കണ്ണൂർ കല്യാശ്ശേരിയിലെ കള്ളവോട്ട് പരാതിയിൽ ആറു പേർക്കെതിരെ കേസെടുത്തു.
92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് നടപടി.
പോളിങ് ഓഫിസർ പൗർണമി, പോളിങ് അസിസ്റ്റന്‍റ് ടി.കെ.പ്രജിൻ, മൈക്രോ ഒബ്സർവർ എ.എ. ഷീല, വിഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്പെഷൽ പൊലീസ് ഓഫിസർ ലജീഷ് എന്നിവർക്കെതിരെയാണ് കണ്ണപുരം പൊലീസ് കേസെടുത്തത്.
കല്യാശ്ശേരി പഞ്ചായത്തിലെ 164-ാം ബൂത്തിലെ വോട്ടറാണ് 92 വയസുള്ള ദേവി. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രായമായവരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്നലെ പോളിങ് ഉദ്യോഗസ്ഥർ ദേവിയുടെ വീട്ടിലെത്തിയത്.വോട്ട് ചെയ്യാൻ നിൽക്കുന്ന ദേവിയുടെ അടുത്തേക്ക് എത്തിയ കല്യാശ്ശേരി മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷൻ വോട്ട് രേഖപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
വോട്ട് അസാധുവാക്കുമെന്നും റീ പോൾ സാധ്യമല്ലെന്നും കാസർകോട് കലക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.