അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ

ഓര്‍മ്മകളുടെ പൂവിളികളുമായി ഒരു തിരുവോണക്കാലം കൂടി കടന്നു വരുന്നുവെന്ന്

കാല്പനികഭാഷയിലെഴുതണം എന്നാഗ്രഹമുണ്ടെങ്കിലും എവിടെ പൂവിളിയും

പൂത്തുമ്പിയും പൂപ്പാടയുമെന്ന് അന്തരംഗം തിരിച്ച് ചോദിക്കുമ്പോള്‍ വാക്കുകള്‍

സത്യമായിരിക്കണമെന്നത് മൊഴിമാറ്റം നടത്താന്‍ ആഗ്രഹമില്ലാത്തതുകൊണ്ട്

ഓര്‍മ്മകളെ അവയുടെ വഴിക്ക് വിടുന്നു. എല്ലാ മനുഷ്യര്‍ക്കും ബാല്യകൗമാര

വാര്‍ദ്ധക്യങ്ങളുടെ ദശാസന്ധികളുണ്ട്. എന്നാല്‍ എന്നും പൂക്കുന്ന പൂക്കാലമായി

ഇത്തിര ശോഭ കുറവാണെങ്കിലും ഓണം നമ്മളിലെല്ലാമുണ്ട്. ഓണം പോലെ

ഒരാഘോഷത്തെ എന്തേ മലയാളി നെഞ്ചിലേറ്റുന്നത്? അന്നും ഇന്നും പല

കാരണങ്ങളുണ്ടാകാം. നിസഹായനും നിസ്വനുമായ ഏതൊരുവനെയും തന്നോടു

ചേര്‍ത്ത് നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന മലയാളിത്വം ഒരു ഘടകമാകാം. ഇല്ലെങ്കില്‍

ലോകത്തെവിടെയെങ്കിലും പരാജിതന്റെ വരവേല്‍പ്പ് ആഘോഷമാക്കുന്ന ഒരു

ചരിത്രമുണ്ടോ. ചവിട്ടിത്താഴ്ത്തപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

ആഘോഷമാക്കുന്ന ഒരു സംസ്‌കാരം ഇന്ന് രൂപപ്പെട്ടതല്ല. ആധുനിക

ജനാധിപത്യത്തില്‍ അത്തരം പ്രക്രിയകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഒട്ടേറെ

നിയമങ്ങളും നിര്‍ദ്ദേശങ്ങളുമുയരുന്നതിന് എത്രയോ കാലം മുന്‍പേ നാം

പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെയും അധിനിവേശ ആധിപത്യങ്ങള്‍ക്കെതിരെയും

സവര്‍ണ്ണാധിപത്യ നിലപാടുകള്‍ക്കെതിരെയും നിസംഗരായി നില്‍ക്കേണ്ടി

വന്നപ്പോഴും നിലപാട് തറകളില്‍ നിന്നുകൊണ്ട് നിസ്വനെനെയും നീതിമാനെയും

സിംഹാസനത്തിലേക്ക് ചക്രവര്‍ത്തിയെപ്പോലെ എഴുന്നെള്ളിക്കാന്‍ തയാറായിട്ടുണ്ട്.

ഭീതിതമായ നിസഹായവസ്ഥയില്‍ നിന്നും മെല്ലെയുണര്‍ന്ന് വരുന്ന

കാലഘട്ടത്തിലാണ് നാമിന്ന്. പ്രകൃതിയിലെ മാറ്റങ്ങള്‍, കാര്‍ഷിക തകര്‍ച്ചകള്‍,

യുദ്ധസന്നദ്ധമായ വര്‍ത്തമാനകാല രാഷ്ട്രീയങ്ങള്‍, പേമാരിയും പേവിഷയുമൊക്കെ

പേക്കൂത്താടുന്ന ലഹരിയുടെ നടുത്തളങ്ങള്‍. കൊളുത്തിവയ്ക്കുന്ന നന്മയുടെ

വിളക്കുകള്‍ പോലും മുനിഞ്ഞുകത്തുന്ന കാലത്തിന്റെ സന്തതികളായി നാം

പലപ്പോഴും മാറിപ്പോകുന്നു. മനുഷ്യന്റെ ധാര്‍മ്മികതയുടെ ഏറ്റവും വലിയ

നിദര്‍ശനമായി കാണുന്ന ഓണക്കാലത്ത് പോലും, കള്ളവുമില്ല, ചതിയുമില്ല,

എള്ളോളമില്ല പൊളിവചനം എന്നു പറയാന്‍ നമുക്കെങ്ങനെ കഴിയും? ദുരന്തങ്ങളും

ദുരിതങ്ങളും നേരെ വരുമ്പോള്‍ അവയ്‌ക്കെതിരെ നാം തയാറെടുക്കുന്നു.

