‘പോളിങ്ങില്‍ വീഴ്ച്ചയുണ്ടായിട്ടില്ല’; മുന്നണികളുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
സംസ്ഥാനത്ത് പോളിങ്ങില്‍ വീഴ്ച്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
95% ബൂത്തുകളിലും ആറ് മണിക്ക് മുന്‍പ് പോളിങ് പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടില്ല. ബീപ്പ് ശബ്ദം വൈകിയെന്ന ആരോപണം പരിശോധിക്കും. പോളിങ് ശതമാനം കുറഞ്ഞതില്‍ അസ്വാഭാവികത ഇല്ലെന്നും സജ്ഞയ് കൗള്‍ ഐഎഎസ് പറഞ്ഞു.
2019ല്‍ നിന്ന് അഞ്ച് ശതമാനത്തിലേറെ കുറവ് പോളിങ്ങാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് കുറഞ്ഞതിന് കാരണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന പ്രതിപക്ഷ ആരോപണം പൂര്‍ണമായും തള്ളിക്കളയുകയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സജ്ഞയ് കൗള്‍.
വടകര മണ്ഡലത്തില്‍ മാത്രമാണ് പോളിങ് നീണ്ടുപോയതെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും സജ്ഞയ് കൗള്‍ പറഞ്ഞു.
കള്ളവോട്ട് പരാതി കാരണം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുത്തിട്ടുണ്ടാകാം. താരതമ്യേന കുറവ് വോട്ടിങ് യന്ത്രങ്ങള്‍ മാത്രമാണ് ഇത്തവണ തകരാറിലായത്. വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല.
ബീപ് ശബ്ദം കേള്‍ക്കാന്‍ വൈകിയെന്ന പരാതി ഇതുവരെ ലഭിച്ചിട്ടില്ല. ചൂടുള്ള കാലവസ്ഥയും പോളിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നും ഇത്തവണത്തെ പോളിങ്ങില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംതൃപ്തരാണെന്നും സജ്ഞയ് കൗള്‍ പറഞ്ഞു.