മദ്യനയക്കേസിൽ എ.എ.പി മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇൻഡ്യ സഖ്യം മാർച്ച് 31ന് മെഗാറാലി നടത്തും.
ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ ഗോപാൽ റായ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ റാലിയിൽ പങ്കെടുക്കും.
കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ഭരണഘടനയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകൾ രോഷം കൊള്ളുകയാണ്.
കെജ്‌രിവാളിൻ്റെ മാത്രം കാര്യമല്ല, ഇത് എതിർക്കുന്നവരെ ഒന്നൊന്നായി തുടച്ചുനീക്കാനാണ് ബി.ജെ.പി സർക്കാരിൻ്റെ ശ്രമമെന്നും ഗോപാൽ റായ് പറഞ്ഞു.
കേന്ദ്ര അന്വേഷണഏജൻസികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരുപയോഗം ചെയ്യുകയാണ്.
പ്രതിപക്ഷ എം.എൽ.എമാരിൽ ചിലരെ വിലക്കെടുക്കുന്നു.
അല്ലാത്തവരെ ഭീഷണിപ്പെടുത്തി പാർട്ടിയിൽ ചേർക്കുന്നു.
അതിലും വഴങ്ങാത്തവരെ കള്ളക്കേസുകൾചുമത്തി ജയിലിലടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിപ്ലവ സമരങ്ങൾക്ക് വേദിയായ രാംലീല മൈതാനത്തിലാകും റാലിയെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വ്യക്തമാക്കി