യേസ്, ആഷിക്ക് നല്ലവനായിരുന്നു.
അടക്കവും ഒതുക്കവുമുള്ള ചെറുപ്പക്കാരന്‍.
അഞ്ചക്കശമ്പളമുളള ബാങ്കുദ്യോഗസ്ഥന്‍.
പ്രായം തികഞ്ഞു.
വിവാഹിതനായി.
മറ്റൊരു ബാങ്കിലെ ഉദ്യോഗസ്ഥയായ സീനുവായിരുന്നു ആഷിക്കിന്‍റെ പങ്കാളി.
മധുവിധുക്കാലം…..
രണ്ടുമാസങ്ങള്‍ക്കുശേഷം സീനു സ്വന്തം വീട്ടിലേക്കു മടങ്ങി.
കേട്ടവര്‍ തലയില്‍ കൈവച്ചു….! (പേടിക്കേണ്ട സ്വന്തം തലയില്‍ത്തന്നെ).
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സീനു വസ്തുതകള്‍ മനശ്ശാസ്ത്രജ്ഞനു മുന്‍പില്‍ വിളമ്പി.
ഫ്ളാഷ് ബാക്ക്–
ആദ്യനാള്‍ തൊട്ടേ ആഷിക്കിന്‍റെ പെരുമാറ്റശൈലി ഒരുപാട് വിചിത്രമായിരുന്നുവത്രേ!
അളന്നു തൂക്കിയുള്ള സംസാരം.
ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രം വളരെ കഷ്ടപ്പെട്ട് ഒന്നു ചിരിച്ചെങ്കിലായി.
സീനു അങ്ങോട്ടെങ്ങാനും ഒരു തമാശ പറഞ്ഞാല്‍ രൂക്ഷമായി ‘ഭര്‍ത്തൃപ്രമുഖന്‍’ ഒന്നു സൂക്ഷിച്ചുനോക്കും.
‘പാടില്ല’ എന്നര്‍ത്ഥം!
അമ്മായിയമ്മയുടെയോ നാത്തൂന്മാരുടെയോ ശല്യം സീനുവിന് തീര്‍ത്തും ഉണ്ടായിരുന്നില്ല.
കാരണം നഗരത്തിലെ മുന്തിയ ലക്ഷൂറിയസ് അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഒരു ഫ്ളാറ്റ് അമ്മായിയപ്പന്‍ സ്ത്രീധനവകേല്‍ ആഷിക്കിന് സമ്മാനിച്ചിരുന്നു.
എന്തായാലും ഓരോ ദിവസവും ഓരോ വര്‍ഷംപോലെയായിരുന്നു സീനുവിന്.
‘ഒരനക്കവുമില്ലാത്ത’ ദിനരാത്രങ്ങള്‍!
രാത്രികള്‍…. പേടിസ്വപ്നംപോലെയായിരുന്നുവത്രേ ആഷിക്കിന്.
‘സഹോദരനിര്‍വിശേഷമായ’ വാത്സല്യത്തോടെ അയാള്‍ ഭാര്യയോട് സംസാരിച്ചുകൊണ്ടേയിരിക്കും.
പ്രത്യേകിച്ച് യാതൊരു അര്‍ത്ഥവുമില്ലാത്ത ‘ബളബളാ’ സംസാരം-ദാറ്റ്സ് ഓള്‍!
കിടപ്പറയില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നുണ്ടായിരുന്നില്ല.
ഭക്ഷണം കഴിച്ച് എന്തെങ്കിലും സ്നേഹവചനം മൊഴിഞ്ഞ് നമ്മടെ ആശാന്‍ ഇടതുവശത്തേക്ക് ചരിയും.
നിര്‍ഭാഗ്യയായ ഭര്‍ത്തൃമതി വലതുവശത്തേക്കും….!
അങ്ങനെ ഇടതും വലതുമായി കഥാനായകനും നായികയും ലൈഫ് മുന്‍പോട്ടു നീക്കി….!
ആറുമാസം കഴിഞ്ഞപ്പോ സീനൂന് സംഗതി ഏതാണ്ട് പിടികിട്ടി.
ദാമ്പത്യ ലൈഫ് പൊകയായീന്ന്!
ഏതേലും ഡോക്ടറെ കാണാന്‍ പറഞ്ഞാല്‍ നമ്മടെ വിദ്വാന്‍ എപ്പൊ തലയൂരീന്ന് ചോദിച്ചാ മതി.
