തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പന്‍ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമായ പാമ്പന്‍ പാലം 110 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
തീവണ്ടിപ്പാലവും റോഡുപാലവും ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തെയാണ് സാധാരണ പാമ്പന്‍പാലമെന്ന് വിശേഷിപ്പിക്കാറുള്ളത്.
പാമ്പന്‍പാലം ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കി പാലത്തിന്‍റെ മധ്യഭാഗം ഇരുദിശയിലേക്കും മാറ്റാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്‍റെ നിര്‍മ്മാണം.
പ്രധാന കരയ്ക്കും രാമേശ്വരം സ്ഥിതിചെയ്യുന്ന പാമ്പന്‍ദ്വീപിനും ഇടയിലുള്ള പാക്കടലിടുക്കിന് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
1914 ഫെബ്രുവരി 24-ന് പാലത്തിന്‍റെ പണി പൂര്‍ത്തിയായി.
ശ്രീലങ്ക വഴിയുള്ള വ്യാപാരം സുഗമമാക്കാന്‍ ബ്രിട്ടീഷുകാരാണ് പാലം നിര്‍മ്മിച്ചത്.
രാമേശ്വരത്തിന്‍റെ ഏറ്റവും കിഴക്കുഭാഗത്ത് സമുദ്രത്തിലേക്ക് നീണ്ടുകിടക്കുന്ന തുരുത്താണ് ധനുഷ്കോടി.
ഇവിടെ നിന്ന് ശ്രീലങ്കയിലേക്ക് 16 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാമായണത്തില്‍ രാവണനെ കൊല്ലാന്‍ ശ്രീരാമന്‍ ലങ്കയിലേക്ക് പോയത് ഇതുവഴിയാണെന്നാണ് ഐതിഹ്യം.
നിര്‍മ്മിച്ച സമയത്ത് പാമ്പന്‍ തീവണ്ടിപ്പാലം ധനുഷ്കോടി വരെയുണ്ടായിരുന്നു.
എന്നാല്‍ 1964 ഡിസംബര്‍ 22-ന് രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ ധനുഷ്കോടി ഭാഗത്തെ പാലം തകര്‍ന്നു.
ധനുഷ്കോടിയിലേക്ക് പോവുകയായിരുന്ന ഒരു ട്രെയിന്‍ കടലിലേക്ക് ഒലിച്ചുപോയി.
ആരും തന്നെ രക്ഷപ്പെട്ടില്ല.
ധനുഷ്കോടി പട്ടണവും റോഡും തീവണ്ടിപ്പാലവും എല്ലാം പൂര്‍ണമായി നശിച്ചുപോയി.
അവശേഷിച്ച പാമ്പന്‍പാലത്തിന് സാരമായ കേടും സംഭവിച്ചു.
പിന്നീട് പുതുക്കിപ്പണിതതാണ് ഇന്നത്തെ പാലം.
ദുരന്തത്തിനു ശേഷം ധനുഷ്കോടിയില്‍ ഏതാനും അവശിഷ്ടങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
ബാക്കിയെല്ലാം കടലെടുത്തു.
ഇപ്പോള്‍ പാമ്പന്‍പാലം രാമേശ്വരം വരെ മാത്രമേയുള്ളൂ.
നേരത്തേ മീറ്റര്‍ഗേജ് പാളമായിരുന്ന പാമ്പന്‍റെയില്‍വേപ്പാലം 2007-ല്‍ ബ്രോഡ്ഗേജ് ആക്കിമാറ്റി.
145 തൂണുകളും 40 അടി വീതിയുള്ള ഉരുക്കുഗര്‍ഡറുമുള്ള പാലത്തിന്‍റെ നീളം 2057 മീറ്ററാണ്.