-റ്റി. എസ്. രാജശ്രീ
ലോക കരൾ ദിനം എല്ലാ വർഷവും ഏപ്രിൽ 19 ന് ആചരിക്കുന്നു, കരളിൻ്റെ ആരോഗ്യം നിലനിർത്തുക എന്ന പ്രധാനപ്പെട്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ വിഷയത്തെ ദിനം ഓർമ്മിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ 3.17% അല്ലെങ്കിൽ ഏകദേശം 268,580 കരൾ രോഗങ്ങൾ മൂലമാണ്.
ഈ വർഷം, 2023-ലെ ലോക കരൾ ദിനത്തിന്റെ തീം “ജാഗ്രത പുലർത്തുക, പതിവായി കരൾ പരിശോധന നടത്തുക, ഫാറ്റി ലിവർ ആരെയും ബാധിക്കും” എന്നതാണ്. അമിതവണ്ണം (അമിതഭാരം), ഇൻസുലിൻ പ്രതിരോധം (പ്രമേഹം), അമിതമായ മദ്യപാനം തുടങ്ങിയ അപകടസാധ്യത ഘടകങ്ങൾ പരിഗണിക്കാതെ, ഫാറ്റി ലിവർ ആരെയും ബാധിക്കുമെന്നതിനാൽ, പതിവ് കരൾ പരിശോധനയുടെ പരിശീലനത്തിന് ഊന്നൽ നൽകുന്നതാണ് തീം.
ഇന്ത്യയിലെ സമീപകാല പഠനങ്ങൾ കാണിക്കുന്നത് 75% നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD; അൽപ്പം അല്ലെങ്കിൽ മദ്യം കഴിക്കാത്ത രോഗികളിൽ ഉണ്ടാകുന്ന കരൾ രോഗം) കുറഞ്ഞ ബോഡി മാസ് ഇൻഡക്സ് (<25 kg/m2) ഉള്ള രോഗികളിൽ കാണപ്പെടുന്നു.
കരൾ രോഗ ബോധവൽക്കരണത്തിൻ്റെ ആവശ്യകതയും കരൾ രോഗ ഗവേഷണത്തിൽ വിഭവങ്ങളുടെ നിക്ഷേപവും ഊന്നിപ്പറയുന്നതിന് ലോകാരോഗ്യ സംഘടന (WHO) ലോക കരൾ ദിനത്തിന് തുടക്കം കുറിച്ചു. 2012 ഏപ്രിൽ 19 ന് ഇത് ആദ്യമായി ഔദ്യോഗികമായി ആചരിക്കപ്പെട്ടു, എല്ലാ വർഷവും, നിരവധി ആരോഗ്യ സംഘടനകൾ, ആശുപത്രികൾ, കരൾ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ ലോക കരൾ ദിനത്തെ അനുസ്മരിക്കാൻ വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു.
നട്ടെല്ലുള്ള എല്ലാ ജീവികളിലും ഉള്ള ആന്തരികഅവയവമാണ് കരള്‍. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണിത്. വയറിനു മുകളില്‍ വലതുവശത്തായി വാരിയെല്ലുകള്‍ക്കു താഴെയാണ് കരളിന്റെ സ്ഥാനം. ചുവപ്പും ബ്രൗണും കലര്‍ന്ന നിറമാണ് കരളിന്. മനുഷ്യന്റെ കരളിന് ഏതാണ്ട് ഒന്നര കിലോഗ്രാം ഭാരമുണ്ടാകും. ഏതുസമയത്തും കരളില്‍ അരലിറ്ററോളം രക്തമുണ്ടായിരിക്കും.
കരളിന്റെ പ്രത്യേകത
നല്ല സഹനശേഷിയും പുനരുജ്ജീവനശേഷിയുമുള്ള അവയവമാണ് കരള്‍. മുക്കാല്‍ഭാഗത്തോളം നശിച്ചുകഴിഞ്ഞാലും മുഴുവന്‍ പ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ കരള്‍ നടത്തിക്കൊണ്ടേയിരിക്കും. കരളിന്റെ കുറച്ചുഭാഗം മുറിച്ചുമാറ്റിയാലും കരള്‍ വീണ്ടും വളര്‍ന്നുവരും.
സ്ഥാനം കൊണ്ടും ധര്‍മ്മം കൊണ്ടും ശരീരത്തിലെ മിക്ക പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്നത് കരളാണ്. കരളിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ അതായത് അതിനെന്തെങ്കിലും അസുഖം ബാധിച്ചാല്‍ ശരീരത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കും. രോഗബാധിതമായാലും എല്ലാ ധര്‍മ്മങ്ങളും പരമാവധി നിര്‍വ്വഹിക്കാന്‍ കരള്‍ നന്നായി ശ്രമിക്കുകയും ചെയ്യും. പിടിച്ചുനില്‍ക്കാനുള്ള ശേഷി ഈ അവയവത്തിന് വളരെ കൂടുതലാണ്.
കരളിന്റെ പ്രധാന ധര്‍മ്മങ്ങള്‍
കരളിന് അഞ്ഞൂറോളം ധര്‍മ്മങ്ങള്‍ ദിവസവും നിര്‍വ്വഹിക്കാനുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ പറയാം. കരള്‍ ദഹനത്തിനാവശ്യമായ സ്രവങ്ങളുണ്ടാക്കുന്നു. ശരീരത്തിനുവേണ്ട കൊളസ്ട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്നു. എണ്പതു ശതമാനം കൊളസ്ട്രോളും കരളാണ് നിര്‍മ്മിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നില സംതുലനം ചെയ്യുന്നു. ചില അമിനോആസിഡുകള്‍ ഉണ്ടാക്കുന്നു. രക്തത്തിലെ വിഷവസ്തുക്കളെ അരിച്ചുമാറ്റുന്നു. രക്തത്തിലെ അമോണിയയെ യൂറിയയാക്കുന്നു. ചില വിറ്റാമിനുകളും ധാതുക്കളും ശേഖരിച്ചുവെയ്ക്കുന്നു. ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്നു. ശരീരത്തിന് സ്വാഭാവികമായ പ്രതിരോധശേഷി നല്‍കുന്നതിലും കരളിന് പ്രധാന പങ്കുണ്ട്.