ആപത്ശങ്കകള്‍ വിട്ടുമാറുമ്പോള്‍ വീണ്ടും പഴയ എല്ലാ പല്ലവികളും പിന്തുടരുന്നു.

ഓണത്തിന്റെ ചിന്തുപാട്ടുകള്‍ കേട്ട് രോമാഞ്ചമണിയാമെന്നല്ലാതെ ഈ

ആഘോഷങ്ങളെ പരിമിതപ്പെടുത്തുന്ന ഭൗതിക ജൈവ ഘടകങ്ങളെയും

ഘടനകളെയും സാഹചര്യങ്ങളെയും തിരുത്തി മുന്‍പോട്ട് പോകാന്‍ നാം

എപ്പോഴെങ്കിലും സന്നദ്ധരാകുന്നുണ്ടോ? പഴയ പാട്ടിന്റെ പട്ടിലലിഞ്ഞു പോകുന്ന

പകലുകള്‍ വീണ്ടും ദുരിതങ്ങളുടെ നീര്‍ക്കയങ്ങളെ സൃഷ്ടിക്കുമ്പോള്‍ സ്വയം

നവീകരണത്തിന്റെ ഏതെങ്കിലും സാധ്യതകള്‍ സൃഷ്ടിക്കാന്‍ ഇത്തരം

ആഘോഷങ്ങളുടെ നേര്‍വഴികളെ തിരിച്ചറിഞ്ഞ് പഴയ പാഠങ്ങള്‍ തിരുത്താന്‍ നമ്മള്‍ തയാറാകുന്നുണ്ടോ?

സ്വശിരസ്സ് കുനിച്ചപ്പോഴാണ് ഇന്ദ്രസേനന്‍ മഹാബലിയായത്. ബലിത്വം ത്യാഗമാണ്.

ഉള്ളവനെ ത്യജിക്കാന്‍ കഴിയൂ. \ിലപാടിനു വേണ്ടി ത്യജിച്ചവന്‍ മഹാബലിയായി. ‘തേന ത്യക്ത്യേന ഭുഞ്ജീഥാ മാ ഗൃധഃ കസ്യസ്വിദ്ധനം’ എന്ന്

ഈശാവാസ്യോപനിഷത്ത് പറയുന്നു. ത്യാഗഭാവത്തോടെ ഭുജിക്കുക.. ഒന്നും നമ്മുടെ

സ്വന്തമല്ല എന്ന തിരിച്ചറിവോടെ അനുഭവിക്കുക. ആരുടെയും ധനം

ആഗ്രഹിക്കരുത്. ഇതാണ് ആ ഉപനിഷദ് വാക്യത്തിന്റെ സാരാംശം. നമ്മുടെ

കൈവശം ഒരു മണി അരിയേയുള്ളൂ എന്ന് കരുതുക, അത് അന്നത്തെ

അത്താഴത്തിനുള്ളതാണ്. എന്നാല്‍ തന്നേക്കാള്‍ വിശന്നുവലഞ്ഞ ഒരപരിചിതന്‍ ആ

അരിമണി ചോദിച്ചപ്പോള്‍ അത് വിരുന്നുമണിയായി, വിരുന്നുകാരന്റെ വിശപ്പു

മാറ്റിയ ത്യാഗമാണ് യഥാര്‍ത്ഥ ത്യാഗം. ആ ഭോജനത്തേക്കാള്‍ രുചികരവും

അഭികാമ്യവുമായ മറ്റൊരു ഭോജ്യവുമില്ല. ഇതിനെയാണ് കുഞ്ചന്‍ നമ്പ്യാര്‍

അചുംബിതമായ ഒരു {പയോഗം കൊണ്ട് സാര്‍ത്ഥകമാക്കിയത്. പരക്ലേശവിവേകം.

