നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നാടകീയ രംഗങ്ങൾ. പ്രതിക്ഷേധങ്ങൾക്കിടയിലും മൃതദേഹം ആമ്പുലൻസിൽ കയറ്റിസമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കി.
മൃതദേഹം വിട്ടു തരില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് അവരെയെല്ലാം മാറ്റി മൃതദേഹം ആംബുലൻസിൽ കയറ്റുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.സമരപ്പന്തലും പൊലീസ് ബലമായി പൊളിച്ചുനീക്കി.
കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടന്നത്. പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ‘പൊലീസ് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാർ തെരുവിലിറങ്ങി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബവും അറിയിച്ചു. ബലം പ്രയോഗിച്ചാണ് മോർച്ചറിയിൽനിന്ന് മൃതദേഹം പ്രതിഷേധത്തിനായി കൊണ്ടുപോയതെന്നാണ് വിവരം.