കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ അനധികൃതമായി സ്ഥാപിച്ച 78 പ്രചരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 75 പോസ്റ്ററുകളും 3 ബാനറുകളുമാണ് നീക്കം ചെയ്തത്.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്.
പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങൾ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്.
നീക്കം ചെയ്യുന്ന ചിലവ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും.
ഒരു മണ്ഡലത്തിൽ നാല് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡാണ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലായി ആകെ 36 ടീമുകളാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡായി പ്രവർത്തിക്കുന്നത്.
ഓരോ സംഘത്തിലും ടീം ലീഡർ, രണ്ടു ടീം അംഗങ്ങൾ, പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരാണുള്ളത്.
രാവിലെ ആറു മുതൽ രാത്രി 10 മണിവരെ രണ്ടു ഷിഫ്റ്റുകളിലായാണ് സ്‌ക്വാഡിന്റെ പ്രവർത്തനം.