സ്വന്തം അത്യാവശ്യങ്ങള്‍ പോലും മാറ്റിവച്ച് മറ്റൊരാളിന്റെ ക്ലേശം

പരിഹരിക്കുന്നതിനുള്ള വിവേകബുദ്ധി. ഇല്ലായ്മകളില്‍ നിന്നുപോലും ഓണത്തെ

ഗംഭീരമായി വരവേല്‍ക്കാന്‍ മലയാളി തുനിയുമ്പോള്‍ നാമെല്ലാവരും

ആത്മവിമര്‍ശനാത്മകമായ ഒരു ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. നമ്മില്‍

എത്രപേര്‍ പരക്ലേശ വിവേകികളുണ്ട്? നമ്മില്‍ എത്ര പേര്‍ സ്വന്തം അരിമണിയെ

വിരുന്നുമണിയായി മാറ്റിയിട്ടുണ്ട്? കാലം കൂടുതല്‍ ആസുരമാകുന്ന ഈ ഘട്ടത്തില്‍

ഈ ആത്മ പരിശോധനയ്ക്ക് നാമെല്ലാവരും വിധേയമാകേണ്ടതല്ലോ?. നമുക്കാരേയും

അനായാസമായി വിമര്‍ശിക്കാം. കുറ്റപ്പെടുത്താം. ഒറ്റപ്പെടുത്താം. അവരെക്കുറിച്ച് കള്ളം പറയാം. പക്ഷേ നമുക്ക് എത്രമേല്‍ അനായാസമായി സ്വയം വിമര്‍ശിക്കാം? സ്വയം കുറ്റപ്പെടുത്താം? സ്വയം ഒറ്റപ്പെടുത്താം? സ്വയം സത്യം പറയാം? അത്ര എളുതല്ല ഈ പറഞ്ഞതൊന്നും. നിരന്തരം സ്വയം \വീകരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്കേ സത്യസന്ധമായ ആത്മവിമര്‍ശനം സുസാധ്യമാകൂ. ഈ ആജന്മ നവീകരണത്തിന്റെ കഥയാണ് ഓണത്തിന്റെ കഥയിലൂടെ നമ്മോട് പറയുന്നത്.

ഓണവുമായി ബന്ധപ്പെട്ട അത്തച്ചമയങ്ങളും പൂവിറക്കലും ഓണപ്പാട്ടുകളും

ഓണപ്പൂക്കളവും ഓണക്കളികളും മറ്റാചാരങ്ങളും ആഘോഷങ്ങളും ഉത്രാടപ്പാച്ചിലും

പുതു വസ്ത്രങ്ങളും തുടര്‍ന്നുള്ള ജലകേളികളും സര്‍വോപരി എല്ലാ മനുഷ്യരും

തമ്മിലുള്ള നിഷ്‌കപടമായ പാരസ്പര്യവും സ്‌നേഹ വിശ്വാസങ്ങളും സമത്വബോധവും

ഒരു ദേശത്ത് എല്ലാ ദിവസവും എക്കാലവും നിലനിന്നിരുന്നു എന്ന് നാം മനസ്സിലാക്കാതെ പോകുന്നു! മാവേലിനാട്ടില്‍ ഒരു ദിവസമല്ലായിരുന്നു ഓണം. എന്നും ഓണക്കാലമായിരുന്നു. വിഖ്യാതമായ മാവേലിപ്പാട്ടിലെ വരികള്‍ പിന്നീട് നമ്മുടെ ജീവിതത്തില്‍ നിന്നു മാഞ്ഞു തുടങ്ങുന്നു. അഥവാ ആരൊക്കെയോ ചേര്‍ന്ന് മായ്ക്കുന്നു. അതിന് നമ്മള്‍ ബലിയാടുകളാകുന്നു. നിസ്വാര്‍ത്ഥതയുടെ കൃഷ്ണസാരമിഴികെള ബലമായി തിരുമ്മിയടച്ച് അവിടെ സ്വാര്‍ത്ഥതയുടെ ക്രൂര നയനങ്ങളെ ഉയര്‍ത്തുന്നു…! ഓണം ഒരു മാനസികാവസ്ഥയാണ്. മാനവിക ബോധമാണ്. മനുഷ്യപ്പറ്റുള്ള ഒരു കൂട്ടം ജനതയെ വാര്‍ത്തെടുക്കുന്ന നവോത്ഥാന പ്രക്രിയയാണ്.
ലോകത്തുള്ള ചരിത്രമെല്ലാം ആഘാഷങ്ങളുടെയും വിജയിച്ചവന്റെയു മാണ്. എന്നാല്‍ ഓണം പരാജയപ്പെട്ട് പിന്‍വാങ്ങിയവന്റെ ചരിത്രവും ആഘോഷവുമാണ്. മലയാളിയുടെ സാമൂഹിക നീതി എന്നും പരാജിതനേയും പാര്‍ശ്വവത്കരിക്കപ്പെട്ടവനേയും ഹൃദയേത്താടു ചേര്‍ത്തുവച്ചതാണ്. ഓണത്തിന്റെ

