തന്റെ മരണവാർത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് നടി പൂനം പാണ്ഡെ. കഴിഞ്ഞ ദിവസം സെർവിക്കല്‍ കാൻസർ ബാധിച്ചതിനെ തുടർന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.
സെർവിക്കല്‍ കാൻസറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താൻ വ്യാജ മരണവാർത്ത സൃഷ്ടിച്ചതെന്നും പൂനം ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.”എല്ലാവർക്കും നമസ്കാരം, ഞാൻ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കല്‍ കാൻസറിനെക്കുറിച്ചുള്ള ചർച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാർത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചർച്ചകള്‍ നടന്നു. ഈ രോഗം പതിയെ കാർന്നു തിന്നുന്നതാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവർന്നിട്ടുണ്ട്. മറ്റു കാൻസറിനെപ്പോലെ സെർവിക്കല്‍ കാൻസറും തടയാം. എച്ച്.പി.വി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെർവിക്കല്‍ കാൻസറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക”- പൂനം പറഞ്ഞു.