പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടരുന്നു : ഒരു മരണം

കൊച്ചി : പെരുമ്പാവൂർ വെങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതോടെ ഒരു നാടുമുഴുവൻ ദുരിതത്തിൽ.

മഞ്ഞപ്പിത്തം ബാധിച്ച് ഒരു വീട്ടമ്മ മരിച്ചു. 171 പേർക്കാണ് ശനിയാഴ്ച വൈകിട്ടു വരെ ഹെപ്പറൈറ്റിസ് എ സ്ഥിരീകരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്ന പെണ്‍കുട്ടി അടക്കം മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു.

ഈ പെൺകുട്ടിയുടെ ചികിത്സക്കായി അടിയന്തരമായി 5 ലക്ഷം രൂപ ആവശ്യമായതിനാൽ ചികിത്സാ സഹായ നിധി രൂപീകരിക്കാൻ ഞായറാഴ്ച അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പഞ്ചായത്ത്.

ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. വാട്ടർ അതോറിറ്റിയാണ് സംഭവത്തിെല വില്ലൻ എന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ആരോപിക്കുന്നു.

സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരും പാവപ്പെട്ടവരുമായ ആയിരിക്കണക്കിന് പേർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഏക ജലസ്രോതസ്സിൽ നിന്നുള്ള വെള്ളം ശുചിയാക്കാതെ വാട്ടർ അതോറിറ്റി പമ്പ് ചെയ്തതാണ് രോഗബാധയ്ക്ക് കാരണം എന്നാണ് ആരോപണം.

ഏപ്രിൽ 17ന് വെങ്ങൂർ പഞ്ചായത്തിലെ വാർഡ് 12 കൈപ്പിള്ളിയിലെ ഒരു വീട്ടിലാണ് ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.

‘‘ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിൽനിന്ന് അറിയിച്ചിരുന്നു. എന്നാൽ അതിന്റെ കാരണം വ്യക്തമായിരുന്നില്ല.

19ന് വാർഡ് 10ലും വാർ‍ഡ് 12 കൈപ്പിള്ളിയിലും രണ്ടു പേർക്ക് വീതം കൂടി രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇതു വെള്ളത്തിൽ കൂടിയാകാം എന്ന സംശയം പഞ്ചായത്തിന് ഉണ്ടായത്.

ആരോഗ്യവകുപ്പ് നേരത്തെ തന്നെ ടാങ്കിലേയും കിണറിലേയും ആദ്യ രോഗബാധ സ്ഥിരീകരിച്ച വീട്ടിലെ പൈപ്പിലേയും വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു.

ഇതിന്റെ റിസൾട്ട് വന്നപ്പോൾ ‘മലിനജലം’ എന്നായിരുന്ന കാണിച്ചിരുന്നത്.

വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് കാര്യമായ ധാരണയുണ്ടായിരുന്നില്ല.’’ – പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് പറഞ്ഞു. 

വെങ്ങൂരിലെ കൈപ്പിള്ളി (12–ാം വാർഡ്), ചൂരത്തോട് (11–ാം വാർഡ്), വക്കുവള്ളി (10–ാം വാർഡ്), വെങ്ങൂർ (9–ാം വാർഡ്), ഇടത്തുരുത്ത് (8–ാം വാർഡ്) എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പല കുടുംബങ്ങളുടെയും അടിക്കല്ലിളക്കുന്നത്.

പല വീടുകളിലും മുഴുവൻ അംഗങ്ങളും രോഗബാധിതരാണ്. ആശുപത്രിയിൽ കഴിയുന്ന പലർക്കും ലക്ഷക്കണക്കിനു രൂപയാണ് ചികിത്സാ ചെലവിനായി കണ്ടെത്തേണ്ടി വരുന്നത്.

ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവരുടെ ഏക ജലസ്രോതസ്സിൽ തന്നെ ഉണ്ടായ പ്രശ്നം ഓരോ കുടുംബങ്ങളിലും വലിയ അപകടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇവർക്ക് ചികിത്സാ സഹായം നൽകുന്നത് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.

രോഗബാധ നിയന്ത്രണവിധേയമാക്കാൻ മെഡിക്കൽ സംഘത്തെയും നിയോഗിച്ചു.

രോഗബാധയുള്ള മേഖലകളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ചു

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആറ്റുകാല്‍ സന്ദര്‍ശിച്ച് പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്കായി ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്...

വനിതാ കമ്മീഷന്‍ സിറ്റിങ്; 10 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ 10 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര...

മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടു; കടവൂര്‍ ശിവരാജുവിന് വിദഗ്ധ പരിശോധന

അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം കടവൂര്‍...

ലഹരിയും പ്രണയക്കെണിയും ഭീകര യാഥാർത്ഥ്യങ്ങൾ: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

മാരക ലഹരി വിപത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി സി ജോർജ് ലഹരി വ്യാപനത്തെക്കുറിച്ചും...