സന്തോഷ് ട്രോഫി കിരീടം സർവ്വീസസിന്.
ഏഴാം തവണ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി സർവീസസ്.
ഏകപക്ഷീയമായ ഒരു ഗോളിനാണ് സർവീസസ് ഗോവയെ ഫൈനലില്‍ പരാജയപ്പെടുത്തിയത്.
സുവർണ ജൂബിലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67-ാം മിനുട്ടിലെ ലോംഗ് റേഞ്ചറിലൂടെ പി.പി. ഷഫീലാണ് സർവീസസിനെ വിജയത്തിലേക്ക് നയിച്ചത്.
ഗോവയുടെ തുടർച്ചയായുള്ള മുന്നേറ്റങ്ങള്‍ സർവീസസിനെ ആദ്യ പകുതിയില്‍ പ്രതിരോധത്തിലാക്കി.
15-ാം മിനുട്ടില്‍ തന്നെ ഗോവ ഗോളിന് അടുത്തെത്തിയെങ്കിലും വല കുലുക്കാനായില്ല.
ആദ്യ പകുതി ഗോവയുടെ മുന്നേറ്റങ്ങളില്‍ നിറഞ്ഞു നിന്നു. കടുത്ത ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയിലും സ്ഥിതി സമാനമായിരുന്നു.
രാഹുല്‍ രാമകൃഷ്ണന്റെ പാസില്‍ പി.പി. ഷഫീലിന്റെ ഷോട്ട് ഗോവൻ ഗോളിക്ക് തടയാനായില്ല.
67-ാം മിനിറ്റില്‍ ഗോവയെ ഞെട്ടിച്ച് സർവീസസ് ഒരു ഗോളിന് മുന്നിലെത്തി.
ഗോള്‍ വഴങ്ങിയതിന് പിന്നാലെ ആക്രമണങ്ങള്‍ ഗോവ കടുപ്പിച്ചെങ്കിലും സർവീസസ് ഉയർത്തിയ പ്രതിരോധത്തെ മറികടക്കാനായില്ല.
ഏഴാം സന്തോഷ് ട്രോഫി കിരീടത്തില്‍ സർവീസസ് മുത്തമിട്ടതോടെ ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഗോവ നിരാശയോടെ മടങ്ങി.