ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ പ്രക്രിയയാണ് തിരഞ്ഞെടുപ്പെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷ്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജില്ലയിൽ പര്യടനം നടത്തുന്ന വോട്ട് വണ്ടി എറണാകുളം സെന്റ് തെരേസസ് കോളേജിൽ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ ജനങ്ങളാണ് ഭരണകർത്താക്കൾ. ഓരോ പൗരന്മാരുമാണ് ജനപ്രതിനിധികളെ തീരുമാനിക്കുന്നത്. അഞ്ചുവർഷം കൂടുമ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളിലൂടെ ജനങ്ങൾ അവരുടെ ശക്തി തിരിച്ചറിയുകയാണ്. പോളിംഗ് ബൂത്തിൽ എല്ലാവരും തുല്യരാണെന്നും 18 വയസ്സ് പൂർത്തിയായ എല്ലാവരും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകണമെന്നും കളക്ടർ അഭ്യർഥിച്ചു.
പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, കണയന്നൂർ താലൂക്ക് തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, സെന്റ് തെരേസസ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എം. എസ് കല, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ലോക്സഭ പൊതു തെരഞ്ഞെടുപ്പ് 2024ന് മുന്നോടിയായി 20 ദിവസത്തോളം വോട്ട് വണ്ടി ജില്ലയിൽ പര്യടനം നടത്തും. വോട്ട് ചെയ്യുന്നതിലെ സംശയങ്ങളും തെറ്റിദ്ധാരണകളും മാറ്റുക, വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുക, എങ്ങനെ വോട്ട് ചെയ്യണമെന്ന് ജനങ്ങളെ പരിശീലിപ്പിക്കുക, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയവയാണ് വോട്ട് വണ്ടി പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ ബൂത്തുകളിലും ക്യാമ്പ് ചെയ്താണ് വോട്ടു വണ്ടി ജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്.