തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ രീതിയില്‍ മാറ്റം വരുത്തുന്നു.
ഹയര്‍സെക്കന്‍ഡറിയിലേതു പോലെ പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിജയത്തിനു എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്ന പേപ്പര്‍ മിനിമം രീതി തിരിച്ചുകൊണ്ടുവരുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഇതോടെ 40 മാര്‍ക്ക് ഉള്ള വിഷയത്തില്‍ ജയിക്കാന്‍ എഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം.
80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്കും ആവശ്യമായിവരും.
എട്ടാം ക്ലാസ് വരെയുള്ള ഓൾ പാസ് സംവിധാനവും നിർത്തിയേക്കും.99.69 ശതമാനമാണ് 2023-24 വര്‍ഷത്തെ വിജയം.
വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻവർഷം 99.7 ശതമാനമാനമായിരുന്നു വിജയം.
71,831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ വര്‍ധനവുണ്ട്.
9 മുതൽ 15 വരെ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാം. മേയ് 28 മുതൽ ജൂൺ 6 വരെയായിരുക്കും സേ പരീക്ഷ.
ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
മുടങ്ങിക്കിടക്കുന്ന യുഎസ്എസ് സ്കോളർഷിപ്പിന്റെ വിതരണത്തിനായി 30 കോടി രൂപ ഉടൻ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.