ബിപിൻ ചന്ദ്രൻ
” കിഴവൻ കിഴവിയെ സ്കൂട്ടറിന്റെയോ മോട്ടോർ സൈക്കിളിന്റെയോ പിറകിലിരുത്തി പോകുന്നത്. ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പോകുന്നതു കാണാൻ കൊള്ളാം. വൃദ്ധ ദമ്പതികളുടെ യാത്ര അസഹനീയം.”
ഇത് ഞാൻ പറഞ്ഞതല്ല.
പറഞ്ഞിരുന്നെങ്കിൽ ഈ പോസ്റ്റിനടിയിൽ നടക്കുമായിരുന്ന പൊങ്കാലയുടെ പൂരം ഒന്ന് ഊഹിച്ചു നോക്കിക്കേ.
ഈ ചോദ്യം ചോദിക്കുകയും അതിന് സ്വന്തമായി ഉത്തരം നൽകുകയും ചെയ്തയാളുടെ ജന്മശതാബ്ദിയാണിന്ന്.
1990 മുതൽ കലാകൗമുദിയിലും ടി.എം. ജേക്കബിന്റെയും ബേബി ജോണിന്റെയും മുഖചിത്രമുള്ള പിറന്നാൾ പതിപ്പ് മുതൽ സമകാലിക മലയാളം വാരികയിലും എം. കൃഷ്ണൻ നായർ സാറിൻ്റെ സാഹിത്യവാരഫലം പതിവായി വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതു മുഴുവൻ ഒരു ലക്കം പോലും വിടാതെ അടുക്കിക്കെട്ടി വച്ചിട്ടുമുണ്ട്.
അജയൻ തെന്മലയും കെ.ജി ദേവപ്രിയനും ചേർന്ന് എഡിറ്റ് ചെയ്ത് മർമ്മരം പബ്ലിക്കേഷൻസ് പുറത്തിറക്കിയ സാഹിത്യവാരഫലം പുസ്തകം മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് വിലകൊടുത്ത് വാങ്ങുകയും നിധി പോലെ ഇപ്പോഴും സൂക്ഷിക്കുകയും ചെയ്യുന്നവനാണ്.
എഴുപതുകളിലെ മലയാളനാട് മുതൽ എൺപതുകളിലെ കലാകൗമുദി വരെ ഉള്ളവ കയ്യിലില്ല അത് ഉടനെ ലഭ്യമാകും എന്ന സന്തോഷത്തിലാണിപ്പോൾ.
മാതൃഭൂമി ബുക്സ് സാഹിത്യവാരഫലം മൊത്തമായി പുറത്തിറക്കാൻ പോകുന്നത്രേ.
2023 – ൽ നിന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്തായിരുന്നു ആ കോളത്തിന്റെ പ്രസക്തി.
മതമൗലികവാദികളെയും ഒറ്റ നടനെ മാത്രം ആരാധിക്കുന്ന സിനിമാപ്രേമികളെയും പോലെയാണ് പലപ്പോഴും സാഹിത്യ വാരഫലത്തെക്കു റിച്ചുള്ള അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള ഭൂരിപക്ഷം പേരും പലപ്പോഴും സംസാരിച്ചിട്ടുള്ളത്.
ഒന്നുകിൽ കടുത്ത ആരാധന.
അല്ലെങ്കിൽ മുടിഞ്ഞ തെറി.
സാഹിത്യവാരഫലത്തിന് അക്കാലത്ത് ഒരു സാമൂഹ്യധർമ്മം നിർവഹിക്കാനുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നുവച്ച്
കൃഷ്ണൻ നായർ സാറിൻ്റെ വാക്കുകളിലുണ്ടായിരുന്ന ഒരുപാട് മൂരാച്ചിത്തരങ്ങളും മനുഷ്യവിരുദ്ധതകളും തൊണ്ടതൊടാതെ വിഴുങ്ങുന്നയാളാണെന്ന് കരുതേണ്ടതുമില്ല.
