ചുവന്ന മറുക്

ലബോറട്ടറി അസിസ്റ്റന്‍റിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ട് അയാള്‍ ധൃതിയില്‍ കൈ കഴുകി. അയാള്‍ കുറച്ചു ദിവസങ്ങള്‍ അവധിയിലായിരിക്കും. അടുത്തയാഴ്ചയാണ് അയാളുടെ വിവാഹം.

അതിനുള്ള ഒരുക്കങ്ങള്‍ അയാള്‍ക്ക് ചെയ്യാനുണ്ടായിരുന്നു ശാസ്ത്രത്തെ ഏറെ സ്നേഹിച്ച തനിക്ക് അതിനേക്കാളും സ്നേഹം തന്‍റെ പ്രിയതമക്കു നല്‍കാന്‍ കഴിയുമോ എന്ന് അയാള്‍ക്കു തന്നെ അറിയില്ലായിരുന്നു. എന്നാല്‍ ശാസ്ത്രത്തിനുവേണ്ടി അവളെ ഉപേക്ഷിക്കാനും അയാള്‍ തയ്യാറായിരുന്നില്ല.
പ്രപഞ്ചശക്തിയേക്കാളും ശാസ്ത്രത്തിന്‍റെ കഴിവില്‍ വിശ്വസിച്ച് എയ്ല്‍മര്‍ എന്ന ശാസ്ത്രജ്ഞനും നമ്മുടെ കഥാനായികയായ ജിയോര്‍ജിയാനയും ദിവസങ്ങള്‍ക്കുശേഷം ഒരുമിച്ച് ജീവിതയാത്ര തുടങ്ങി.

ഒരു ദിവസം അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിയിരുന്ന അയാള്‍ പെട്ടെന്ന് അസ്വസ്ഥനായി.
അയാള്‍ ചോദിച്ചു,”ജിയോ, നിന്‍റെ കവിളിലെ ഈ മറുക് മാഞ്ഞുപോകണമെന്ന് നീ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലേ?”
ജിയോര്‍ജിയ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു,”ഇല്ല.” ഭര്‍ത്താവിന്‍റെ ചോദ്യത്തിലെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് അവള്‍ തുടര്‍ന്നു,”ഈ മറുക്, അതെന്‍റെ മുഖത്തിന് ചേരുന്ന ഒന്നായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.”

“അല്ല, മറ്റാരുടെയെങ്കിലും മുഖത്തിനേ ഇത് ചേരൂ. നീ മറ്റൊരു കുറവുമില്ലാത്തവളാണ്. പക്ഷെ ഈ മറുക്… അതെന്നെ വല്ലാതെ അലട്ടുന്നു,”എയ്ല്‍മര്‍ പറഞ്ഞു.
ഭര്‍ത്താവിന്‍റെ വാക്കുകള്‍ കേട്ട് അവള്‍ ഞെട്ടി. അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. “എന്ത്? എന്താണീപ്പറയുന്നത്? എങ്കിലെന്തിനെന്നെ വിവാഹം കഴിച്ചു? നിങ്ങളെ അലട്ടുന്ന ഈ മറുകുള്ള മുഖത്തെ നിങ്ങള്‍ക്കെങ്ങനെ സ്നേഹിക്കാന്‍ കഴിയും?”

അവളുടെ ഇടത്തേ കവിളിലായിരുന്നു കട്ടിയുള്ള ചുവന്ന മറുകുണ്ടായിരുന്നത്. അതിന് ഒരു കൈപ്പത്തിയുടെ ആകൃതിയായിരുന്നു. മഞ്ഞുകട്ടയിലെ ചുവന്ന അടയാളം പോലെയായിരുന്നു അവളുടെ വെളുത്ത മുഖത്തില്‍ ആ മറുക്.

ആ സംഭാഷണം അവിടെ അവസാനിച്ചെങ്കിലും ഭര്‍ത്താവിന്‍റെ സ്നേഹത്തിന് വലിയ വില കല്‍പ്പിച്ചിരുന്ന അവളുടെ മനസ്സ് വളരെ അസ്വസ്ഥമായി. കോളേജില്‍ പഠിക്കുന്ന കാലത്ത് പല പുരുഷന്മാരും ചുവന്ന മറുകുള്ള തന്‍റെ കവിളില്‍ ചുംബിക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യം അവളുടെ ഓര്‍മ്മയില്‍ ഓടിയെത്തി.