അടിവേരുകള്‍ ഈ സാമൂഹിക നീതിയുടെ ബോധമണ്ഡലത്തെ

രൂപപ്പെടുത്തിയതെന്ന് കാണാന്‍ കഴിയും. വാസ്തവത്തില്‍ എല്ലാ വീണ്ടെടുപ്പുകളും

ഒരു വിളവെടുപ്പാണ്.! അത് സംസ്‌കാരമായാലും ചരിത്രമായാലും നന്മയായാലും

സ്‌നേഹ സമത്വമായാലും പാരസ്പര്യ ബോധമായാലും അത് നൂറുമേനിയുടെ

വിളവെടുപ്പാണ്. ഓണം മലയാളിയുടെ ദേശീയോത്സവമാണ്. സങ്കുചിതമായ

ജാതിമത ചിന്തകള്‍ക്കോ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കോ സാമ്പത്തിക

വിവേചനങ്ങള്‍ക്കോ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ മതിലുകള്‍ക്കോ സ്ഥാനമില്ലാത്ത

ഒരു ദിനമാണ് മലയാളിക്ക് ഓണം. എന്നാലിത് ചിങ്ങമാസത്തിലെ

തിരുവോണനാളില്‍ മാത്രം വച്ച് പുലര്‍ത്തേണ്ട സമത്വഭാവനയോ സാഹോദര്യമോ

സമദര്‍ശിതയോ അല്ല. നിര്‍ഭാഗ്യവശാല്‍ ഓണസദ്യ കഴിഞ്ഞാല്‍ ഓണം

അവസാനിക്കുകയും നമ്മള്‍ പഴയ ജീവിതശൈലികളിലേയ്ക്കും ചിന്താ

വ്യാപാരങ്ങളിലേയ്ക്കും കൂപ്പ് കുത്തുകയും ചെയ്യുന്നു. സാഹോദര്യത്തിനും

സമത്വത്തിനും ജനാധിപത്യ സംവിധാനങ്ങള്‍ക്കും ഒട്ടുമേ യോജിക്കാത്ത വര്‍ഗ്ഗീയ

സംഘര്‍ഷങ്ങളിലേയ്ക്കും സാമ്പത്തിക കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കുന്ന

സംഭവങ്ങള്‍ നിരന്തരമായി ഉണ്ടാകുകയും ചെയ്യുന്നു. ക്യാന്‍സര്‍ വൈറസിനെപ്പോലെ

മദ്യപാനവും മയക്കുമരുന്നും ഇതര ലഹരികളും നാളത്തെ തലമുറയുടെ

പ്രതീക്ഷയായ യുവതയെ കീഴടക്കുന്നു. എന്തായിരിക്കണം തിരുവോണം

പോലെയുള്ള ഒരു ആഘോഷത്തിന്റെ സമകാലിക പ്രസക്തി? ആഹാര്യ / ആഹാര /

ആകാര ആഘോഷങ്ങള്‍ക്കുമപ്പുറം ഒരിക്കലും ഒളിമങ്ങാത്ത ഉദാത്തവും

ഉല്‍കൃഷ്ടവും ഉര്‍വരവുമായ ഒരു മനസ്സും ജീവിതശൈലിയും നേടാന്‍ നിരന്തര സ്വയം

നവീകരണത്തിലൂടെ ഓരോ മലയാളിക്കും കഴിയണം. ഇപ്പോള്‍ പെട്ടെന്ന് ഇരുട്ട്

പ്രാപിക്കുകയാണ്. വര്‍ഗ്ഗ സംഘട്ടനങ്ങളില്ലാത്ത നാട് എന്ന് അഭിമാനിച്ചിരുന്ന നമ്മുടെ

രാജ്യത്തും വംശീയത അതിന്റെ ക്രൂരദംഷ്ട്രങ്ങളുമായി തലയുയര്‍ത്തിക്കഴിഞ്ഞു.


പ്രജാക്ഷേമത്തിന്റെ ആദ്യപാഠങ്ങളില്‍ എല്ലാവര്‍ക്കും തുല്യനീതിയെന്ന

കാഴ്ചപ്പാടുകള്‍ ഭരണകൂടങ്ങള്‍ തന്നെ തച്ചുതകര്‍ക്കുന്നു. ഒന്നാണ് നമ്മള്‍ എന്ന്

പറഞ്ഞുകൊണ്ട് ധൃതരാഷ്ട്രാലിംഗനത്തിന്റെ പിടി മുറുക്കുന്നു. മഹാബലിയുടെ

കാലത്ത് എല്ലാ സാമന്തന്‍മാരെയും ഒരുപോലെ കണ്ടകാലമായിരുന്നു. ഇന്ന്

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ പലതരത്തിലും വരിഞ്ഞു മുറുക്കുമ്പോഴും

മാനുഷരെല്ലാരുമൊന്നുപോലെയെന്ന് നാം വീണ്ടും പാടുന്നു. കവി മധുസൂദന്‍നായര്‍

പാടിയപോലെ തങ്ങള്‍ തങ്ങളില്‍ മുഖത്തു തുപ്പും ഒന്നെന്ന് ചൊല്ലും ചിരിക്കും

ഇതാണവസ്ഥ. ഇവിടെവിടെയാണ് പ്രകാശകണികള്‍?