ഇൻറർനെറ്റ് സോഴ്സുകളോ സാമൂഹ്യ മാധ്യമങ്ങളോ ഇന്നത്തെപ്പോലെ തുണ നിൽക്കാനില്ലാതിരുന്ന കാലത്ത് വിശ്വസാഹിത്യത്തിലെ ഒരുപാട് കൃതികളിലേക്ക് സാധാരണ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയെന്ന വലിയ ധർമ്മം ആ കോളം നിറവേറ്റി.
കൃഷ്ണൻ നായർ സാർ മലയാളവിമർശനത്തിന്റെ മുഖച്ഛായ തന്നെ മാറ്റി എന്ന് വിശ്വസിക്കുന്ന ഒരുപാട് പേർ ഇന്നുമുണ്ട്.
അദ്ദേഹത്തെ ഒരു വിമർശകനായേ പരിഗണിക്കേണ്ട എന്ന് അഭിപ്രായമുള്ളവരുമുണ്ട്.
താൻ വിമർശനമല്ല വെറും ലിറ്റററി ജേണലിസമാണ് കൈകാര്യം ചെയ്യുന്നതെന്ന് വാരഫലക്കാരൻ തന്നെ പണ്ടേയ്ക്കു പണ്ടേ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്.
വാരഫലം സൂപ്പർ ഹിറ്റ് ആയിട്ട് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കൃഷ്ണൻ നായർ സാറിൻ്റെ ചില ലേഖന സമാഹാരങ്ങളും പുറത്തുവന്നിരുന്നു. പ്രഭാത് ബുക്സ് പുറത്തിറക്കിയ ഒരു ശബ്ദത്തിൽ ഒരു രാഗം, ഡിസി ബുക്സ് പുറത്തിറക്കിയ സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ തുടങ്ങിയ പുസ്തകങ്ങൾ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഇവയുടെ ഒന്നും റീപ്രിന്റുകൾ പുറത്തിറങ്ങാത്തത് എന്തുകൊണ്ട് എന്നുകൂടി ആലോചിക്കണം.
മലയാള വിമർശനസാഹിത്യത്തെ സംബന്ധിച്ചിടത്തോളം അമൂല്യനിധികളാണ് അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങൾ എന്ന് കരുതുന്നവനല്ല ഈയുള്ളവൻ.
സാഹിത്യവിദ്യാർഥികൾ കേസരിയെയോ മാരാരെയോ മുണ്ടശ്ശേരിയെയോ കെ. ഭാസ്കരൻ നായരെയോ കെ.പി. അപ്പനെയോ നരേന്ദ്രപ്രസാദിനെയോ ആർ. വിശ്വനാഥനെയോ വായിക്കുന്ന/ പഠിക്കുന്ന ഗൗരവത്തിൽ കൃഷ്ണൻ നായർ സാറിൻ്റെ എഴുത്തുകളെ പരിഗണിക്കുമെന്ന് തോന്നുന്നില്ല.
വി.രാജകൃഷ്ണനോ കെ പി ശങ്കരനോ വി.സി. ഹാരിസോ പി.കെ. രാജശേഖരനോ വി.സി ശ്രീജനോ പ്രദീപൻ പാമ്പിരിക്കുന്നോ പി പവിത്രനോ ടി.ടി. ശ്രീകുമാറോ എസ്.എസ് ശ്രീകുമാറോ ബാലചന്ദ്രൻ വടക്കേടത്തോ പി.കെ. പോക്കറോ കെ.എൻ ഗണേശോ എം. ഗംഗാധരനോ കെ.സി.നാരായണനോ കൽപ്പറ്റ നാരായണനോ എസ്.ശാരദക്കുട്ടിയോ ഗീതയോ സജയ് കെ.വി.യോ മനോജ് കുറൂരോ ആത്മാരാമനോ പി.സോമനോ വി.വിജയകുമാറോ ഇ.വി. രാമകൃഷ്ണനോ ഇ.പി രാജഗോപാലനോ എൻ.ശശിധരനോ അജു കെ നാരായണനോ പി.എസ്. രാധാകൃഷ്ണനോ രാജേഷ് ചിറപ്പാടോ ( ഒരു ലോഡ് പേരുകൾ ഇനിയും എഴുതാനുണ്ട് ) ഒക്കെ എഴുതിയതൊന്ന് വായിച്ചു പോലും നോക്കാതെ മലയാള വിമർശനം മരിച്ചേ എന്നൊക്കെ വിലപിക്കുന്ന കൃഷ്ണൻ നായർ ഫാൻസ് ഇപ്പോഴുമുണ്ട്.
