ജാലവിദ്യകളുടെ പൊരുള്‍ എന്നും രഹസ്യം

ടി എസ് രാജശ്രീ

തലയില്‍ ഒരു തൊപ്പിയും കോട്ടും സ്യൂട്ടും ധരിച്ച് ഒരു കൈയില്‍ മാന്ത്രികവടിയും മറ്റേ കൈയില്‍ കൈലേസും പിടിച്ചുകൊണ്ട് നില്‍ക്കുന്ന രൂപമാണ് മജീഷ്യന്‍ അല്ലെങ്കില്‍ മാന്ത്രികന്‍ എന്നു പറയുമ്പോള്‍ ഓര്‍മ്മ വരിക.

തൊപ്പിയ്ക്കകത്തുനിന്നും മുയലിനെ എടുക്കുന്ന മജീഷ്യന്‍ ശരിക്കും ഒരു ഹീറോ തന്നെ.

അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കുന്ന രീതിയില്‍ ചെയ്തു കാണിച്ച് ആളുകളെ അമ്പരിപ്പിക്കുന്ന സൂത്രവിദ്യയാണ് മാജിക് അഥവാ മായാജാലം.

മായാജാലം കാട്ടുന്നയാളാണ് മജീഷ്യന്‍ അഥവാ മായാജാലക്കാരന്‍.

മാജി എന്ന ലാറ്റിന്‍ ഭാഷയിലുള്ള വാക്കില്‍ നിന്നാണ് മാജിക് എന്ന വാക്കുണ്ടായത്.

ഓരോ മജീഷ്യന്മാര്‍ക്കും വ്യത്യസ്ത വിദ്യകളായിരിക്കും കാണിക്കാനുണ്ടാവുക.

കണ്‍കെട്ടുവിദ്യകള്‍ കാണിക്കുന്ന മായാജാലക്കാരന്‍ കാണികള്‍ക്ക് എന്നു വിസ്മയം തന്നെ.

പണ്ടുപണ്ട് തന്നെ മാജിക് ഉണ്ടായിരുന്നത്രേ.

മായാജാലത്തിന്‍റെ ചരിത്രത്തിന് ഏകദേശം 52,000 വര്‍ഷത്തെ പഴക്കമുണ്ട്.

പുരാതനകാലത്ത് നായാട്ടിന് പോകുന്നവര്‍ ചെയ്തിരുന്ന ഒരു കാര്യമെന്താണെന്നറിയാമോ ?

മൃഗങ്ങളെ വേട്ടയാടുന്ന ചിത്രങ്ങള്‍ ഗുഹയുടെ ചുവരുകളിലും മറ്റും വരച്ചിടും.

പിന്നീട് നായാട്ടിന് പോകുമ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ജീവന്‍ വെയ്ക്കുമെന്നവര്‍ വിശ്വസിച്ചു.

അതായത് വരച്ച കാര്യങ്ങള്‍ സത്യമാകുമെന്നവര്‍ കരുതി. അങ്ങനെയൊന്നും സംഭവിച്ചില്ല.

പക്ഷെ ഈ ചിത്രങ്ങള്‍ അവര്‍ക്ക് ആത്മവിശ്വാസമേകിയിരുന്നു.

അവര്‍ക്ക് ഇതൊരു മായാജാലമായിരുന്നു.

മായാജാലം വിളസമൃദ്ധിയും സമ്മാനങ്ങളും കൊണ്ടുവരുമെന്ന് ഈജിപ്റ്റിലെ ആളുകള്‍ വിശ്വസിച്ചിരുന്നു.

സ്വപ്നങ്ങള്‍ വിശകലനം ചെയ്ത് ഭാവി പറയുന്നത് ഗ്രീക്കുകാരുടേയും റോമാക്കാരുടേയും പതിവായിരുന്നു.

യൂറോപ്യന്മാരും മാജിക്കില്‍ വിശ്വസിച്ചിരുന്നു.

പക്ഷെ മായാജാലം പാപമാണെന്നും അവര്‍ കരുതി.

അവര്‍ രണ്ട് വിശിഷ്ടവസ്തുക്കള്‍ക്കായി അന്വേഷണം നടത്തിയിരുന്നു.

ഒന്ന് മാന്ത്രികക്കല്ല്.