അങ്ങനെ സകല അടവുകള്‍ക്കും വഴക്കുകള്‍ക്കും ഭീഷണികള്‍ക്കും ഒടുവില്‍ രാവിലെ 7.35-നുള്ള പൗര്‍ണ്ണമി ബസ്സില് കേറി സീനു കൂത്താട്ടുകുളം ടൗണിനടുത്തൊള്ള വീട്ടിലെത്തി!
അവള് പറഞ്ഞ ഷോക്കിംഗ് വിവരങ്ങള്‍ കേട്ട് കണ്ണുതള്ളിപ്പോയി വീട്ടുകാരെടെ!
ആലോചിച്ചുറപ്പിച്ച വിവാഹമായതുകൊണ്ട് വെറുതെയിരിക്കാന്‍ അവര് തയ്യാറായിരുന്നില്ല.
അല്പസ്വല്പം സംസാരമൊക്കെയുണ്ടായെങ്കിലും ഒടുവില്‍ ചികിത്സയ്ക്ക് അങ്ങനെ ആഷിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു.
ആഷിക്കിന്‍റെ അന്തരംഗം
സംഗതി കൊറച്ച് കോംപ്ലിക്കേറ്റഡായിരുന്നു മച്ചാ!
എല്ലാ ക്ലാസ്സിലും ഒന്നാമനായിരുന്ന ആഷിക്ക് ആകെ തോറ്റത് ലൈഫില് മാത്രമായിരുന്നു.
അതൊരു ഒന്നൊന്നര തോല്‍വിയുമായിരുന്നു.
മൂന്നു പെണ്‍കുട്ടികള്‍ക്കിടയില്‍ ‘ആമ്പോലിച്ചു’ വളര്‍ത്തപ്പെട്ട ഒരേയൊരു ആണ്‍തരിയായിരുന്നു ആഷിക്ക്!
മാതാപിതാക്കള്‍ക്ക് പുന്നാരക്കുട്ടന്‍!
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൊഞ്ചിപ്പിള്ള!
ഹോര്‍മോണിന്‍റെ പരിണതഫലമെന്നോണം ആഷിക്കും വളര്‍ന്നു.
പക്ഷേ, ശരീരം മാത്രം!
മനസ്സ് മേലോട്ടു വരാതെ ‘ബോണ്‍സായ്’ ആയിപ്പോയി!
എന്തുകൊണ്ടാണിങ്ങനെ എന്നതിന് നമ്മള്‍ ഗൂഗിളില്‍ കാരണം അന്വേഷിക്കേണ്ടതില്ല! വളര്‍ത്തുഗുണം!
പെമ്പിള്ളേരോടൊന്നും നമ്മടെ നായകന്‍ മിണ്ടാറ് പോയിട്ട് മൊഖത്ത് നോക്കാറുകൂടിയില്ല.
ചിരി, തമാശ തുടങ്ങിയ കാര്യങ്ങളെപ്പറ്റി കക്ഷി കേട്ടിട്ടു കൂടിയില്ല.
അച്ചടിച്ചപോലെ കിറുകൃത്യമായി ജീവിക്കുന്ന ആഷിക്കിന് പറ്റിയ പണിയുമാണ് തരപ്പെട്ടത്! ബാങ്കുദ്യോഗം!
പിന്നെപ്പറയേണ്ടല്ലോ പൂരം! ലൈഫ് ഈസ് വെരി ബ്യൂട്ടിഫുള്‍!
ഏറ്റവും നല്ല ബാങ്കുകള്‍ക്കുള്ള സോണല്‍ അവാര്‍ഡ് ഇതിനകം രണ്ടുമൂന്നുതവണ നമ്മടെ പാര്‍ട്ടി അടിച്ചെടുക്കുകേം ചെയ്തു. (പിന്നല്ല, നമ്മളോടാ കളി?)
പിന്നെ–നാട്ടുനടപ്പനുസരിച്ച് കേരളാ മാട്രിമോണിയലില്‍ പ്രൊഫൈല്‍ ഇട്ട് സമയോചിതമായി വിവാഹവും സമംഗളം നടന്നു.
ബാക്കി ചരിത്രം!
എന്താണിങ്ങനെ?
ഒറ്റയടിക്കു വേണേല്‍ ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ പാപബോധം, കുറ്റബോധം എന്നൊക്കെ പറയാം!
പക്ഷേ,അതിനുമപ്പുറം ചിലതൊക്കെയില്ലേ?
യേസ് ബ്രോ, തീര്‍ച്ചയായും ഉണ്ട്.
അതത്രേ വളര്‍ത്തുദോഷം! അമിതമായ ചിട്ടകള്‍, നിഷ്കര്‍ഷകള്‍, പേരന്‍റ്സിന്‍റെ അനാവശ്യമായ നിര്‍ബന്ധബുദ്ധികള്‍ ഒക്കെത്തന്നെ മക്കളെ ഇവ്വിധം ‘ആഷിക്കുമാര്‍’ ആക്കുന്നുണ്ട്…..!
