തൃശൂർ ചാവക്കാട് ടൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു.
ചാവക്കാട് ട്രാഫിക് ഐലൻഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്.
ഇതേതുടർന്ന് മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അഗ്നിബാധയുണ്ടായത്
തീ നിയന്ത്രണവിധേയമായി.
ഓടിട്ട കെട്ടിടമാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്.
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അസീസ് ഫുട്‌വെയറും ടിപ്പ് ടോപ്പ് ഫാൻസി ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്.
കെട്ടിടത്തിന്റെ മുകൾ ഭാഗത്തും തീപിടിത്തമുണ്ടായി.
കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാൻസ്‌ഫോർമറിലെ കേബിളുകൾ കത്തിനശിച്ചെങ്കിലും ട്രാൻസ്‌ഫോർമറിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
അഗ്നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളെത്തിയാണ് പുലർച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കിയത്.
നാട്ടുകാരും തീ അണക്കാൻ രംഗത്തിറങ്ങി. തീപിടിത്തകാരണം വ്യക്തമായിട്ടില്ല.