മഥുരയിൽ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവെ ഭക്തർ സഞ്ചരിച്ച ബസിന് തീപിടിച്ചു.
സംഭവത്തിൽ തീപിടിച്ച് എട്ട് പേർ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ 1.30ഓടെ ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നു. ഇതേ തുടർന്നാണ് ഇത്തരമൊരു വലിയ അപകടം നടന്നത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുപിയിലെ തീർഥാടന കേന്ദ്രങ്ങളിലെ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച രാത്രിയോടെ ഉത്തർപ്രദേശിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കവേയാണ് അപകടം നടന്നത്.
ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്.
ബസ് നിർത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടർന്ന് പിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്.