അത്തരം ഫാൻസ് നിരത്തുന്ന കാരണങ്ങളല്ല വാരഫലത്തിന്റെ പ്രസക്തി എന്ന് ഞാൻ കരുതുന്നു.
വാരഫലത്തിലെ വ്യക്തിഹത്യയുടെ ഭാഷ ഇപ്പോഴും പുസ്തകാഭിപ്രായങ്ങളിൽ പ്രകടിപ്പിക്കുന്ന ഒരുപാട് പേരെ സാമൂഹ്യ മാധ്യമങ്ങളിൽ കാണാം.
തങ്ങൾ എന്തോ വലിയ സാമൂഹ്യ സേവനമാണ് ചെയ്യുന്നതെന്ന മട്ടിൽ അന്തിമവിധികർത്താക്കളായി സ്വയം സ്ഥാപിച്ച് ഇഷ്ടപ്പെടാത്തതിനെയൊക്കെ കൊന്നു കൊലവിളിക്കുന്ന ചിലർ.
വിമർശനം/വായന എന്നതിൻ്റെ സത്ത ഈ കൊലവിളിയാണ് എന്ന തെറ്റായ ധാരണ പലരിലും പരത്തുന്നതിൽ വാരഫലത്തിന്റെ സമീപനം വലിയൊരു ( ദു:) സ്വാധീനമായിരുന്നു.
വ്യക്തിപരമായ സൗന്ദര്യ പക്ഷപാതങ്ങളോട് കൂടിത്തന്നെ ഒരു സിനിമയെയോ സാഹിത്യകൃതിയെയോ മറ്റ് കലാസൃഷ്ടികളെയോ ആഴത്തിൽ വായിച്ചെടുക്കുന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്ന് പലരും മനസ്സിലാക്കുന്നില്ല.
വാക്കുകളിലൂടെ വെറുപ്പും ഇരുട്ടും ദുർഗന്ധവും പരത്തുന്നതും സ്വയം ഗുരുവും ജഡ്ജിയും ചമയുന്നതും എത്രത്തോളം പരിഹാസ്യമാണെന്ന് പലർക്കും പിടികിട്ടുന്നില്ല എന്നതാണ് സത്യം. പക്ഷേ ചില കാര്യങ്ങളിൽ സാഹിത്യവാരഫലം തെളിച്ച വെളിച്ചങ്ങൾ അവരുടെ എഴുത്തുകളിൽ കാണാനുമില്ല.
വലിയ ഒച്ചപ്പാടുണ്ടാക്കി വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ എന്തൊക്കെയോ പുലമ്പി ഇരുട്ടിലേക്ക് മറഞ്ഞ ചിലമ്പിനേത്ത് കാളിയുടയാൻ ചന്ത്രക്കാരൻ എന്ന അന്ധകാരമൂർത്തിയുടെ ഓർമ്മയാണ് പലപ്പോഴും ഇത്തരം സാഹിത്യഭർത്സനം നടത്തുന്നവരുടെ എഴുത്ത് മനസ്സിലുണർത്തുന്നത്.
പുരീഷം പുരട്ടിയ പദങ്ങൾ ഇഷ്ടമില്ലാത്തതിന് നേരെയെല്ലാം വലിച്ചെറിയുമ്പോൾ തങ്ങൾ വലിയ കേമന്മാരും കേമികളുമാണെന്ന അബദ്ധധാരണ പലർക്കുമുണ്ടാകുന്നതിൽ കൃഷ്ണൻ നായർ സാർ ഇപ്പോഴും അബോധമായ പ്രേരണയാകുന്നുണ്ട് എന്ന് തോന്നുന്നു.
