കുതിരപ്പുറത്തിരുന്ന് കളിക്കുന്ന കായികവിനോദമാണ് പോളോ.
നീളത്തിലുള്ള വടി ഉപയോഗിച്ച് കുതിരപ്പുറത്തിരുന്ന് ഗോള്‍ അടിക്കണം.
വലിയ പുല്‍മൈതാനത്തിലാണ് ഇത് കളിക്കുന്നത്.
ഓരോ ടീമിലും നാല് പേരുണ്ടാകും.
പേര്‍ഷ്യന്‍ പുസ്തകങ്ങളില്‍ നിന്നാണ് പുരാതനകാലത്ത് നിലനിന്നിരുന്ന പോളോയെക്കുറിച്ച് നമുക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്.
പേര്‍ഷ്യന്‍ കവിയായ ഫിര്‍ദൗസി തന്‍റെ കൃതിയായ ഷാനാമയില്‍ പോളോയെക്കുറിച്ച് പ്രതിപാദിക്കുന്നു.
പില്‍ക്കാലത്ത് പോളോ പേര്‍ഷ്യയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രചരിച്ചു.
ചൈനയിലെ പുരാതന പെയിന്‍റിംഗുകളില്‍ പോളോ കളിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്.
പന്ത് എന്ന അര്‍ത്ഥം വരുന്ന പുളു എന്ന ടിബറ്റന്‍ വാക്കില്‍ നിന്നുമാണ് പോളോ എന്ന വാക്കുണ്ടായതെന്ന് കരുതുന്നു.
എ.ഡി. 706-ല്‍ ചൈനയിലെ ടാങ് രാജവംശം പോളോ കളിച്ചിരുന്നുവത്രേ.
ഇന്ത്യയിലെ മണിപ്പൂരില്‍ രാജാക്കന്മാരുടെ വിനോദമായിരുന്നു പോളോ.
സാഗോള്‍ കാന്‍ഗ് ജേയ്, കഞ്ചായ് ബാസി എന്നൊക്കെയാണ് ഇത് അറിയപ്പെട്ടിരുന്നത്.
മണിപ്പൂരിലെ ഇംഫാലില്‍ പഴക്കം ചെന്ന ഒരു പോളോ മൈതാനമുണ്ട്.
1862-ല്‍ കല്‍ക്കട്ടയില്‍ ബ്രിട്ടീഷുകാരായ റോബര്‍ട്ട് സ്റ്റിവര്‍ട്ടും ജോ ഷിററും ഒരു പോളോ ക്ലബ് സ്ഥാപിച്ചു.
ബ്രിട്ടീഷുകാരാണ് ലോകത്തിലെങ്ങും പോളോ പ്രചരിപ്പിച്ചത്.
മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ പോളോ കളിച്ചിരുന്നുവത്രേ.
രാത്രി പോളോ കളിക്കുമ്പോള്‍ കാണാനായി തീക്കനല്‍ പോലെ തിളങ്ങുന്ന പന്ത് ഉപയോഗിച്ചിരുന്നുവത്രേ.