കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഒന്നാഘട്ട വാഹനപര്യടനത്തിന് വൈക്കത്ത് വൻ വരവേൽപ്പ്.
ഇന്നലെ ( ഞായർ ) രാവിലെ 8ന് വെച്ചൂർ പഞ്ചായത്തിലെ പരിയാരത്തു നിന്നുമാണ് പര്യടനം ആരംഭിച്ചത്.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
വാഴക്കുലയും റോസാപൂക്കളും കണിക്കൊന്ന പൂക്കളുമായാണ് പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും സ്വീകരണത്തിന് മിഴിവേകി.
രാത്രിവൈകി പരുത്തുമുടിയിൽ പ്രചാരണം അവസാനിച്ചു.
ഇതോടെ പാലാ, പുതുപ്പള്ളി, പിറവം, വൈക്കം മണ്ഡലങ്ങളിലെ ആദ്യഘട്ടം വാഹന പ്രചരണം പൂർത്തിയാക്കി.
ഇന്ന് (തിങ്കൾ) ഏറ്റുമാനൂരിലും 10ന് കടുത്തുരുത്തിയിലും 11ന് കോട്ടയത്തുമായി ആദ്യഘട്ട പര്യടനം പൂർത്തീകരിക്കും.
രണ്ടാംഘട്ടപര്യടനം 12ന് പിറവത്താണ് ആരംഭിക്കുന്നത്.
13ന് പാലാ, 15ന് കോട്ടയം, 16ന് കടുത്തുരുത്തി, 17ന് ഏറ്റുമാനൂർ, 18ന് വൈക്കം, 19ന് പുതുപ്പള്ളി എന്നിങ്ങനെയാണ് രണ്ടാംഘട്ട പര്യടനം.