വി.സി.ഹാരിസ് ജോൺ എബ്രഹാമിന്റെ നേർച്ചക്കോഴി എന്ന കഥയെയും മേതിൽ രാധാകൃഷ്ണന്റെ ഹിച്ച്കോക്കിന്റെ ഇടപെടൽ എന്ന നോവലെറ്റിനെയും വായിച്ചെടുത്തത് എങ്ങനെ എന്ന് ഒന്ന് പരിശോധിച്ചു നോക്കുക. അതിനുശേഷം വെറും പള്ളുപറച്ചിലാണോ നിരൂപണത്തിന്റെ മൂല്യം നിർണയിക്കുക എന്ന് സ്വയം മനസ്സിലാക്കുക എന്നേ അത്തരക്കാരോട് പറയാനുള്ളൂ.
( പെട്ടെന്ന് മനസ്സിൽ തോന്നിയ രണ്ടുദാഹരണങ്ങൾ പറഞ്ഞു എന്നേയുള്ളൂ )
പുതുമ ഇഷ്ടപ്പെടാത്തവർ മാരാരെ വായിച്ചാലും മതിയാകും.
നല്ല സാഹിത്യം/ ചീത്ത സാഹിത്യം എന്നിങ്ങനെ ധ്വംസനത്തിന്റെ ഭാഷാഖഡ്ഗംകൊണ്ടു വെട്ടിമുറിച്ച് കള്ളിതിരിച്ച് വിധി പറയുന്നതിനേക്കാൾ നമ്മളുമായി കണക്ട് ചെയ്യുന്ന സാഹിത്യം/ കണക്ട് ചെയ്യാത്ത സാഹിത്യം എന്ന മട്ടിൽ എഴുത്തുകളെ നോക്കിക്കാണാൻ താല്പര്യപ്പെടുന്ന ഒരാളാണ് ഞാൻ.
മറ്റൊരാളുടെ എഴുത്തിന്റെ മസ്തകത്തിൽ ആഞ്ഞടിക്കുന്നതാകാം മറ്റൊരാൾക്ക് കൂടുതൽ രസം. പ്രതിജനഭിന്നവിചിത്രവഴികളാണല്ലോ ആസ്വാദനത്തിനുള്ളത്.
വിദേശപദങ്ങളുടെ ഉച്ചാരണകാര്യത്തിൽ അദ്ദേഹം വല്ലാത്ത നിർബന്ധബുദ്ധി പുലർത്തിയിരുന്നു.
പക്ഷേ ടോക്കിംഗ് ഡിക്ഷണറികൾ ഏതു മൊബൈലിലും ലഭ്യമായ ഇക്കാലത്ത് അദ്ദേഹം സൂചിപ്പിച്ചിരുന്ന പല ഉച്ചാരണങ്ങളും ശരിയല്ലായിരുന്നു എന്ന് നാം തിരിച്ചറിയുന്നുണ്ട്.
ഭാഷയിലെ ശരിയും തെറ്റും പറഞ്ഞ് കർക്കശബുദ്ധിയോടെ തിരുത്തൽവാദികളാകുന്ന പലരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. എല്ലാത്തിനെയും പുച്ഛത്തോടെ തിരുത്താൻ നിൽക്കുന്നവരുടെ എഴുത്തിലും ധാരാളം തെറ്റുകൾ ചൂണ്ടിക്കാട്ടാൻ കഴിയും. പൂർണ്ണമായും ശരിയായ ഭാഷ മാത്രം ഉപയോഗിച്ചിട്ടുള്ള ഒരാളുമില്ല എന്ന് പറയേണ്ടിവരും.
വല്ലപ്പോഴും കാണുന്ന ഒരു തെറ്റായ പദത്തിൻ്റെയോ പ്രയോഗത്തിന്റെയോ പേരിൽ എഴുത്തുകാരെ മൊത്തം അപഹസിക്കാൻ നിൽക്കുന്നവരുടെ മനോഭാവം പലപ്പോഴും ഇതാണ്.
ഈ തെറ്റൊക്കെ കണ്ടുപിടിക്കുന്ന കേമനായ/കേമിയായ എന്നെക്കാൾ എന്ത് മെച്ചമാണ് ഈ ആഘോഷിക്കപ്പെടുന്ന എഴുത്തുകാർക്കുള്ളത്.
