ഈ കഥകൾക്കും എന്തോ പറയാനുണ്ട്

ചെറുകഥ ജീവിതത്തെ ശക്തമായി പ്രതിബിംബിപ്പിക്കുന്ന സാഹിത്യ മാധ്യമമാണ്. ചെറിയ ക്യാൻവാസിൽ കുറച്ച് കഥാപാത്രങ്ങളും സംഭവങ്ങളും നിറച്ച് അത് ജീവിതത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. അതിനൊരു ധർമ്മമുണ്ട്. ടോൾസ്റ്റോയിയുടെ ഒരാൾക്ക് എത്ര ഭൂമി വേണം എന്ന കഥയിൽ മനുഷ്യൻ്റെ ആർത്തി പ്രമേയമാക്കുന്നു. ലളിതാംബിക അന്തർജനത്തിൻ്റെ മാണിക്കനിൽ സഹജീവി സ്നേഹമാണ് രേഖപ്പെടുത്തുന്നത്. തകഴിയുടെ വെള്ളപ്പൊക്കത്തിലെ നായ നമ്മുടെ മനം കവരുന്നു. ടി പദ്മനാഭൻ്റെ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി വായനക്കാരനിലും പ്രകാശം പരത്തുന്നു. ഇന്ത്യയിൽ നടന്ന ബഹുസ്വരതക്കേറ്റ ധ്വംസനം എൻ എസ് മാധവൻ തിരുത്തിൽ രേഖപ്പെടുത്തുന്നു. നരേദോപാട്യയിലേക്കുള്ള ബസിൽ ഷിനിലാൽ സമകാലിക ഇന്ത്യ വരച്ചിടുന്നു. നെയ്പ്പായസത്തിൽ മാധവിക്കുട്ടി അമ്മയോർമ്മകളിൽ നമ്മെ
തളച്ചിടുന്നു. ഇന്നും മാഞ്ഞു പോവാത്ത ജാതി വെറിയെ എസ് ഹരീഷ് മോദസ്ഥിതനായ ങ്ങു വസിപ്പൂ മല പോലെ എന്ന കഥയിൽ രേഖപ്പെടുത്തുന്നു. പ്രണയത്തെ ലാസ്യഭാവങ്ങളിൽ ലോല മുതലുള്ള കഥകളിൽ പി പത്മരാജൻ അനുഭവിപ്പിക്കുന്നു. പ്രണയോപനിഷത്തിൽ വി ജെ ജയിംസ് പറയേണ്ടത് പറയുന്നു.

ഉദാഹരിക്കപ്പെട്ട കഥകൾ ഓരോന്നും ഓരോ ധർമ്മമാണ് നിർവ്വഹിക്കുന്നത്. മണ്ണും മനുഷ്യരും ജീവികളും തമ്മിലുള്ള ബന്ധം മുതൽ പ്രണയവും വിരഹവും രാഷ്ട്രീയവുമെല്ലാം ചെറുകഥകളിൽ കടന്നു വരുന്നു.

മലയാള ചെറുകഥ നവീനമായ പല തലങ്ങളിലും വ്യതിരിക്തമായ ഉൾക്കാഴ്ചയോടെ ഉയർന്നു നിൽക്കുന്നു. ഒട്ടേറെ കഥാകൃത്തുക്കൾ തങ്ങളുടെ ഭാവന കൊണ്ടും പ്രതിഭാ വിലാസം കൊണ്ടും മലയാള ഭാഷയെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. കഥകളിൽ ക്രാഫ്റ്റിലും ബിംബകൽപ്പനയിലുമൊക്കെ നവം നവങ്ങളായ പരീക്ഷണങ്ങളും നടന്നു വരുന്നു. എല്ലാം വിജയമാവില്ലയെങ്കിലും ചിലവ പുതിയ നാഴികക്കല്ലുകളായി മാറുന്നു.

കവിതകളുടെ കുത്തൊഴുക്കു പോലെ കഥകൾ എഴുതപ്പെടുന്നില്ല എങ്കിലും ഓരോ കഥാകൃത്തും തങ്ങളുടേതായ ഇടം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മഴനൂലിഴകൾ എന്ന സമാഹാരത്തിലൂടെ ഈ രംഗത്ത് കടന്നു വന്ന ഫമിതയും പ്രതീക്ഷകൾ ഉണർത്തുന്നു. നീലവരയുള്ള മഞ്ഞ ശലഭങ്ങൾ പതിനഞ്ച് കഥകളുടെ സമാഹാരമാണ്. യുദ്ധവും രാഷ്ട്രീയവും പ്രണയവും വിരഹവും നർമ്മവും സ്ത്രീ പ്രശ്നങ്ങളും പ്രകൃതിയും അമ്മയുമെല്ലാം ആ കഥകളിൽ കടന്നു വരുന്നു.