പ്രകാശത്തിന്റെ വേഗം മാത്രമല്ല. ദൈര്‍ഘ്യവും വര്‍ദ്ധിക്കണം. ബാല്യം വിടും മുമ്പേ

നമ്മുടെ കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരാകരുത്. ബാല്യകാലം ബാല്യശോഭയോടെ

അവരില്‍ ജ്വലിക്കണം. അച്ഛനമ്മമാര്‍ അതിന് സുസജ്ജരാകണം. മരുന്നുകള്‍ക്ക്

മാത്രമല്ല, സജ്ജീകരണങ്ങള്‍ക്ക് മാത്രമല്ല, പ്രളയത്തെയും ഉരുള്‍പ്പൊട്ടലിനെയും പകര്‍ച്ചവ്യാധികളെയും പരദൂഷണ വ്യവസായങ്ങളെയും പരദ്രോഹ

പ്രവൃത്തികളെയുമെല്ലാം അതിശക്തമായി പ്രതിരോധിക്കാനും അതിജീവിക്കാനും

നമുക്ക് കഴിയും! കഴിയണം!

ആത്മ പരിശോധനയോടെ സ്വയം നവീകരിക്കപ്പെടുക. ശ്രീനാരായണഗുരു

ആത്മോപദേശ ശതകത്തില്‍ പണ്ടേ പറഞ്ഞുവല്ലോ, ഋഷിതുല്യമായ ആ വാക്യം.

അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം.

എത്ര തവണ നാം ആവര്‍ത്തിച്ച ഋഷിവാക്യം.

ഇവിടെയാണ് മാറ്റത്തിന്റെ ഓണനിലാവ് പരക്കേണ്ടത്. സ്വാര്‍ത്ഥപൂരിതമായ

വര്‍ത്തമാനകാലത്തില്‍ സ്വന്തം ജീവിതം മറന്ന് അത് മറ്റുള്ളവര്‍ക്കായി മാറ്റിവച്ച

ത്യാഗസമ്പന്നതയുടെ നാട്ടില്‍ ത്യാഗത്തിന്റെ ആഘോഷങ്ങള്‍ തിമര്‍ത്താടുമ്പോള്‍

പുറത്തെ ആരവങ്ങള്‍പ്പുറത്ത് നമുക്ക് സ്വയം പറയാന്‍ കഴിയുമോ, നാമൊക്കെ ഓരോ

ബലി ചക്രവര്‍ത്തിമാരാകുമെന്ന്. ഉത്തരം പകല്‍ പോലെ സ്പഷ്ടം. എങ്കിലും

നമുക്കിനിയും പ്രതീക്ഷകള്‍ ബാക്കി നില്‍ക്കുന്നു. ഓണത്തെപ്പോലെ. എം ടി

പറഞ്ഞു വച്ചതുപോലെ ‘വരും വരാതിരിക്കില്ല’. അങ്ങനെയൊരുകാലം.

ഭൗതികതയുടെ ആഘോഷങ്ങള്‍ക്കപ്പുറത്ത് ഈ ആഘോഷത്തെ ധന്യമാക്കുന്ന

ആശയം ആശാന്‍ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ‘അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികള്‍’.

ആ വിവേകമാണ് മഹാബലി കാണിച്ചുതന്നത്. ആ വിചാരധാരയാണ് ഓണത്തെ

ധന്യമാക്കുന്നത്. ആ നിലാത്തുണ്ടിലാണ് ഓരോ ഓണനിലാവും പിറക്കുന്നത്.

അത്തരമൊരു ധന്യതയിലേക്കുള്ള യാത്രകളാകട്ടെ ഓരോ ഓണക്കാലവും.

ഡോ. എൻ ജയരാജ്

സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.1951ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ഡല്‍ഹി...

പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി സച്ചിദാനന്ദന്‍

യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ പങ്കെടുക്കുയുള്ളുവെന്നാണ് കുറിപ്പിൽ.ഏഴുവര്‍ഷം മുമ്പ്...