ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേത്തിയിൽ മത്സരിച്ചേക്കും.
വോട്ടെടുപ്പ് നടന്ന വയനാട്ടിലെ സിറ്റിങ് മണ്ഡലത്തിന് പുറമെയാണ് രാഹുൽ അമേത്തിയിലും കോൺഗ്രസിനായി സ്ഥാനാർഥിയാകുന്നത്.
അമേത്തിയിൽ സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച് കർണാടകയിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖാർഗെയും ഇന്ന് ചർച്ച നടത്തിയിരുന്നു.
അമേത്തിയിലും റായ്ബറേലിയിലും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെയാണ്.
തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടമായ മേയ് 20നാണ് ഇരു മണ്ഡലങ്ങളിലെയും വോട്ടെടുപ്പ്.രാഹുൽ അമേത്തിയിൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി അമേത്തിയിൽ പ്രകടനം നടത്തിയിരുന്നു. അതേസമയം, റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രിയങ്ക ഗാന്ധി.
അമേത്തി, റായ്ബറേലി സീറ്റുകളിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് വ്യക്തമാക്കിയിരുന്നു.
അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണ്. രണ്ട് നേതാക്കളും കോൺഗ്രസ് പാർട്ടിയുടെ താര പ്രചാരകരാണെന്നും രാജ്യത്തുടനീളം വിപുലമായ പ്രചാരണം നടത്തിവരികയാണെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ മത്സരിച്ച രാഹുൽ ഗാന്ധി ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.