കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു, തടഞ്ഞ സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽ
കൊല്ലം ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും തടയാൻ ചെന്ന സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇളമാട് അമ്പലംമുക്ക് സ്വദേശികളായ രണ്ട് പ്രതികളുടേയും പേര് സതീശൻ എന്നാണ്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം നടന്നത്.
അമ്പലമുക്ക് കുണ്ടൂരിൽ വച്ച് പ്രതികളിലൊരാളുടെ ഓട്ടോറിക്ഷയിൽ ശ്രീക്കുട്ടനെന്ന യുവാവിന്‍റെ വാഹനം തട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമണത്തിലേക്ക് വഴിവെച്ചത്.
ശ്രീക്കുട്ടനെ സുഹൃത്തുക്കളായ സതീശന്മാർ ചേർന്ന് മർദ്ദിച്ചു.
കെട്ടിയിട്ടും ആക്രമിച്ചു.
സംഭവം അറിഞ്ഞെത്തിയ ശ്രീകുട്ടന്റെ സഹോദരൻ ശ്രീശാന്ത് മർദ്ദനം തടയാൻ ശ്രമിച്ചു.
എന്നാൽ ശ്രീശാന്തിനെ പ്രതിയുടെ വീട്ടുമുറ്റത്ത് വച്ച് കത്തി ഉപയോഗിച്ച് ഇടത് നെഞ്ചിൽ വെട്ടുകയായിരുന്നു.
ശ്രീക്കുട്ടനെ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
വിവരമറിഞ്ഞെത്തിയ ചടയമംഗലം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സഹോദരങ്ങളെ ആശുപത്രിയിലെത്തിച്ചത്.
പിന്നാലെ പ്രതികളെ പിടികൂടി.
പിടിയിലായവരിൽ ഒരാൾ വധശ്രമം ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.