ഭാവനയുടെ ചിറകിൽ പറക്കുന്ന കഥകളും ഈ സമാഹാരത്തിൽ ഇഴ ചേർത്തിരിക്കുന്നു. ദ്യുതിയുടെ പിറവി അതിശയകരമായ ഒരു രാത്രിയിലാണ്. അവിടെ കടന്നു വന്ന ഗന്ധർവൻ ചേർത്തു പിടിച്ചപ്പോൾ അഭൗമമായ അനുഭൂതിയിൽ അവൾ ലയിച്ചു പോവുന്നു. പ്രണയത്തിൻ്റെ അനുപമവും മാസ്മരികവുമായ ലയമാണ് ഈ കഥയിൽ വരച്ചിടുന്നത്.

അപൂർണ്ണമെന്ന കഥയിലും പ്രണയത്തെ ഭാവഹാദികളോടെ വരച്ചിടുന്നു. അവൻ്റെ ശ്വാസമാവുന്ന അവളാണ് കഥയിലെ നായിക. പേരിടാനാവാത്ത പ്രണയത്തിനുമപ്പുറമുള്ള ബന്ധത്തെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്!

യുദ്ധക്കൊതിയിൽ എന്നും മനുഷ്യൻ അഭിരമിക്കുന്നു. ഇതിഹാസങ്ങൾ പോലും ചോരക്കൊതിയിൽ എഴുതപ്പെട്ടു. ക്രൗഞ്ചമിഥുന ഹംസത്തിൽ ഖിന്നനായ വാൽമീകിക്കും രാവണനെ വധിക്കേണ്ടി വരുന്നു. ഹിരോഷിമയും നാഗസാക്കിയും ഇന്ന് ഗാസയും ചുടലക്കളമാവുന്നു. അലിയൂ യുദ്ധക്കളത്തിലെ നിസഹായനായ കുട്ടിയുടെ കഥയാണ്. അലിയൂവിൽ അലിയാത്ത കടുകട്ടി മനസാണ് നിർഭാഗ്യവശാൽ മനുഷ്യന്.

“അമ്മ വീടെവിടെ, നീ വഴി തെറ്റിയലയുന്നു
അമ്മിഞ്ഞപ്പൂമണം വ്യഥകളിൽ നിറയുന്നു
കാഴ്ചയുണ്ടെങ്കിലും കാണാത്ത കണ്ണുകൾ
കേൾവിയുണ്ടെങ്കിലും കേൾക്കാത്ത കാതുകൾ
ഉച്ചത്തിലലറുന്നു, പാടുന്നു
തെല്ലുമില്ലൊച്ചയിൽ നാദബീജാക്ഷര സ്പന്ദനം”

ശ്രീകുമാരൻ തമ്പിയുടെ അമ്മ വീട് ഓർമ്മ വന്നു അമ്മയുടെ വീട് എന്ന കഥ വായിച്ചപ്പോൾ. നിറയെ പൂക്കളുള്ള അമ്മയുടെ വീട് സ്നേഹ മണമുള്ള വീടാണ്. ആ വീടും അതിലേക്കുള്ള വഴിയും മധുരിക്കുന്ന ഓർമ്മകളാണ്. അമ്മയ്ക്കൊപ്പം ചെലവഴിക്കാൻ നേരമില്ലാത്ത മക്കളുടെ കാലത്ത് അമ്മയുടെ വീടിനും ഒരു രാഷ്ട്രീയമുണ്ട്. അത് മുലപ്പാലിൻ്റെ, ഗർഭപാത്രത്തിൻ്റെ, ആർത്തവ രക്തത്തിൻ്റെ രാഷ്ട്രീയമാണ്.

കടലാസു പൂക്കളിൽ എഴുതി വച്ചതിലും സ്ത്രീപക്ഷ രാഷ്ട്രീയമുണ്ട്. വിഹ്വലതകളിൽ പൊറുതിമുട്ടുന്ന പെണ്ണിനെ കാണാതിരുന്നു കൂടാ!

നർമ്മത്തിൻ്റെ മർമ്മമറിയാം കഥാകാരിക്ക് എന്ന് തെളിയിക്കുന്ന കഥയാണ് സെൻ്റിമെൻ്റലിസത്തിൻ്റെ മദ്രാസ് വേർഷൻ. ബന്ധങ്ങളുടെ കെട്ടുപാടുകളിൽ ഇങ്ങനെ ചില അഴിയാക്കുരുക്കുകൾ വന്നു പെടാറുണ്ട്. നമുക്ക് ചില പരിചിതരായ കഥാപാത്രങ്ങളാണ് ഈ കഥയിൽ നിരക്കുന്നത്.

