കണ്ണൂർ പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത്ത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
സൗഹൃദത്തിൽ നിന്ന് പിൻവാങ്ങിയതിന്‍റെ പേരിൽ ഇരുപത്തിമൂന്നുകാരി വിഷ്ണുപ്രിയയെ അതിക്രൂരമായി കൊലപ്പെടുത്തിയ കൂത്തുപറമ്പ് സ്വദേശി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്ക് ശിക്ഷ നൽകണമെന്ന് വിഷ്ണുപ്രിയയുടെ അമ്മ പറഞ്ഞു.
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.വി.മൃദുലയാണ് നാടിനെ നടുക്കിയ കൊലപാതക കേസിൽ വിധി പറഞ്ഞത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുൾപ്പെടെ അംഗീകരിച്ചായിരുന്നു വിധി. 2022 ഒക്ടോബർ 22നായിരുന്നു ദാരുണമായ സംഭവം നടന്നത്.
സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കെ വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറി ശ്യാംജിത്ത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചു.
വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകൾ ഉണ്ടായിരുന്നു. വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി.
ആയുധം വാങ്ങിയതിന്‍റെയും പാനൂരിൽ എത്തിയതിന്‍റെയും സിസിടിവി ദൃശ്യങ്ങളും ശക്തമായ തെളിവായി.
വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.