മോദി സർക്കാർ മാറി ബിജെപി സർക്കാർ എന്നായി ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മാറ്റുന്നുവെന്ന് പി ചിദംബരം.
ഇന്നലെ മുതല്‍ എൻഡിഎ സർക്കാർ എന്നാണ് പ്രയോഗമെന്നും പി ചിദംബരം പറഞ്ഞു. ഏപ്രില്‍ 19 മുതൽ ബിജെപി ക്യാംപില്‍ മാറ്റമാണ് കാണുന്നതെന്നും പി ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസ് പ്രകടനപത്രികയെ അവഗണിച്ച മോദി ഇപ്പോള്‍ പ്രകടനപത്രിക പരിഗണിക്കുന്നുവെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് ചിദംബരം പരിഹസിച്ചു.
നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും. തുടർഘട്ടങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും.
യു പിയിലെ നിർണായകമായ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
കേരളത്തിലെയും വയനാട് മണ്ഡലത്തിലെയും പോളിംങ് കഴിഞ്ഞ സാഹചര്യത്തിൽ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തുമെന്നാണ് സൂചന.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരു മണ്ഡലങ്ങളിലെയും നേതാക്കളുടെയും ഭാരവാഹികളുടെയും യോഗം പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നു. പ്രിയങ്ക മത്സരിച്ചാല്‍ റായ്ബറേലിയില്‍ വരുണ്‍ ഗാന്ധിയെ ബി ജെ പി പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്ളും ശക്തമായിട്ടുണ്ട്.
എന്നാൽ ഇതിനോട് വരുൺ എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയണം. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബേറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന സമ്മര്‍ദ്ദം കോൺഗ്രസിനുള്ളിൽ ശക്തമാണ്.