എന്നാല്‍ ചില പുരുഷന്മാര്‍ മറുക് കണ്ട് വെറുപ്പോടെ മുഖം തിരിച്ചിരുന്നു. ഇപ്പോള്‍ എയ്ല്‍മറും അവരെപ്പോലെയാണ് പെരുമാറുന്നത്. വിവാഹത്തിന് മുമ്പ് അയാള്‍ക്ക് മറുകുകൊണ്ട് ഒരു പ്രശ്നവുമില്ലായിരുന്നു.
ഒരിക്കലും മായാത്ത വൈരൂപ്യത്തിന്‍റെ അടയാളമാണ് ഭാര്യയുടെ കവിളിലെ ചുവന്ന മറുകെന്ന് എയ്ല്‍മറിന് തോന്നി. പിറ്റേന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് വിളമ്പിക്കൊടുത്തുകൊണ്ട് വിളറിയ ചിരിയോടെ ജിയോര്‍ജിയാന ഭര്‍ത്താവിനോട് ചോദിച്ചു,”ഇന്നലെ മറുകിനെപ്പറ്റി സ്വപ്നം കണ്ടു, അല്ലേ?”

താന്‍ മറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന നശിച്ച സ്വപ്നത്തെപ്പറ്റി ഇവളെങ്ങനെ അറിഞ്ഞുവെന്നോര്‍ത്ത് അയാള്‍ പരിഭ്രാന്തനായി പറഞ്ഞു,”ഇല്ല, സ്വപ്നമോ? എന്ത് സ്വപ്നം?” സ്വപ്നത്തില്‍ അയാള്‍ പുലമ്പിയതെല്ലാം താന്‍ കേട്ടുവെന്ന് അവള്‍ പറഞ്ഞു.

അയാള്‍ അവധി കഴിഞ്ഞ് അന്ന് ലബോറട്ടറിയില്‍ തിരിച്ചെത്തി. അയാളുടെ ചിന്ത മുഴുവന്‍ സ്വപ്നത്തെക്കുറിച്ചായിരുന്നു. മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്തോറും മറുക് ജിയോര്‍ജിയാനയുടെ ശരീരത്തിന്‍റെ ഉള്ളിലേക്കിറങ്ങി ഹൃദയത്തിലൊട്ടിപ്പിടിച്ചതായിട്ടായിരുന്നു അയാള്‍ കണ്ട സ്വപ്നം.
അന്നുരാത്രി അവള്‍ അയാളോട് പറഞ്ഞു,”എന്‍റെ മുഖം വികൃതമായാലും എന്‍റെ ആരോഗ്യം നശിച്ചാലും സാരമില്ല. ഈ മറുക് എങ്ങനെയെങ്കിലും മായ്ച്ചുകളയണം.”

“പ്രിയപ്പെട്ട ജിയോ, നിന്‍റെ ഭര്‍ത്താവ് ശാസ്ത്രത്തില്‍ വിജയം നേടിയവനാണ്. എനിക്കത് നിഷ്പ്രയാസം സാധിക്കും,”എയ്ല്‍മര്‍ പറഞ്ഞു.

“ജീവിതം മുഴുവന്‍ ഈ മറുക് കണ്ട് അങ്ങ് അസ്വസ്ഥനാകുന്നത് കാണാന്‍ എനിക്ക് കരുത്തില്ല. നിങ്ങളുടെയും എന്‍റെയും സമാധാനത്തിനുവേണ്ടി ഞാനെന്തിനും തയ്യാറാണ്,”അവള്‍ കരഞ്ഞുകൊണ്ട് അയാളെ കെട്ടിപ്പിടിച്ചു.

അവളുടെ വലത്തേ കവിളില്‍ ചുംബിച്ചുകൊണ്ട് അയാള്‍ പറഞ്ഞു,”എനിക്കെന്‍റെ ശാസ്ത്രത്തില്‍ ഉറച്ച വിശ്വാസമാണ്. നമ്മള്‍ ജയിക്കും.”
അടുത്ത ദിവസം ഭര്‍ത്താവിനോടൊപ്പം അവളും ലബോറട്ടറിയിലെത്തി. എയ്ല്‍മര്‍ പരീക്ഷണശാലയില്‍ കയറി. അവള്‍ ക്ഷമയോടെ കാത്തിരുന്നു. സമയം കളയാന്‍ അവള്‍ ശാസ്ത്രമാഗസിനുകള്‍ മറിച്ചുനോക്കി. രണ്ടുമൂന്നു മണിക്കൂറുകള്‍ കഴിഞ്ഞ് അയാള്‍ അവളുടെയടുത്തെത്തി.

