കർണാടകയിലെ ഗദഗ് നഗരത്തില്‍ ഒരേ കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ബെത്തഗേരി മുനിസിപാലിറ്റി വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർതിക് ബകലെ (27), കൊപ്പല്‍ സ്വദേശികളായ പരശുരാമൻ (55), ഭാര്യ ലക്ഷ്മി (45), മകള്‍ ആകാംക്ഷ (16) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയെന്നും പ്രതികള്‍ മൂർച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തതെന്നും ഗദഗ് എസ് പി ബിഎസ് നേമഗൗഡ പറഞ്ഞു. ക്രൂരമായ കുറ്റകൃത്യത്തിന്റെ കാരണമോ പ്രതികളെ കുറിച്ചുള്ള സൂചനകളോ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ ദുരൂഹത വർധിച്ചിരിക്കുകയാണ്.
കാർതിക്കിൻ്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്ന സാഹചര്യത്തില്‍ കൊപ്പലില്‍ നിന്ന് ഗദഗ് നഗരത്തില്‍ എത്തിയതായിരുന്നു പരശുരാമനും കുടുംബവും. പരശുരാമൻ്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനവും വ്യാഴാഴ്ച രാത്രി ആഘോഷിച്ച് ബന്ധുവീടിൻ്റെ ഒന്നാം നിലയിലെ മുറിയില്‍ എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പുലർച്ചെയോടെ പരശുരാമനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയുടെ ജനല്‍ ചില്ലു തകർത്ത് അകത്തുകടന്ന അക്രമികള്‍ മൂന്നുപേരെയും ആയുധങ്ങള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. താഴത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന കാർതിക് ബകലെ, ശബ്ദം കേട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ എത്തിയപ്പോള്‍ യുവാവിനെയും അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
പിന്നീട് വീട്ടുടമ പ്രകാശ് ബകലെയും ഭാര്യയും മുനിസിപല്‍ കൗണ്‍സില്‍ വൈസ് പ്രസിഡൻ്റുമായ സുനന്ദ ബകലെയും ഉറങ്ങിക്കിടന്ന മുറിയുടെ വാതിലില്‍ അക്രമികള്‍ മുട്ടി. എന്നാല്‍ വാതില്‍ തുറക്കാതെ ദമ്ബതികള്‍ ഉടൻ തന്നെ പൊലീസിനെ വിളിച്ചു. പൊലീസിനെ വിളിക്കുന്നതിനിടെ അക്രമികള്‍ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.