ഡോ.ടൈറ്റസ് പി. വർഗീസ്
17 വയസ്സുള്ള പ്ലസ് വണ്ണിനു പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍.
അവളുടെ പത്താംക്ലാസ് വരെ ഞങ്ങള്‍ കുടുംബമായി വിദേശത്തായിരുന്നു.
അവള്‍ ഞങ്ങള്‍ക്ക് ഏകമകളാണ്.
ഈ അടുത്തകാലംവരെ പഠനത്തിലും കലാരംഗത്തുമൊക്കെ മകള്‍ നന്നായി ശോഭിച്ചിരുന്നു.
ക്ലാസില്‍ മാര്‍ക്കിന്‍റെ കാര്യത്തില്‍ അവള്‍തന്നെയായിരുന്നു ഒന്നാമത്.
പാട്ടിനും ഡാന്‍സിനുമൊക്കെ ഒരുപാടു സമ്മാനങ്ങളും കിട്ടിയിരുന്നു.
അങ്ങനെയിരിക്കെ കുറച്ചുനാളായി എല്ലാ കാര്യങ്ങളിലും അവള്‍ പിന്നോക്കം പോവുകയും ഉള്‍വലിയുകയും ചെയ്തു തുടങ്ങിയപ്പോഴാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
വീട്ടില്‍ ഒത്തിരി നിര്‍ബന്ധം പിടിച്ച് അവള്‍ ഞങ്ങളെക്കൊണ്ട് വാങ്ങിപ്പിച്ച മൊബൈലില്‍ പല നമ്പറുകളില്‍നിന്നായി അശ്ലീല മെസ്സേജുകള്‍ വരികയും അവള്‍ അതിന് അതേ രീതിയില്‍ത്തന്നെയുള്ള മറുപടികള്‍ അയയ്ക്കുകയും ചെയ്യുന്നത് ഞാന്‍ നേരിട്ട് അറിയാനിടയായി.
എന്‍റെ ഭര്‍ത്താവ് ഒരു മുന്‍കോപിയായതുകൊണ്ട് അദ്ദേഹം അറിയാതെ ഞാന്‍ ഇതേക്കുറിച്ച് മകളോട് ചോദിച്ചപ്പോള്‍ അവള്‍ ആദ്യം ഒഴിഞ്ഞുമാറി.
പിന്നീട് നിര്‍ബന്ധിച്ചപ്പോള്‍ ഇനി ചെയ്യില്ലെന്ന് പറഞ്ഞെങ്കിലും വീണ്ടും ആവര്‍ത്തിക്കുന്നതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
സെക്സിലുള്ള അമിതതാല്പര്യം കൊണ്ടാണോ അവള്‍ ഇങ്ങനെ ചെയ്യുന്നത്?
ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാനാകെ കണ്‍ഫ്യൂഷനിലാണ്. മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമല്ലോ.
സൈനബ, കൊല്ലം
മറുപടി
കൗമാരം അന്നുമിന്നും കൗതുകങ്ങളുടെ കാലമാണ്.
കളിചിരിതമാശകളും ഒപ്പം ഒരല്പം കാമത്തിന്‍റെ കനലുകളുമൊക്കെ കൂട്ടിനെത്തുന്ന കാല്പനികകാലം.
ബാല്യത്തിനും യൗവനത്തിനും ഇടയിലുള്ള ഈ കാലഘട്ടം കൗമാരക്കാര്‍ക്കു മാത്രമല്ല അവരുടെ മാതാപിതാക്കള്‍ക്കും വല്ലാത്ത ‘കണ്‍ഫ്യൂഷ’നാണ് പലപ്പോഴും സൃഷ്ടിക്കാറുള്ളത്.
അച്ഛനമ്മമാരില്‍ നിന്നും മെല്ലെ അകന്ന് സൗഹൃദബന്ധങ്ങളില്‍ അലിഞ്ഞുചേരാന്‍ വെമ്പല്‍കൊള്ളുന്ന പ്രായമാണിത്.