അയാളുടെ കൈയിലുള്ള ഗ്ലാസില്‍ നിറമില്ലാത്ത ഒരു ദ്രാവകമുണ്ടായിരുന്നു.
ആ ദ്രാവകത്തില്‍ നിന്നും അല്‍പ്പമെടുത്ത് അയാള്‍ ഫ്ളവര്‍വേസിലെ വാടിത്തുടങ്ങിയ പൂവിലൊഴിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പൂവിന്‍റെ വാട്ടം മാറി അത് ശോഭയോടെ വിടര്‍ന്നു. “എന്‍റെ മുന്നില്‍ തെളിയിച്ചു കാട്ടുകയൊന്നും വേണ്ട. ഇങ്ങുതരൂ. വിഷമായാലും അങ്ങ് തരുന്നത് ഞാന്‍ കുടിക്കും,”ജിയോര്‍ജിയാന ഗ്ലാസ് വാങ്ങി കുടിച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ഉറക്കമായി.
എയ്ല്‍മര്‍ അവളുടെ അടുത്തിരുന്ന് അവളെ സസൂക്ഷ്മം ശ്രദ്ധിച്ചു. അവളുടെ ഓരോ ശ്വാസവും ശ്രദ്ധിച്ചു. ഓരോ ശ്വാസത്തോടുമൊപ്പം അവളുടെ മറുകിന്‍റെ നിറം കുറഞ്ഞുവരുന്നത് അയാള്‍ കണ്ടു. “അത് മാഞ്ഞുപോകുന്നു. ഞാന്‍ ജയിച്ചു,”അയാള്‍ ഉറക്കെപ്പറഞ്ഞു.

അവളുടെ മുഖം നന്നായി കാണാന്‍ അയാള്‍ ജനാല തുറന്നിട്ടു. ശബ്ദം കേട്ടുണര്‍ന്ന ജിയോര്‍ജിയാന ഭര്‍ത്താവിന്‍റെ കൈയിലെ കണ്ണാടിയില്‍ തന്‍റെ മുഖം നോക്കി.
തന്‍റെ മുഖത്തെ അടയാളം മാഞ്ഞുപോകുന്നത് അവള്‍ കണ്ടു, “എയ്ല്‍മര്‍, അങ്ങ് ജയിച്ചു. പക്ഷെ അങ്ങേക്ക് വിലപ്പെട്ട ഒന്ന് നഷ്ടപ്പെടാന്‍ പോകുന്നു. ഞാന്‍… ഞാന്‍… പോകുന്നു,”അവളുടെ അവസാനത്തെ ശ്വാസത്തോടൊപ്പം മറുക് പൂര്‍ണമായി മാഞ്ഞു.

അര്‍ത്ഥമില്ലാത്ത പൂര്‍ണതയ്ക്കുവേണ്ടി എയ്ല്‍മര്‍ അവളുടെ ശരീരം കുരുതികഴിച്ചു. അവളുടെ മനസ്സിന്‍റെ പൂര്‍ണത കാണാന്‍ അയാള്‍ക്കായില്ല.

ആരുടെയും ശരീരത്തിന് പൂര്‍ണത (പെര്‍ഫെക്ഷന്‍) ഇല്ല. ആര്‍ക്കും മരണത്തില്‍ നിന്നും മോചനവുമില്ല. ദൈവകരത്തിന്‍റെ അടയാളമായ ആ മറുക് അവള്‍ക്കൊപ്പം പ്രപഞ്ചത്തില്‍ ലയിച്ചു. — വിവർത്തനം-ടി എസ് രാജശ്രീ

(പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധഅമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ നാതാനിയല്‍ ഹോതോണിൻ്റെ ‘ബെര്‍ത്ത്മാര്‍ക്ക്’ എന്ന കഥയുടെ വിവര്‍ത്തനമാണിത്. മനുഷ്യജീവിതം നശ്വരമാണ്, മനുഷ്യശരീരം ഒരിക്കലും പൂര്‍ണതയുള്ളതല്ല എന്നീ നഗ്നസത്യങ്ങള്‍ എടുത്തുകാട്ടുന്ന കഥയുടെ ഇതിവൃത്തം പ്രകൃതിയെ വെല്ലാന്‍ ശാസ്ത്രത്തെ ഉപയോഗിച്ചാലുള്ള ദുരന്തമാണ്.)

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി. പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത്...