എന്തെങ്കിലും തരത്തിൽ തങ്ങളെ സ്വാധീനിക്കാതെ ആരും ആരെയും ആഘോഷിക്കാൻ നിൽക്കാറില്ല എന്നതാണ് സത്യം.
നിങ്ങൾ മസാലദോശയേ തിന്നൂ എന്നുവച്ച് ചിക്കൻ ബിരിയാണി ആഘോഷമായി കഴിക്കുന്ന ഒരുത്തൻ എങ്ങനെയാണ് ആസ്വാദനത്തിൽ താഴെയാകുന്നത്.
ഭിന്നരുചിർഹി ലോക: എന്ന തത്ത്വമൊക്കെ ഇക്കാലത്തും പറഞ്ഞു പഠിപ്പിക്കേണ്ടി വരുന്നത് വലിയ കഷ്ടമാണ്.
പന്മന രാമചന്ദ്രൻ നായരെപ്പോലുള്ള ഭാഷാപണ്ഡിതർ നമുക്ക് ആവശ്യമാണ്.
പക്ഷേ ആഖ്യയും ആഖ്യാതവും അറിയാത്ത ബഷീർമാർ കൂടിയാണ് ഭാഷയെയും സാഹിത്യത്തെയും വളർത്തുന്നത് എന്ന് മറക്കരുത്.
പല ശാഠ്യങ്ങളും ബലംപിടുത്തങ്ങളും നടത്തുമ്പോഴും സാഹിത്യവാരഫലക്കാരന് വൈയാകരണന്മാരുടെ കർക്കശനിയമങ്ങൾക്കപ്പുറം കടക്കുന്ന എഴുത്തിന്റെ സൗന്ദര്യാത്മകതയിൽ വിശ്വാസമുണ്ടായിരുന്നു.
കൃഷ്ണൻ നായർ ശൈലിയെ മിമിക്ക് ചെയ്ത് എഴുത്തിന്റെ നൈസർഗ്ഗിക സൗന്ദര്യത്തെ കൊച്ചാക്കാൻ നിൽക്കുന്നവർ അക്കാര്യം കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ഒരു സാഹിത്യവിമർശകൻ എന്നുള്ള നിലയിൽ കൃഷ്ണൻ നായർ സാറിനെ അനർഹമായ പീഠത്തിൽ പ്രതിഷ്ഠിക്കാൻ ഉദ്ദേശിക്കാത്തപ്പോഴും സാഹിത്യവാരഫലം നിർവഹിച്ച ചില സാമൂഹ്യധർമ്മങ്ങളുടെ പേരിൽ അത് വീണ്ടും വായിക്കപ്പെടണം/വിലയിരുത്തപ്പെടണം എന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ.
മലയാളി കാണാത്ത വിശ്വസാഹിത്യത്തിന്റെ വാതായനങ്ങൾ തുറന്നിട്ടു എന്നത് മാത്രമല്ല അതിൻ്റെ പ്രസക്തി.
വായനയിലേക്കോ അതിൻ്റെ ആഴങ്ങളിലേക്കോ ഒരു കാരണവശാലും എത്താൻ സാധ്യതയില്ലായിരുന്ന ഒരുപാട് മലയാളികളെ വൈവിധ്യപൂർണ്ണമായ കൃതികളിലേക്ക് വാരഫലം കൈ പിടിച്ചടുപ്പിച്ചു എന്നത് ചെറിയൊരു കാര്യമായി തള്ളിക്കളയാൻ കഴിയില്ല.
കോളത്തിന്റെ പാരായണക്ഷമത നിലനിർത്താൻ അദ്ദേഹം കാണിച്ച ഗിമ്മിക്കുകളെയും നമ്പറുകളെയും പുതിയ വായനക്കാർ നിശിതമായി വിമർശിക്കുക തന്നെ ചെയ്യും.
തർക്കമില്ലാത്ത കാര്യമാണത്.
പക്ഷേ, പലപ്പോഴും എഴുത്തിലെ പുത്തൻപുതുമകളെ (ആ പ്രയോഗത്തിന് സ്കറിയ സക്കറിയ സാറിനോട് കടപ്പാട് ) പരിചയപ്പെടുത്തിയ പ്രവാചകനെന്ന നിലയിൽ കൃഷ്ണൻനായർ സാറിനുള്ള സ്ഥാനം അപ്പോഴും റദ്ദാക്കപ്പെടുന്നുമില്ല.