വനിതാ ദിനമായ മാർച്ച് എട്ടിൽ ഒരു വനിതയുടെ കഥ വ്യത്യസ്തതയോടെ അവതരിപ്പിക്കുന്നു. തൻ്റെ സ്വപ്നങ്ങൾ തല്ലിത്തകർത്ത് ഒരു കുടുംബ ജീവിതത്തിലേക്ക് കടക്കേണ്ടി വന്ന പെണ്ണിൻ്റെ വ്യാകുലതകൾ ഈ കഥ നന്നായി സംവേദനം ചെയ്യുന്നു. കാലമേറെ പുരോഗമിച്ചെന്ന് നാം ഊറ്റം കൊള്ളുമ്പോഴും പുരുഷാധിപത്യത്തിൻ്റെ ദംഷ്ട്രകൾ പെണ്ണിനെ വരിഞ്ഞു മുറുക്കുന്നുണ്ട്. ഒരു മോചനം ആഗ്രഹിക്കുന്ന പെണ്ണ് സ്വന്തം കാലിൽ നിൽക്കാൻ വഴികൾ തേടുന്നു.

പ്രണയത്തിൻ്റെ സുഗന്ധം തേടി പതിവായി മൂന്നാറെത്തുന്ന നായകനിലൂടെ പ്രണയത്തെ നന്നായി അടയാളപ്പെടുത്തുന്നു മൂന്നാർ എന്ന കഥ. ഭാഷയുടെ മികവും ലാളിത്യവും ചാരുതയും കൊണ്ട് സമ്പന്നമാണ് ഈ കഥ. മൂന്നാറിൻ്റെ വശ്യമനോഹാരിത കഥയിൽ തുന്നിച്ചേർത്തിരിക്കുന്നു.

“ബാല്യമെൻ ജീവിത വാസരം തന്നിലെ കാല്യം കലിതാഭമായ കാലം
പിച്ച നടക്കുവാനമ്മ പഠിപ്പിച്ച പൊൽച്ചിലമ്പൊച്ചയുതിരും കാലം
ആവർത്തനോത്സുകമാകുമാ വേളകളീമർത്ത്യനെങ്ങനെ വിസ്മരിക്കും “

ആ ബാല്യത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുന്ന ആ കല്ലുകൾക്കും എന്തോ പറയാനുണ്ട് നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. ബാല്യത്തിലെ ഓർമ്മകളിൽ മധുരത്തിനൊപ്പം ഇത്തരം ദുഖങ്ങളും നമുക്കുണ്ടാവും. മധുരവും കയ്പ്പും ചവർപ്പും കലർന്നതാണല്ലോ ജീവിതം!

“എത്ര ചവർപ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ “
സഫലമീ യാത്രയിൽ എൻ എൻ കക്കാട് ഈ വരികളെഴുതുമ്പോൾ കാൻസർ കോശങ്ങൾ ആ കവിയുടെ കണ്ഠങ്ങളിൽ പടരുകയായിരുന്നു. മുളകരച്ച കറിയും മീനും കൂട്ടി ചോറുണ്ണാനാഗ്രഹിച്ച ചേച്ചിയും അതേ അവസ്ഥയിലായിരുന്നു. മരണം ഞെട്ടലോടെ നമ്മൾ കാണുകയും ശാന്തമായി പിന്നീട് ഉൾക്കൊള്ളുകയും ചെയ്യുന്നു. എല്ലാരുടെയും വാതിൽക്കൽ മഞ്ചലുമായി മരണം നിൽക്കുന്നു. രോഗങ്ങൾ അതിനൊരു നിമിത്തം മാത്രം.

ഓർമ്മയിലെ അപ്പുപ്പൻ താടികൾ ആത്മഭാഷണം കൂടിയാവണം. എണ്ണക്കറുപ്പുള്ള സുന്ദരി ബിന്ദു നമ്മുടെ ഹൃദയത്തിലേറുന്നു. കെ എസ് ചിത്രയാവാൻ കൊതിച്ച കൂട്ടുകാരി നമ്മിൽ വിഷാദമുണർത്തി കടന്നു പോവുന്നു. അത്രമേലെന്നും നിലാവിനെ സ്നേഹിച്ചവൾ. അവളൊരു മധുരനൊമ്പരക്കാറ്റായി മാറി.