ഈ കല്ല് കൊണ്ട് ഇരുമ്പ്, ചെമ്പ് തുടങ്ങിയ ലോഹങ്ങളെ സ്വര്‍ണമാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കപ്പെട്ടു.

മറ്റൊരു വിശിഷ്ടവസ്തു അമൃതായിരുന്നു.

ആയുസ്സിനും ആരോഗ്യത്തിനുമുള്ള ഔഷധം.

ഇത്തരത്തിലുള്ള കഥകള്‍ ഭാരതപുരാണത്തിലും ധാരാളമായുണ്ട്.

ദേവന്മാരും ഗന്ധര്‍വ്വന്മാരും മായാജാലക്കാരായിരുന്നു.

ജാലവിദ്യകള്‍ കൊണ്ട് ഞൊടിയിടയില്‍ എല്ലാം മാറ്റിമറിക്കുന്ന വിദ്യകള്‍ അവര്‍ക്കറിയാമായിരുന്നു.

ബിസി 1500-ാം ആണ്ടോടെ ലോകത്തിലെല്ലായിടത്തും മായാജാല വിശ്വാസങ്ങള്‍ക്ക് ശക്തി കൂടി.

അഭ്യസ്തവിദ്യരും മായാജാലത്തില്‍ മയങ്ങിപ്പോയി.

ശാസ്ത്രത്തിന്‍റെ പുരോഗതി ചില മായാവിദ്യകളിലുള്ള വിശ്വാസം ഇല്ലാതാക്കി.

മായാജാലം യാഥാര്‍ത്ഥ്യമല്ലെന്നും മനസ്സിന്‍റെ കബളിപ്പിക്കുന്ന ചില സൂത്രങ്ങള്‍ മാത്രമാണെന്നും ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി.

പതിനെട്ടാം നൂറ്റാണ്ടു മുതല്‍ മജീഷ്യന്മാരെ ലോകം അംഗീകരിച്ചുതുടങ്ങി.

വലിയ ജനക്കൂട്ടത്തിന് മുമ്പില്‍ അവതരിപ്പിച്ചിരുന്ന മാജിക് ഇന്ന് ടെലിവിഷനിലും പ്രദര്‍ശിപ്പിച്ചുതുടങ്ങിയിരിക്കുന്നു.

ഇന്നത്തെ കാലത്ത് മാനസികഉല്ലാസത്തിനാണ് മായാജാലം അവതരിപ്പിക്കപ്പെടുന്നത്.

ജാലവിദ്യക്കാരന്‍ സദസ്സിനെ വിസ്മയങ്ങള്‍ കൊണ്ട് കീഴ് പെടുത്തുന്നു.

ഒഴിഞ്ഞ ബക്കറ്റില്‍ നിന്നും പ്രാവിനെ എടുക്കുന്ന, വായുവില്‍ നിന്ന് പൂ എടുക്കുന്ന മായാജാലക്കാരന്‍ ജാലവിദ്യയില്‍ ശരിക്കും തഴക്കം വന്നയാളാണ്.

ചിലര്‍ നാണയം, പ്രാവ് തുടങ്ങിയവയെ അപ്രത്യക്ഷമാക്കുന്നു. മറ്റൊരു വിദ്യയാണ് കര്‍ച്ചീഫിന്‍റെ നിറം മാറ്റുകയെന്നത്.

ഒരു സാധനത്തെ തല്ലിപ്പൊട്ടിച്ച ശേഷം ആ സാധനത്തെ പഴയതു പോലെയാക്കിത്തീര്‍ക്കുക എന്നതും വിസ്മയവിദ്യകളില്‍ ഒന്നാണ്.

മജീഷ്യന്‍ ചിലപ്പോള്‍ ഒരിടത്തുനിന്നെടുക്കുന്ന സാധനം വായുവിലേക്കെറിഞ്ഞ ശേഷം അതിനെ മറ്റൊരിടത്തുനിന്നും എടുക്കുന്നു.

അപകടകരമായ രീതിയിലുള്ള വിദ്യകള്‍ കാണിക്കുന്നവരുമുണ്ട്.

നാളത്തെ പത്രത്തിലെ പ്രധാന വാര്‍ത്ത പ്രവചിക്കുക, ഒരാള്‍ വരച്ച ചിത്രം കാണാതെ ഏതെന്ന് പറയുക തുടങ്ങി പലതും ഇന്നത്തെ മജീഷ്യന്മാര്‍ കാണിക്കുന്ന വിദ്യകളാണ്.

സൂത്രവിദ്യകള്‍, ബുദ്ധി, കരവിരുത് എന്നിവയുപയോഗിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മായാജാലക്കാര്‍ തങ്ങളുടെ ജാലവിദ്യകളുടെ പൊരുള്‍ രഹസ്യമാക്കിത്തന്നെവെയ്ക്കുന്നു.

അവര്‍ക്ക് വിജയം നേടാന്‍ രഹസ്യം സൂക്ഷിക്കുന്നതിലൂടെ മാത്രമേ കഴിയുകയുള്ളു.

രഹസ്യം പുറത്തായാല്‍ അത് മാജിക്കിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്നു.

രഹസ്യം വെളിപ്പെടുത്താതിരുന്നാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അത് ആസ്വദിക്കാന്‍ കഴിയുകയുള്ളു.

മാജിക് രഹസ്യങ്ങള്‍ പുറത്താക്കരുതെന്ന പ്രതിജ്ഞ ഓരോ മായാജാലക്കാരനും എടുത്തിരിക്കേണ്ടതാണ്.

കൂടാതെ അതേപടി പ്രവര്‍ത്തിക്കുകയും വേണം.

ഇത് മജീഷ്യന്‍ സംഘടനകള്‍ നല്‍കുന്ന കര്‍ശനനിര്‍ദ്ദേശമാണ്.

ഇവര്‍ എടുക്കുന്ന പ്രതിജ്ഞ ഇപ്രകാരമാണ് : “ഒരു മജീഷ്യന്‍ എന്ന നിലക്ക് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു, മജീഷ്യനല്ലാത്ത മറ്റൊരാളുമായി മാജിക് രഹസ്യങ്ങള്‍ ഒരിക്കലും ഞാന്‍ പങ്കുവെയ്ക്കുകയില്ല. മാജിക് സൂത്രങ്ങള്‍ മജീഷ്യനല്ലാത്ത ഒരാളുടെ മുമ്പില്‍വെച്ച് ഞാന്‍ പരിശീലിക്കുകയുമില്ല.”

ഒരു മജീഷ്യന്‍ ജീവിതം മുഴുവന്‍ ഈ പ്രതിജ്ഞ പാലിക്കേണ്ടതുമാണ്.

രഹസ്യ പുറത്താക്കുന്ന മജീഷ്യന്മാരെ മറ്റ് മജീഷ്യന്മാര്‍ പുതിയ വിദ്യകള്‍ പഠിപ്പിക്കാറില്ല.

മാജിക് പഠിക്കാനിഷ്ടമുള്ള വിശ്വസ്തരായ ആളുകള്‍ക്ക് രഹസ്യങ്ങള്‍ കൈമാറുന്നതില്‍ വിരോധമില്ല.

മാജിക്കുകളെക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങളില്‍ നിന്നും പല സൂത്രങ്ങളും ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്.

മാത്രമല്ല, ഇന്ന് വെബ്സൈറ്റുകളിലും ഇവ വിശദീകരിക്കപ്പെടുന്നു.

ഇങ്ങനെ നോക്കിയാല്‍ മറ്റുള്ളവര്‍ക്കറിയാത്ത ഏതാനും മാജിക് സൂത്രങ്ങളേ ഇന്ന് മജീഷ്യന്മാര്‍ക്ക് സ്വന്തമായിട്ടുള്ളു.

മജീഷ്യന്മാര്‍ പഴയ മാജിക് സൂത്രങ്ങളില്‍ പുതുമകള്‍ കലര്‍ത്തി അവതരിപ്പിക്കുന്നു.

Leave a Reply

spot_img

Related articles

പെരുമ്പാവൂര്‍ മുടിക്കലില്‍ ഇതര സംസ്ഥാന യുവതി കുത്തേറ്റ് മരിച്ചു.

അസം സ്വദേശി ഫരീദാ ബീഗമാണ് കൊല്ലപ്പെട്ടത്.അസം സ്വദേശിയായ മൊഹര്‍ അലിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ സ്വയം കുത്തി പരുക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചു....

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...