പിന്തിരിപ്പൻ പ്രസ്താവനകളുടെയും പ്രതിലോമകരങ്ങളായ ചിന്താഗതികളുടെയും പേരിൽ അറു പഴഞ്ചനെന്ന് വേണമെങ്കിൽ നമുക്കദ്ദേഹത്തെ വിലയിരുത്താം.
പക്ഷേ അങ്ങനെയൊരു അന്തിമവിധികല്പനയ്ക്കപ്പുറമുള്ള മൂല്യം അദ്ദേഹത്തിന്റെ കോളത്തിൽ പല കാരണങ്ങളാലുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒപ്പം അതിലെ വിധ്വംസകതയുടെ ഭാഷയെ ആദരിക്കുന്നുമില്ല.
കറുപ്പ്/വെളുപ്പ്, നന്മ/തിന്മ, ഉദാത്തം/അപകൃഷ്ടം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിൽ മാത്രമല്ലല്ലോ ഒരു കാര്യം വിലയിരുത്തപ്പെടേണ്ടത്.
മാതൃഭൂമി ബുക്സ് ജൂലൈയിൽ സാഹിത്യ വാരഫലം സമ്പൂർണ്ണത്തിന്റെ പ്രീ ബുക്കിംഗ് തുടങ്ങും എന്ന് കേൾക്കുന്നു.
ആദ്യം തന്നെ ഞാനത് ബുക്ക് ചെയ്യും.
കാരണമെന്താണെന്നോ ?
പി.കെ.രാജശേഖരനാണ് അതിൻ്റെ എഡിറ്റർ എന്നത് ഒരു വലിയ കാരണം തന്നെയാണ്.
എന്തൊക്കെ കുറ്റങ്ങളും കുറവുകളും നിലനിൽക്കുമ്പോഴും നാലു പതിറ്റാണ്ടുകളിലെ
എഴുത്തിന്റെയും വായനയുടെയും ചരിത്രം ചികയാനുതകുന്ന അനന്യമായൊരു നാൾവഴിപ്പുസ്തകമായിരിക്കുമതെന്ന് എനിക്കുറപ്പുണ്ട്.
മലയാളിയായ ഒരു സാഹിത്യപ്രേമിക്കും ഒഴിവാക്കാനാവാത്ത എഴുത്തിന്റെ ഒരു ക്രോണിക്കിൾ.
ലോകസാഹിത്യത്തിൽത്തന്നെ ഇത്രയും വർഷം തുടർച്ചയായി നിലനിന്ന, ഇങ്ങനെയൊരു മോഡൽ എടുത്തു വയ്ക്കാനുണ്ടാകില്ല.
————————
” മിക്ക സ്ത്രീകളും വിവാഹം കഴിഞ്ഞാലുടൻ വൃദ്ധകളാകുന്നത്എന്തു
കൊണ്ട് ? “
” കല്യാണം കഴിച്ചുകൊണ്ടു പോകുന്നത് വെമ്പായം, വെളിയം, കോത്താഴം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കിൽ യുവതി പെട്ടെന്നു വൃദ്ധയാകും. ഞാൻ ആ സ്ഥലങ്ങളിലുള്ളവരെ ആക്ഷേപിക്കുകയല്ല. ഗ്രാമപ്രദേശങ്ങൾ സ്ത്രീസൗന്ദര്യത്തെയും യൗവനത്തെയും ഇല്ലാതാക്കും എന്നേ എനിക്കു പറയാനുള്ളൂ. അതേ സ്ത്രീകൾ പട്ടണത്തിൽ താമസിക്കുകയാണെങ്കിൽ അത്രയ്ക്കു വൃദ്ധകളാകുകയില്ല.”
———————–
“വൃദ്ധൻ ചെറുപ്പക്കാരിയെ വിവാഹം കഴിച്ചാൽ ?”
“കണ്ണു കാണാത്തവൻ വിലകൂടിയ പുസ്തകം വാങ്ങിയാൽ അയാളതു വായിക്കില്ല. അടുത്ത വീട്ടുകാരൻ വായിക്കും.”
