തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം
തിരഞ്ഞെടുപ്പു ദിവസവും തലേന്നും സ്ഥാനാർത്ഥികൾ നൽകുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ രാഷ്ട്രീയ പരസ്യങ്ങളുടെ ഉള്ളടക്കം എം.സി.എം.സി മുൻകൂട്ടി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിൽ അച്ചടി മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
മുൻകാലങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടും, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷപരവുമായ പരസ്യങ്ങൾ കാരണം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമാണ് മുൻകൂർ അനുമതി ആവശ്യപ്പെടുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന എറണാകുളം, ചാലക്കുടി ലോക് സഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 25, 26 തീയതികളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾക്ക് നിർദ്ദേശം ബാധകമായിരിക്കും.