ഓര്‍ക്കുക, ഇന്നത്തെ നല്ല കുട്ടികള്‍, നാളത്തെ പ്രശ്നക്കാരാണ്!
പല മാതാപിതാക്കളും ഇക്കാര്യം അറിയുന്നില്ല.
സമ്മര്‍ദ്ദം (അത് പുറത്തുനിന്നും അകത്തുനിന്നും ആവാം) ഏറുമ്പോള്‍ ഏതൊരു വസ്തുവും പൊട്ടിക്കീറുമല്ലോ!
പിള്ളേരെടെ ജീവിതോം ഏതാണ്ട് അങ്ങനെ തന്നെയാണ്…..
പ്രശ്നം ലൈംഗികം?
പ്രോബ്ലം ലൈംഗികതയുമായി അറിയാതെ കണക്ടഡ് ആകുന്നതൊന്നുമല്ല.
അടിച്ചമര്‍ത്തലുകള്‍ ഒതുക്കിവച്ച അരിശമായി മാറുമ്പോള്‍ എന്തു ലൈംഗികത?
ഒപ്പം കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ സാഹചര്യങ്ങളുമായി അടിസ്ഥാനപ്പെട്ട് രൂപപ്പെടുന്ന കുറ്റബോധം ഒടുക്കത്തെ വില്ലനുമാകും!
പിന്നെ കിട്ടുന്ന അറിവുകളാകട്ടെ ഇന്‍റര്‍നെറ്റിലുള്ളതും!
അതില്‍ പകുതിയിലേറെയും മനുഷ്യനെ ചുമ്മാ ഭ്രമിപ്പിച്ച് വട്ടാക്കുന്നവയും…..!
ഇനി?
നമ്മളീ ജനിച്ചുവളര്‍ന്ന സംസ്കാരത്തിന് അനുസൃതമായ ഒരു ലൈംഗികസംസ്കാരം ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു.
ആരോഗ്യകരമായ സ്ത്രീപുരുഷസൗഹൃദം ഈ വകുപ്പില്‍ ഒന്നാമത്തെയാണ്.
മച്ചാ, ജീവിതത്തിലാദ്യമായി ഒരാള്‍ അടുത്തുകാണുന്ന പെണ്ണ് ഭാര്യയാവുമ്പോള്‍, മറ്റൊരു വശത്ത് ആ ദാമ്പത്യം കൊളമാകാനൊള്ള സാദ്ധ്യത ഏറെയാണെന്നത് പറയാതെ വയ്യ!
സ്ത്രീ എന്നാല്‍ ഒരു അത്ഭുതവസ്തു അല്ലെന്നും വെറുമൊരു ലൈംഗിക ഉപകരണമല്ലെന്നുമൊക്കെയുള്ള സാമാന്യബോധം ഡീപ്പായി ഓരോ ചെറുപ്പക്കാരന്‍റേം മനസ്സില്‍ പതിയേണ്ടിയിരിക്കുന്നു…..!
അല്ലേല്‍ ആയുസ്സിന്‍റെ പുസ്തകത്തീ മണ്ടത്തരങ്ങളുടെ പേജേ ഒണ്ടാവൂ!
മറ്റുള്ളവര്‍ക്കിടയില്‍ ഇറങ്ങിനടന്നുള്ള ലൈഫ്സ്റ്റൈല്‍ ഇല്ലാതെപോയതാണ് പല ‘അബദ്ധജീവിതങ്ങള്‍’ക്കും കാരണം….!
അതിനാദ്യം വേണ്ടത് കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റുമൊക്കെ കുറച്ചുനേരത്തേക്കെങ്കിലും ഓഫാക്കിവച്ച് പച്ചയായ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതാണ്!
സാധാരണ പെരുമാറ്റശൈലി സ്വാഭാവികമായി സ്വായത്തമാക്കുന്നവന് ദാമ്പത്യമെത്തുമ്പോള്‍ ലൈംഗികതയെപ്പറ്റി ഒരു കണ്‍ഫ്യൂഷനും ഉണ്ടാ
വില്ല….
ചുരുക്കിപ്പറഞ്ഞാല്‍ “ചുമ്മാ മുറിക്കുള്ളീ ചടഞ്ഞിരിക്കാതെ ഒന്നുപൊറത്തേക്കെറങ്ങ് മച്ചാ ഒക്കെ ശരിയാകും!”
ദാറ്റ്സ് ഓള്‍!