———————–
“ഭർത്താവിനെ അലട്ടുന്നവരാണ് ഭാര്യമാരെന്നു പറയുന്നത് ശരിയാണോ ?”
“സോക്രട്ടീസിനെ അദ്ദേഹത്തിന്റെ ഭാര്യ അലട്ടിയിരുന്നു. ടോൾസ്റ്റോയി വീട്ടിൽ നിന്നിറങ്ങി ഓടിയതും പിന്നീട് തീവണ്ടിയാപ്പീസിൽ കിടന്നു മരിച്ചതും ഭാര്യയുടെ കുറ്റപ്പെടുത്തൽ കൊണ്ടാണ്. എബ്രഹാം ലിങ്കൻ ഇങ്ങനെ വിഷമിച്ചിരുന്നു. പിന്നെ എല്ലാ സ്ത്രീകളും പുരുഷന്മാരെ കുറ്റപ്പെടുത്തുന്നവരാണെന്ന നിങ്ങളുടെ അഭിപ്രായം ശരിയല്ല. പതിനെട്ടുവയസ്സിനു താഴെയുള്ള പെണ്ണുങ്ങൾക്ക് ആ ദോഷമില്ല. അവർ വിവാഹം കഴിച്ചവരായിരിക്കില്ല.”
——————-
“നവവധുവിനെക്കുറിച്ച് നവവരനു പുച്ഛം തോന്നുന്നത് എപ്പോൾ തൊട്ട് ?”
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കു പോകാൻ കാറിൽ കയറിയാലുടൻ ഛർദ്ദിക്കാൻ തുടങ്ങുന്ന വധുവിനോട് അയാൾക്ക് പുച്ഛമല്ലാതെ മറ്റെന്ത് തോന്നാൻ.”
————-
*മധുരമന്ദസ്മിതം കൊണ്ടു വല്ല പ്രയോജനവുമുണ്ടോ സാറേ.?”
“അത്.. സുന്ദരിയായ തരുണിയുടെ ചുണ്ടിലാണെങ്കിൽ ഏതു തിരക്കുള്ള ബസ്സിലും അവർക്കു കയറാം. നൂറുരൂപ നോട്ടിനു ചില്ലറ ഉടനെ കൊടുക്കും കടയുടമസ്ഥൻ, പുരുഷനു ആറുമാസം കഴിഞ്ഞാലും കിട്ടാത്ത പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള കടം ഒരുനിമിഷം കൊണ്ട് അവൾക്കു കിട്ടും.”
——————
“ആദർശാത്മക ഭർത്താവ് ?”
“ഭാര്യയുടെ സാരി ദിവസവും വാഷ് ചെയ്ത് ഇസ്തിരിയിട്ട് കൊടുക്കുന്നവൻ.”
————–
‘ചില പുരുഷന്മാർ കൂടെക്കൂടെ ഭാര്യമാരോടു ശണ്ഠകൂടുന്നത് എന്തുകൊണ്ട് ?”
അവർക്കു മറ്റു സ്ത്രീകളോടു കൗതുകം തോന്നിത്തുടങ്ങിയതുകൊണ്ട്.
———————
“വീട്ടിൽ വന്നു ഭാര്യയെ എടുത്തിട്ട് ചവിട്ടുന്നതോ?’
“ഭാര്യയെക്കാൾ സൗന്ദര്യമുള്ളവർ ഓഫീസിൽ ഉള്ളതുകൊണ്ട്”
———————
” ഭർത്താവിനെ എപ്പോഴും പുകഴ്ത്തുകയും അയാൾക്ക് സമയം തെറ്റാതെ കാപ്പിയും മറ്റും കൊടുക്കുന്നവളാണ് താനെന്നു പറയുകയും ചെയ്യുന്ന ഭാര്യയെക്കുറിച്ച് എന്തുപറയുന്നു?”
