ഹയർ സെക്കന്ഡറി പ്രവേശന സമയത്ത് അപേക്ഷകർ ഹാജരാക്കേണ്ട സർട്ടിഫിക്കേറ്റുകൾ , വയസ് , ആനുകൂല്യങ്ങൾ , സംവരണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്,സ്വഭാവ സർട്ടിഫിക്കറ്റ്,ബോണസ് പോയിന്റ്,ടൈബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടേയും ഒർജിനൽ ഹാജരാക്കണം.
- അപേക്ഷകർക്ക് 2024 ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം. എന്നാൽ ഇരുപത് വയസ് കവിയാൻ പാടില്ല.പ്രായ പരിധിയിൽ ഇളവ് ആവശ്യമുള്ളവർ പ്രോസ്പെക്ടസ്സിൽ പറഞ്ഞിട്ടുള്ള ഉത്തരവുകളുടെ ഒർജിനൽ ഹാജരാക്കണം.
കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായ പരിധി ഇല്ല.
മറ്റ് ബോർഡുകളുടെ പരീക്ഷകൾ വിജയിച്ച അപേക്ഷകർക്ക് കുറഞ്ഞ പ്രായ പരിധിയിലും, ഉയർന്ന പ്രായപരിധിയിലും ആറ് മാസം വരെ ഇളവ് അനുവദിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.
അത്തരം വിഭാഗക്കാർ പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന പ്രായപരിധി ഇളവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി വിജയിച്ച അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ആറ് മാസം വരെ ഇളവ് അനുവദിക്കുവാൻ ഹയർ സെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ട്.
അത്തരം വിഭാഗക്കാർ ഹയർ സെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ നൽകുന്ന പ്രായപരിധി ഇളവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മേൽപറഞ്ഞ പ്രകാരമല്ലാത്ത പ്രായപരിധി ഇളവുകൾ അനുവദിക്കുവാനുള്ള അധികാരം പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ്. അത്തരം വിഭാഗക്കാർ പൊതുവിദ്യാഭ്യാസ സെക്രട്ടറി നൽകുന്ന പ്രായപരിധി ഇളവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ അംഗീകൃത മെഡിക്കൽ ബോർഡിന്റെ 40 ശതമാനത്തിൽ കുറയാത്ത ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- സാമുദായിക സംവരണം പരിശോധിക്കുന്നതിന് എസ് എസ് എൽ സി ബുക്കിലെ സമുദായ വിവരങ്ങൾ മതിയാകും. എന്നാൽ സ് എസ് എൽ സി ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ റവന്യൂ വകുപ്പിൽ നിന്ന് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഓ ഇ സി വിദ്യാർത്ഥികൾ റവന്യൂ അധികൃതർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം
അനുബന്ധം 3 ൽ ഉൾപ്പെട്ട ഒ.ബി.എച്ച് ലെ വിഭാഗക്കാർ റവന്യൂ അധികൃതരിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ ഫീസ് ആനുകൂല്യം ലഭിക്കുകയുള്ളൂ.
- തമിഴ് , കന്നട ഭാഷാന്യൂനപക്ഷമാണെങ്കിൽ ആ വിവരം യോഗ്യതാ സർട്ടിഫിക്കറ്റിൽ അല്ലെങ്കിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാതൃഭാഷയുടെ (ഒന്നാം ഭാഷ) കോളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. അല്ലാത്ത പക്ഷം രജിസ്റ്റർ ചെയ്ത തദ്ദേശ ഭാഷാന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി ,ചെയർമാൻ സംഘടനയുടെ അംഗത്വ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ലെറ്റർഹെഡിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും താലൂക്കിന്റേയും പേരിൽ ബോണസ് പോയിൻറുകൾ ലഭിക്കുന്നവർ എസ്.എസ്.എൽ.സി ബുക്കിൽ ആ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല.അല്ലാത്ത പക്ഷം റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.
- എൻ.സി.സി ക്ക് 75 ശതമാനം ഹാജരുണ്ടെന്ന എൻ.സി.സി ഡയറക്ടറേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം സ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയിന്റിന് അർഹതയുണ്ടാകും.
- ആർമി/നേവി/എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിൽ സർവീസിലുള്ള ജവാന്റെ ആശ്രിതർ ജവാന്റെ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആർമി/നേവി/എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിൽ നിന്നും വിരമിച്ച എക്സ് സർവീസ് ജവാന്റെ ആശ്രിതർ സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം
- സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഉത്തരവ് 214/2012/ആഭ്യന്തരം തീയതി 04/08/2012 പ്രകാരമുള്ള എസ് പി സി പ്രോജക്ട് കേരള നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- ടൈ ബ്രേക്കിന് പോയിന്റ് നൽകുന്ന ഇനങ്ങളിൽ NTSE,NMMSSE,USS,LSS ഒഴികെയുള്ളവ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് പങ്കെടുത്തവയായിരിക്കണം. NTSE ക്ക് പോയിന്റ് ലഭിക്കാൻ എട്ടാം ക്ലാസ്സിൽ
അല്ലെങ്കിൽ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് SCERT യോ NCERT യോ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. - എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങൾക്കും കോ-കരിക്കുലർ പ്രവർത്തനങ്ങൾക്കും പ്രോസ്പെക്ടസിലെ അനുബന്ധം 4 മാതൃകയിൽ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
- ലിറ്റിൽ കൈറ്റ്സിനുള്ള ബോണസ് പോയിന്റ് ലഭിക്കുന്നതിന് കൈറ്റ് നൽകിയിട്ടുള്ള എ ഗ്രേഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള (EWS) 10% സംവരണ സീറ്റുകളിലേയ്ക്ക് അപേക്ഷിക്കുന്നതിന് പ്രോസ്പക്ടസിലെ അനുബന്ധം 10 സർക്കാർ ഉത്തരവിലെ ഖണ്ഡിക 5 -ൽ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ച് വില്ലേജ് ആഫീസറിൽ നിന്നും Income & Assets Certificate ലഭിക്കുന്നവരായിരിക്കണം. EWS റിസർവേഷന് ആവശ്യമുള്ള Annexure 1 മാതൃകയിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ Annexure 3 മാതൃകയിലുള്ള Income & Assets Certificate ഹാജരാക്കണം.
- പ്രത്യേക പരിഗണനക്കായി ഉൾപ്പെടുത്തുന്ന എല്ലാ വിവരങ്ങൾക്കും വേണ്ടുന്ന സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുള്ളതിനാൽ എല്ലാ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം.
- LSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ നിർദ്ദിഷ്ഠ മാതൃകയിൽ എ.ഇ.ഒ നൽകുന്ന സർട്ടിഫിക്കറ്റ് / LSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- USS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
- NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ റിസൾട്ട് പേജ് ഹാജരാക്കണം.