മഞ്ഞ ശലഭങ്ങളുടെ ഉണർത്തുപാട്ടിൽ രാഷ്ട്രീയവും പ്രണയവും സുന്ദരമായി ഇഴ കോർത്തിരിക്കുന്നു. പ്രണയത്തിൻ്റെ സുഗന്ധമുള്ള പൂക്കൾക്കിടയിലൂടെ കഥാകാരി നമ്മെ വഴി നടത്തുന്നു. മാഞ്ഞു പോയ അവനെത്തേടി അവൾ വിഹ്വലയാവുമ്പോൾ അവൻ നമ്മിലേക്കും പടരുന്നു. കോളറാ കാലത്തെ പ്രണയം പോലെ യുദ്ധത്തിൻ്റെ മണമുള്ള ഒരു പ്രണയം.

നീലവരകൾ തീർത്തും രാഷ്ട്രീയകഥയാണ്. വെറുപ്പിൻ്റെ വക്താക്കളുടെ പരിഷ്കാരങ്ങളിൽ ഒരു സമൂഹത്തിൻ്റെ ഉന്മൂലനം ലക്ഷ്യമുണ്ടല്ലോ. രേഖകളിൽ മനുഷ്യനെ തളച്ചിടാൻ ശ്രമിക്കുമ്പോൾ, വേരുകൾ തേടി പ്രാണഭയത്തോടെ ഓടേണ്ട അവസ്ഥയെ ചിത്രീകരിക്കുമ്പോൾ അതിലുള്ളത് വ്യക്തമായ രാഷ്ട്രീയ ബോധമാണ്. പേരിൻ്റെ അർത്ഥങ്ങൾ മാറി മറിയുമ്പോൾ നമുക്കും മന്ത്രിക്കാം ലോകാ സമസ്താ സുഖിനോ ഭവന്തു !

തെക്കേമുറ്റത്തെ തേന്മാവിൽ മനുഷ്യർ പ്രകൃതിയെ മറക്കുന്നത് പ്രമേയമാവുന്നു. ബഷീർ ഫിലോസഫിയെ പരിഹാസ്യമായി കാണുന്ന പ്രായോഗികതയുടെ കാലം. തേന്മാവും പ്ലാവും ആഞ്ഞിലിയും ഒരു സംസ്കൃതിയുടെ സ്മരണയായി മാറുന്നു. മാങ്ങ വീഴുന്ന ശബ്ദം പ്രണയത്തിന് പ്രചോദനമാവുന്ന ബിംബമാവുന്നു ഇവിടെ. ഭാഷയുടെ ലാവണ്യം ഈ കഥയിൽ ദൃശ്യമാണ്.

മഴ പറയാൻ ബാക്കി വച്ച ചില പ്രണയ സങ്കൽപ്പങ്ങളിൽ പ്രളയം ഒരു സാക്ഷിയാണ്. ഒരു കൈ പ്രഹരിക്കവേ മറു കൈ കൊണ്ടു തലോടുന്ന പ്രകൃതിയെ നമ്മൾ തച്ചു തകർക്കാനാണ് നോക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കാരണങ്ങളിലേക്ക് നമ്മുടെ ചിന്തയെ ഉണർത്തുന്ന പരിസ്ഥിതിയുടെ രാഷ്ട്രീയം ഈ കഥയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. സാഹോദര്യത്തിൻ്റെ പുതിയ ഭാഷ്യങ്ങൾ ഈ കഥ പരിചയപ്പെടുത്തുന്നു.

ഫമിത കഥകളുടെ ക്രാഫ്റ്റിൽ ഏറെ പരീക്ഷണങ്ങൾക്ക് മുതിർന്നിട്ടില്ല. ക്ലേശകരമായ ഒരു വായന ഈ കഥകൾക്ക് വേണ്ടി വരില്ല. അവരുടെ കഥാപരിസരം നമുക്ക് സുപരിചിതമായ ഇടങ്ങളാണ്. വാക്കുകൾ മാന്ത്രികമായി കോർത്തിണക്കുന്നില്ല. എന്നാൽ ഭാവനയുടെ ചിറകുകളിൽ യാത്ര നടത്തുന്നുമുണ്ട്. മലയാള ചെറുകഥയുടെ പ്രവിശാലമായ ക്യാൻവാസിൽ തൻ്റേതായ ഇടം തേടുകയാണ് ഈ കഥാകാരി. ഗൃഹാതുരമായ മച്ചകങ്ങളിലേക്ക് തൻ്റേതായ ദർശനങ്ങൾ ചേർത്തു വച്ചു കൊണ്ട് ഈ കഥാകാരിയിൽ ഇനിയും പിറക്കട്ടെ കഥകൾ !

നീല വരയുള്ള മഞ്ഞ ശലഭങ്ങൾ
ഫമിത
സുജിലി, ചാത്തന്നൂർ
പേജ്: 100
വില: 160 രൂപ (2024)

Leave a Reply

spot_img

Related articles

സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം...

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം...

പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി സച്ചിദാനന്ദന്‍

യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട...

2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത...