ഉഷ്ണതരംഗ സാധ്യത തുടരും , പാലക്കാട് ജില്ലയില്‍ മെയ് 2 വരെ ഓറഞ്ച്  അലര്‍ട്ട്

പാലക്കാട്: ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപനമുളള സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ഒഴികെ പ്രൊഫഷ്ണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള വിദ്യാദ്യാസ സ്ഥാപനങ്ങള്‍ക്കും സമ്മര്‍ ക്ലാസുകള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍ ,സ്‌കൂളുകളിലെ അഡീഷ്ണല്‍ ക്ലാസുകള്‍ എന്നിവയ്ക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര കഴിഞ്ഞ ദിവസം മെയ് 2 വരെ അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടിരുന്നു.
തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പുറമെ മെയ് രണ്ട് വരെയുള്ള കാലയളവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശമുണ്ട്.
കായികപരിശീലനങ്ങള്‍, മത്സരങ്ങള്‍, ക്യാമ്പുകള്‍ തുടങ്ങിയവ യാതൊരു കാരണവശാലും രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നടത്താന്‍ പാടുളളതല്ലായെന്നും പ്രസ്തുത വിഷയത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുടെ നിരിക്ഷണം  ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കര്‍ശനമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലെയും ഉപയോഗമില്ലാത്ത മുറികളിലെയും ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങള്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

തൊഴിലുറപ്പ് പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പുറം തൊഴിലില്‍ ഏര്‍പ്പെടുന്നവരും പോലീസ് ഉദ്യോഗസ്ഥരും പകല്‍ 11 മുതല്‍ വൈകീട്ട് മൂന്നുവരെ കുട ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ പൊതുസമൂഹം സഹായിക്കുക.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ പകല്‍ 11 മുതല്‍ മൂന്നുവരെ  കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

പൊതുജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...