ബൈല്രസം
ദഹനത്തെ സഹായിക്കുന്ന ബൈല്‍ എന്ന രസമുണ്ടാക്കുന്നത് കരളാണ്. പച്ചയും മഞ്ഞയും കലര്‍ന്ന കൊഴുത്ത ദ്രാവകമാണ് ബൈല്‍. കരള്‍ നിര്‍മ്മിക്കുന്ന ഈ രസം പിത്തസഞ്ചിയിലാണ് ശേഖരിക്കപ്പെടുന്നത്. ഭക്ഷണത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കാന്‍ ബൈല്‍ ഉപയോഗിക്കപ്പെടുന്നു.
കേടായാല്‍ മൊത്തം പ്രശ്നം
ശരീരത്തിലെ ഏതാണ്ട് മിക്ക പ്രവര്‍ത്തനങ്ങളിലും കരള്‍ പങ്കുവഹിക്കുന്നതുകൊണ്ട് കരളിന് സംഭവിക്കുന്ന തകരാറ് ശരീരത്തെ മൊത്തത്തില്‍ ബാധിക്കും. ക്ഷീണം, വിശപ്പില്ലായ്മ, ഛര്‍ദ്ദി, അടിവയര്‍വേദന, തൊലിക്കും കണ്ണുകള്‍ക്കും മഞ്ഞനിറം തുടങ്ങിയവയാണ് കരളിന്റെ രോഗലക്ഷണങ്ങള്‍. കരളിന്റെ രോഗം ഗുരുതരമായാല്‍ ശരീരത്തില്‍ വിഷാംശം കൂടുകയും ചിലപ്പോള്‍ രോഗി അബോധാവസ്ഥയിലാവുകയും ചെയ്യും. കരളിനെ സംബന്ധിക്കുന്ന മെഡിക്കല്വാക്കുകള് ഹെപ്പറ്റോ, ഹെപ്പറ്റിക് എന്നിവയിലാണ് തുടങ്ങുന്നത്. ഈ വാക്കുകളുടെ ഉത്ഭവം കരള്‍ എന്ന അര്‍ത്ഥമുള്ള ഹെപ്പര്‍ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ്.
വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു
ശരീരത്തിലെ രക്തം മുഴുവന്‍ കരളിലൂടെ കടന്നുപോകുന്നുണ്ട്. രക്തത്തില്‍ എന്തെങ്കിലും വിഷാംശം അടങ്ങിയിട്ടുണ്ടെങ്കില്‍ കരള്‍ അവയെ നീക്കം ചെയ്യുന്നു. നശിച്ച കോശങ്ങള്‍, പഴയ ഹോര്‍മോണ്‍, മരുന്നിലെ വിഷാംശങ്ങള്‍, പ്രോട്ടീന്‍ തുടങ്ങിയവയെയെല്ലാം കരള്‍ അരിച്ച് നീക്കുന്നു. കരളിന് കേടുസംഭവിക്കുമ്പോള് ഈ പ്രവര്‍ത്തനം നിന്നുപോകുന്നതുകൊണ്ടാണ് ശരീരത്തില്‍ വിഷാംശം വര്‍ദ്ധിക്കുന്നത്.
ഊര്‍ജ്ജദാതാവ്
ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നാണ് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത്. ഈ കാര്‍ബോഹൈഡ്രേറ്റുകള്‍ കരളില്‍വെച്ച് ഗ്ലൂക്കോസായി മാറുകയും ഊര്‍ജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ആവശ്യത്തില്‍ കൂടുതലുള്ള ഗ്ലൂക്കോസ് ഗ്ലൈക്കോജനായി ‘സ്റ്റോക്ക്’ ചെയ്യപ്പെടുന്നു. ശരീരത്തിന് പെട്ടെന്ന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ കരളില്‍ ശേഖരിക്കപ്പെട്ട ഗ്ലൈക്കോജന്‍ ഗ്ലൂക്കോസായി മാറുന്നു. ഈ ഗ്ലൂക്കോസിനെ ശരീരം ഊര്‍ജ്ജമാക്കി മാറ്റിയെടുക്കുന്നു. കരളിന് രോഗം ബാധിച്ചാല്‍ ഗ്ലൈക്കോജന്‍ ശരിയായി ശേഖരിക്കപ്പെടുകയുമില്ല, ശരീരത്തിന് ക്ഷീണമനുഭവപ്പെടുകയും ചെയ്യും.
ആരോഗ്യമുള്ള കരള്‍
നല്ല ജീവിതശൈലി പാലിച്ചാല്‍ കരളിനെ ആരോഗ്യമുള്ളതാക്കി നിലനിര്‍ത്താവുന്നതാണ്. മദ്യപാനവും ലഹരിപദാര്‍ത്ഥങ്ങളും ഉപേക്ഷിക്കുക, പോഷകമടങ്ങിയ ആഹാരം ദിവസവും കഴിക്കുക, വ്യായാമങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക, ടെന്‍ഷന്‍ കുറയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍തന്നെ കരളിനെ ‘ഹെല്‍ത്തി’ ആയി സൂക്ഷിക്കാവുന്നതാണ്.