അവരെ പിടിച്ചുവലിച്ച് വീണ്ടും തങ്ങളുടെ മതില്‍ക്കെട്ടിനുള്ളില്‍ പൂട്ടിയിടാന്‍ വൃഥാ ശ്രമിച്ചു മടുക്കുന്നത് പല മാതാപിതാക്കളുടെയും നിത്യ അദ്ധ്വാനമാണ്.
ആധുനികതയുടെ കുത്തൊഴിക്കില്‍ ഇന്‍റര്‍നെറ്റും മൊബൈല്‍ഫോണും വ്യാപകമായപ്പോള്‍ പുതിയതെന്തിനെയും ആശ്ലേഷിക്കുന്ന കൗമാരം അവയെയും നെഞ്ചോടുചേര്‍ത്തു.
ഒരു കുറ്റാന്വേഷകന്‍റെ ജാഗ്രതയോടെ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ അതോടെ തീക്ഷ്ണതയോടെ വീക്ഷിക്കാനും തുടങ്ങി.
ധാരണകളും തെറ്റിദ്ധാരണകളും കുറ്റപ്പെടുത്തലുകളും പഴിചാരലുകളും വഴക്കുകളുമൊക്കെയായി ഒടുവില്‍ രംഗം കൊഴുക്കുമ്പോള്‍ ശിഥിലമാകുന്നത് കുടുംബബന്ധങ്ങളാണ്.
കത്തില്‍ പറഞ്ഞിരിക്കുന്ന വിഷയം കേരളത്തിലെ കുറേ മാതാപിതാക്കളെങ്കിലും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.
മൊബൈല്‍ ഫോണ്‍ സര്‍വ്വസാധാരണമായതോടെ പക്വതയെത്താത്ത കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമൊക്കെ അതൊരു കളിപ്പാട്ടംപോലെയായി.
ലൈംഗികതയും തീക്ഷ്ണമായ വൈകാരികസംഭാഷണങ്ങളുമൊക്കെ കൗതുകമായി മാറുന്ന ഈ ‘ടീനേജില്‍’ തങ്ങളുടെ പക്കലുള്ള പേഴ്സണല്‍ ഫോണിലൂടെ ഇത്തരം ‘രസങ്ങള്‍’ പങ്കുവയ്ക്കുന്നത് ഈ പ്രായത്തിലെ ചില കുട്ടികള്‍ക്കെങ്കിലും ഒരു ‘ത്രില്‍’ ആണ്.
മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചോ ശ്രദ്ധതിരിച്ചോ ഒക്കെ ഈ ‘മിടുക്കന്മാരും മിടുക്കികളും’ കാര്യം സാധിച്ചിരിക്കും.
മക്കളോടൊപ്പം ഒരുമിച്ച് ഒരേ വീട്ടില്‍ കഴിയുമ്പോഴും മനസ്സുകൊണ്ട് അകലം പാലിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം ഇക്കാലത്ത് ഏറെയാണ്.
അങ്ങനെയൊരു പ്രശ്നം നിങ്ങള്‍ക്കും മകള്‍ക്കുമിടയില്‍ ഉണ്ടോയെന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.
ഒരുതരം ‘ഔപചാരിക’ സംഭാഷണങ്ങള്‍ക്കപ്പുറം ഹൃദയം തുറന്നുള്ള ഒരടുപ്പം മകളുമായി നിങ്ങള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നോ എന്നും ആലോചിച്ചുനോക്കുക.
കുട്ടിയുടെ പിതാവ് മുന്‍കോപിയാണെന്ന് കത്തില്‍ത്തന്നെ പറഞ്ഞിട്ടുള്ളത് ചിന്തനീയമായ ഒരു വസ്തുതതന്നെയാണ്.
ദേഷ്യക്കാരനായ അച്ഛനുമായി മകള്‍ക്ക് എങ്ങനെ ഇഴയടുപ്പമുള്ള ഒരു ആത്മബന്ധം സൃഷ്ടിക്കാനാവും?