“അവൾ അയാളെ വെറുക്കുന്നുവെന്ന്. കൃത്യസമയത്തല്ല, ഒരിക്കലും ഒന്നും ശരിയായി നല്കുന്നില്ല എന്ന്”
——————-
“സ്ത്രീകൾ പൊതുവേ സംശയമുള്ളവരാണ്. വിശേഷിച്ചും ഭർത്താക്കന്മാരെ. അല്ലേ?”
“പൊതുവേ അല്ല. മിക്ക സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാരെ അറിയാം. അറിഞ്ഞുകൂടെന്നു ഭാവിക്കുകയാണ്. അവർ”
——————–
“അഡൾറ്ററി എന്നാൽ എന്ത് ?”
” പരപുരുഷഗമനമോ പരസ്ത്രീഗമനമോ അഡൾറ്ററിയല്ല. അത് ശാരീരികാവശ്യത്തിന്റെ പേരിലുള്ള വേഴ്ചയാണ്. എന്നാൽ ബസ്സിൽ തൊട്ടുതൊട്ടു നില്ക്കുന്നത്. ഫയലിലെ സംശയം തീർക്കാൻ പുരുഷന്റെ തോളിന്റെ മുകളിൽക്കൂടി ശരീരം വളച്ചുവച്ച് വിരൽ കടലാസ്സിൽ ഊന്നി സ്ത്രീ ഓരോന്നു ചോദിക്കുന്നത്. മേശപ്പുറത്ത് കമിഴ്ന്നുകിടന്ന് മുൻവശത്തിരിക്കുന്നവർക്ക് നെഞ്ചും പിൻവശത്തിരിക്കുന്നവർക്ക് നിതംബവും പ്രോമിനൻറായി കാണിക്കുന്നത്. കുഞ്ഞിനെ സ്ത്രീയുടെ കൈയിൽനിന്നു വാങ്ങുമ്പോൾ അറിഞ്ഞില്ലെന്ന മട്ടിൽ അവളുടെ കയിൽ ബലമായി പുരുഷൻ തൊടുന്നത്. ഇവയെല്ലാം അഡൾറ്ററിയാണ്.”
—————————
“വസ്ത്രം, ആഭരണം ഇവ കൊണ്ടു ശരീരം മോടിപിടിപ്പിക്കാതെ നടക്കുന്ന യുവതിയെ യുവാവ് ബഹുമാനിക്കുമോ?”
“സ്വന്തം ഭാര്യയൊഴിച്ച് മറ്റു സ്ത്രീകൾ മോടിയായി നടക്കുന്നതു പുരുഷന് ഇഷ്ടമാണ്. ഭാര്യ ഒരുങ്ങുന്നതു ഭർത്താവിന് ഇഷ്ടമല്ല.”
———————————–
ഇമ്മാതിരി ഐറ്റങ്ങൾ കൊണ്ടു കൂടിയായിരുന്നു സാഹിത്യവാരഫലം പലതരത്തിലുള്ള വായനക്കാരെ അതിലേക്ക് വലിച്ചടുപ്പിച്ചത്.
ഇതിൻ്റെ പേരിൽ മാത്രമല്ല കൃഷ്ണൻ നായർ എന്ന വ്യക്തിയും വിമർശകനും കോളമിസ്റ്റും വിലയിരുത്തപ്പെടേണ്ടത്. പക്ഷേ,
വിശ്വസാഹിത്യത്തിലെ അമൂല്യരത്നങ്ങൾ പെറുക്കിയെടുത്ത് മലയാളികൾക്ക് പരിചയപ്പെടുത്തിത്തന്ന ആൾ എന്ന നിലയിൽ മനസ്സിലാക്കുമ്പോഴും മേൽപ്പറഞ്ഞ കമന്റുകളുടെ പേരിലും അദ്ദേഹം പരിശോധിക്കപ്പെടേണ്ടതുണ്ട് താനും.
കൃഷ്ണൻ നായർ സാറിൻ്റെ പ്രിയപ്പെട്ട കവിയായിരുന്നു ചങ്ങമ്പുഴ.
“ഒരുപകുതി പ്രജ്ഞയിൽ
നിഴലും നിലാവും ,
മറുപകുതി പ്രജ്ഞയിൽ കരിപൂശിയവാവും.”
എന്നെഴുതിയത് ചങ്ങമ്പുഴയാണല്ലോ