ഹരിയാനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നായബ് സിങ് സൈനി മുഖ്യമന്ത്രിയാവും. ബിജെപി നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി ഏകകണ്ഠേന തെരഞ്ഞെടുത്തതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം.
ഇന്നു വൈകിട്ടു പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും ജനനായക് ജനതാ പാര്‍ട്ടിയുമായുള്ള സഖ്യം തകർന്നതിനു പിന്നാലെയാണ് ഖട്ടര്‍ പദവി രാജിവച്ചത്.
രാവിലെ ഖട്ടര്‍ രാജിക്കത്ത് ഗവർണർ ബന്ദാരു ദത്താത്രേയയ്ക്ക് കൈമാറി.
ലോക്സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യം തകർന്നത്.
ഇതേത്തുടർന്ന് കേന്ദ്രനിരീക്ഷകരായ അർജുൻ മുണ്ട, ബിപ്ലവ് ദേബ്, തരുണ്‍ ഛുഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപി എംഎല്‍എമാരുടെ യോഗം ചേർന്നു.
ഈ യോഗത്തിലാണ് മനോഹർ ലാല്‍ ഖട്ടർ രാജിവെക്കാൻ തീരുമാനിച്ചത്.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച മനോഹർ ലാല്‍ ഖട്ടറിനെ ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കും.
കര്‍ന സീറ്റിലാകും ഖട്ടര്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ആറു സ്വതന്ത്ര എംഎല്‍എമാരും ഹരിയാന ലോക്ഹിത് പാർട്ടിയുടെ എംഎല്‍എയും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 41 അംഗങ്ങളാണുള്ളത്.
ജെജെപിക്ക് 10 അംഗങ്ങളുണ്ട്.
കേവല ഭൂരിപക്ഷത്തിന് 46 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.
കോണ്‍ഗ്രസിന് 30 എംഎല്‍എമാരാണുള്ളത്.
അഞ്ച് ജെജെപി എംഎല്‍എമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂറുമാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സഖ്യം പിളർന്നതിന് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല പ്രഖ്യാപിച്ചിട്ടുള്ളത്.