എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ നടപടി വലച്ചത് നിരവധി യാത്രക്കാരെ

തിരുവനന്തപുരം / കോഴിക്കോട് / കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാർ പെരുവഴിയിലായി.

അർധരാത്രിയും വെളുപ്പാൻ കാത്തും എന്തു ചെയ്യണമെന്നറിയാതെ സ്തബ്ധരായി നിന്ന യാത്രക്കാർ പിന്നീട് പ്രതിഷേധവുമായി രംഗത്തെത്തി.

ജോലി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഏറെ പ്രതീക്ഷകളുമായി വിമാനം കയാറാനിരുന്നവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി മാറുകയായിരുന്നു കാബിൻ ക്രൂവിന്റെ സമരം.

യാത്ര മുടങ്ങിയ പല സ്ത്രീകളും പൊട്ടിക്കരയുന്നതും വിമാനത്താവളങ്ങളിലെ ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ഇന്നു പുലർച്ചെ 1.10 ന് അബുദാബിയിലേക്കു പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 537 (145 യാത്രക്കാർ), 5ന് ദുബായിലേക്കു പുറപ്പെടേണ്ടിയിരുന്ന ഐഎക്സ് 533 (148 യാത്രക്കാർ), രാത്രി 10.40 ന് ഷാർജയിലേക്കു പുറപ്പെടേണ്ട ഐഎക്സ് 545 (180 യാത്രക്കാർ), ചെന്നൈയിലേക്കു പുറപ്പെടേണ്ട ഐഎക്സ് 5013 (180 യാത്രക്കാർ) എന്നീ വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. 

റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാർക്ക് പൂർണമായി തുക തിരിച്ചു നൽകുകയോ സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്കു യാത്ര മാറ്റി ക്രമീകരിക്കുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും അവധി കഴിഞ്ഞു ഗൾഫ് രാജ്യങ്ങളിലേക്കു മടങ്ങേണ്ടവർ ഉൾപ്പെടെയുള്ളവരെ ഈ മിന്നൽ പണിമുടക്ക് ബാധിക്കും.

വിമാനത്താവളത്തിൽ എത്തിയ ശേഷം അപ്രതീക്ഷിതമായ വിമാന റദ്ദാക്കൽ കാരണം വലഞ്ഞ യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. 

കൊച്ചിയിൽ ആയിരക്കണക്കിന് യാത്രക്കാരാണ് അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞത്. പുലർച്ചെയുള്ള വിമാനത്തിൽ ഷാർജ, ദമാം, ബഹ്റൈൻ,മസ്കത്ത് എന്നിവിടങ്ങളിലേക്ക് പോകാനെത്തിയവരാണ് ഏറെ വിഷമത്തിലായത്.

ജീവനക്കാർ ഹാജരാകാത്തതിനെത്തുടർന്നാണ് പ്രശ്നമെന്ന് വിമാനത്താവളത്തിലെ എയർ ഇന്ത്യ ചുമതലക്കാർ ആദ്യം വെളിപ്പെടുത്തിയില്ല.

പുലർച്ചെ 2.05 നുള്ള ഷാർജാ വിമാനത്തിൽ പോകേണ്ടവർ രാത്രി 12 മണിക്കു മുൻപായി വിമാനത്താവളത്തിലെത്തിയിരുന്നു.

വിമാനം താമസിക്കാതെ എത്തുമെന്ന് പറഞ്ഞ് ഇവരെ രാവിലെ നാലരവരെ വിമാനത്താവളത്തിലിരുത്തി.

തുടർന്ന് യാത്രക്കാരിൽ പലരും ജീവനക്കാരോട് തട്ടിക്കയറി. സിഐഎസ്എഫുകാർ ഇടപെട്ടാണ് അനിഷ്ട സംഭവങ്ങളൊഴിവാക്കിയത്.

നിരവധി പേർ ലീവ് കഴിഞ്ഞ് ബുധനാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവരായിരുന്നു. പലരും മാസങ്ങൾക്കു മുൻപേ ടിക്കറ്റെടുത്തവരാണ്.

യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുകയോ മറ്റൊരുദിവസത്തേക്ക് യാത്രാനുമതി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...