ലോക്‌സഭാ തിരഞ്ഞെടുപ്പ്: സി വിജിൽ ആപിൽ ലഭിച്ചത്1689 പരാതികൾ; ഇത് വരെ 10195 മാതൃകാ പെരുമാറ്റചട്ട ലംഘനങ്ങളിന്മേൽ നടപടി
ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡും ചേര്‍ന്ന് പൊതുസ്ഥലങ്ങളില്‍ മാതൃകാ പെരുമാറ്റചട്ടങ്ങൾക്ക് വിരുദ്ധമായി സ്ഥാപിച്ച 10195 വസ്തുവകകൾ നീക്കം ചെയ്തു.
പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതൽ ഏപ്രിൽ രണ്ട് വരെയുള്ള കണക്കാണിത്.
7860 പോസ്റ്ററുകളും1573 ബാനറുകളും 758 കൊടികളും നീക്കം ചെയ്തവയില്‍പ്പെടുന്നു.
ഇതില്‍ 1689 പരാതികള്‍ സി-വിജില്‍ ആപ്പ് മുഖേനയാണ് ലഭിച്ചത്.
പൊതുജനങ്ങള്‍ക്ക് ചട്ടലംഘനങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പകര്‍ത്തി പരാതിയായി അറിയിക്കാനുള്ള സംവിധാനമാണ് സി-വിജില്‍ ആപ്പ്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നല്‍കാം.
പേര് വെളിപ്പെടുത്തിയാണ് പരാതി നല്‍കുന്നതെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കണം.
ഫോണില്‍ ലഭിക്കുന്ന നാലക്ക ഒ ടി പിയും അടിസ്ഥാന വിവരങ്ങളും നല്‍കി ലോഗിന്‍ ചെയ്ത് പരാതി രേഖപ്പെടുത്താം.
പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെങ്കില്‍ അജ്ഞാതന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കണം.
അജ്ഞാത പരാതികളുടെ തുടര്‍നടപടികള്‍ അറിയാനാകില്ല.
തുടര്‍ന്ന് ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കണം.
അപ്പോള്‍ തന്നെ പരാതിക്കാരന്റെ ലൊക്കേഷന്‍ ആപ്പില്‍ രേഖപ്പെടുത്തും.
ഫോട്ടോ/വീഡിയോ/ഓഡിയോ രൂപത്തിലുള്ള പരാതി, പരാതിയുടെ സ്വഭാവം, സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം സമര്‍പ്പിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.
ആപ്പില്‍ പ്രവേശിച്ച് അഞ്ച് മിനുട്ടിനകം ഈ നടപടികള്‍ പൂര്‍ത്തിയാക്കില്ലെങ്കില്‍ സമയപരിധി അവസാനിക്കും.
അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ആപ്പ് തുറന്ന് പരാതി നല്‍കാം.
ചട്ടലംഘനം കണ്ടെത്തിയ സ്ഥലത്ത് നിന്നുതന്നെ പരാതി സമര്‍പ്പിക്കണം.
സഞ്ചരിച്ചുകൊണ്ട് പരാതി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍ മാറാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണ സ്‌ക്വാഡിന് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടാകും.
പരാതികളില്‍ 100 മിനുട്ടിനുള്ളില്‍ നടപടിയാകും.
പണം, സമ്മാനം, മദ്യം എന്നിവയുടെ വിതരണം, അനുമതിയില്ലാതെ ബാനര്‍, പോസ്റ്ററുകള്‍ സ്ഥാപിക്കല്‍, ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍,ഭീഷണിപ്പെടുത്തല്‍, മതപരമോ വര്‍ഗീയമോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ പരാതികള്‍ ആപ്പിലൂടെ നല്‍കാനാകും.