—-അഡ്വ.ലക്ഷ്മി
സുനിയും അപ്പൂപ്പനും ബീച്ചില്‍ സായാഹ്നസവാരിക്കെത്തി.
അസ്തമയം കണ്ട ശേഷം സുനിക്കൊരു സംശയം.
“അപ്പൂപ്പാ, ബോട്ടിനെങ്ങനെയാ കടലില്‍ എളുപ്പം ഒഴുകിനടക്കാന്‍ സാധിക്കുന്നത്?”
അപ്പൂപ്പന്‍ പറഞ്ഞു, “കടലില്‍ വെള്ളമുണ്ടല്ലോ? വെള്ളമാണ് ബോട്ടിന്‍റെ സഞ്ചാരത്തെ എളുപ്പമാക്കുന്നത്. ബോട്ടിനെ കടല്‍ത്തീരത്തെ മണലിലൂടെ തള്ളിനീക്കുന്നത് പ്രയാസമല്ലേ?”
അപ്പൂപ്പന്‍ തുടര്‍ന്നു,”നമ്മുടെ ജീവിതത്തെ ബോട്ടിനോട് ഉപമിക്കാവുന്നതാണ്.”
സുനി ചോദിച്ചു,”അതെങ്ങനെയാ അപ്പൂപ്പാ?”
അപ്പൂപ്പന്‍ പറഞ്ഞു, “സ്നേഹവും സത്യസന്ധതയും നന്മയും നിറഞ്ഞ മനസ്സാണ് വെള്ളം. അത്തരത്തിലുള്ള മനസ്സിന്‍റെയുടമയ്ക്ക് ജീവിതം എപ്പോഴും ഉത്സാഹം നിറഞ്ഞതായിരിക്കും.”
“അപ്പോള്‍ കാറും കോളുമുണ്ടായാലോ?”സുനിക്ക് വീണ്ടും സംശയം.
അപ്പൂപ്പന്‍റെ പക്കല്‍ ഉത്തരം റെഡിയായിരുന്നു.
“ആത്മവിശ്വാസമുണ്ടായാല്‍ ഏതൊരു പ്രശ്നവും പ്രശ്നമേയല്ലാതാകും.”
പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതം ആര്‍ക്കുമുണ്ടാവില്ല.
എന്നാല്‍ അതിനെ ആത്മവിശ്വാസത്തോടെ സമീപിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും.