കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 53 ലക്ഷം രൂപ അനുവദിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് റോഡുകളുടെ പട്ടിക റവന്യൂ മന്ത്രിക്ക് നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. വാഴൂര്‍ പഞ്ചായത്തിലെ മങ്ങാട്ട് പടി വെള്ളറപള്ളി റോഡ് 10 ലക്ഷം, പട്ടമാപറമ്പില്‍ അങ്ങാടിയില്‍ വീട് റോഡ് 3 ലക്ഷം, കങ്ങഴ പഞ്ചായത്തിലെ കാളച്ചന്ത പരുത്തിമൂട് റോഡ് 10 ലക്ഷം, കോവൂര്‍ പാലയ്ക്കല്‍ ചൂരക്കുന്ന് റോഡ് 10 ലക്ഷം, നെടുങ്കുന്നം പഞ്ചായത്തിലെ അണിയറപ്പടി പനക്കവയല്‍ റോഡിലെ കലുങ്ക് – 10 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ ഇരുപതാംമൈല്‍ തോണിപ്പാറ റോഡ് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രസ്തുത റോഡുകളുടെ റീടാറിങ്ങ്, റീ കണ്‍സ്ടക്ഷന്‍ ജോലികള്‍ക്ക് മാത്രമായാണ് തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തികള്‍ എത്രയും വേഗം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.