ. ഇടയ്ക്കിടെ വരാം.”
”ഇനി ഇങ്ങോട്ട് വരണ്ട…”
”എല്ലാം സാറിന്റെ ഇഷ്ടം… ഇനി ടൗണിൽ പോണം. സാറിന്റെ സിനിമ മാറ്റിനി കണ്ടശേഷമേ തിരിച്ച് നാട്ടിലേക്കുള്ളു. എന്തെങ്കിലും പ്രത്യുപകാരം ചെയ്യേണ്ടേ… ബൈ…”
”നാശം പോയ് തുലയ്.”
വാതിൽ വലിച്ചടയ്ക്കുന്നു.
അകന്നുപോകുന്ന കാലടിയൊച്ച
കട്ട് ഇറ്റ്
പാക്കപ്പ്.

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി. പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത്...