ഒരു തമാശയോ നേരമ്പോക്കോ എങ്ങനെ പറയാനാവും?
സ്കൂളിലെയും കൂട്ടുകാര്‍ക്കിടയിലെയും കൊച്ചുകൊച്ചു കുരുത്തക്കേടുകളും വികൃതികളുമൊക്കെ പങ്കുവയ്ക്കത്തക്ക ബന്ധം മകള്‍ക്കും അമ്മയ്ക്കുമിടയില്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നു വേണം കരുതാന്‍.
അശ്ലീലതകള്‍ കൈമാറുന്ന പെണ്‍കുട്ടികളില്‍ പലര്‍ക്കും സെക്സിലോ മറ്റ് ലൈംഗികപ്രവൃത്തികളിലോ അസാമാന്യമായ അഭിവാഞ്ഛയൊന്നും ഉണ്ടാവണമെന്നില്ല.
താല്ക്കാലികപ്രണയങ്ങളുടെ കുരുക്കില്‍ പെടുമ്പോള്‍ മറുതലയ്ക്കല്‍നിന്നുമുള്ള പ്രേരണകള്‍ക്കുമുമ്പില്‍ ഒരു കൗതുകത്തിന് വെറുതെ പ്രതികരിക്കുന്നതുമാവാം.
പാകതയോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പ്രായമാവുമ്പോള്‍ മാത്രം മകളെ അതിന് അനുവദിക്കുക എന്നത് പ്രാഥമികമായ ഒരു പ്രായോഗിക പരിഹാരമാര്‍ഗ്ഗമാണ്.
പക്ഷേ, പിന്നെയും നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ഒരുപക്ഷേ ഭീഷണിയുടെ സ്വരത്തില്‍വരെ സംസാരിച്ച് വീണ്ടും മൊബൈല്‍ കൈക്കലാക്കാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തി അവയെ ചികിത്സയിലൂടെ ദുരീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതാവും കൂടുതല്‍ പ്രയോജനകരം.
ആധുനിക മനശ്ശാസ്ത്രമനുസരിച്ച് പതിന്നാല്-പതിനഞ്ചു വയസ്സുവരെയുള്ള ജീവിതാനുഭവങ്ങളുടെ സ്വാധീനമാണ് ഇത്തരം സ്വഭാവവൈകല്യങ്ങളുടെ അടിസ്ഥാനം.
അതായത് അച്ഛന്‍റെ കരുതലും വാത്സല്യവും വേണ്ടുംവണ്ണം അനുഭവിച്ചറിയാന്‍ കഴിയാതെപോയ പെണ്‍കുട്ടികളാണ് ഇത്തരം സ്വഭാവവൈകല്യങ്ങള്‍ പ്രകടിപ്പിക്കാറുള്ളത്.
തീരെ നിസ്സാരമെന്ന് ഒരുപക്ഷേ, മറ്റുള്ളവര്‍ക്ക് തോന്നിയേക്കാവുന്ന അത്തരം ചെറുതും വലുതുമായ കാര്യങ്ങളുടെ ഇന്ദ്രിയാനുഭവപരമായ സ്വാധീനം (ഓര്‍മ്മയല്ല) അത്യാധുനിക മാനസികപ്രശ്നചികിത്സാശാസ്ത്രമായ എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ബ്രെയിന്‍വേവ് തെറപ്പിയിലൂടെ ‘ഡികോഡ്’ ചെയ്തു മാറ്റുമ്പോള്‍ ഈ പ്രശ്നം പൂര്‍ണ്ണമായും മാറ്റപ്പെടുന്നതാണ്.
എത്രയും വേഗം ആധുനിക മനശ്ശാസ്ത്ര ചികിത്സാസങ്കേതങ്ങളില്‍ വിദഗ്ദ്ധനായ ഒരു മനശ്ശാസ്ത്രജ്ഞനെ സമീപിക്കുക. ആശംസകള്‍.