കൊല്ലം കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുവയസ്സുകാരിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ.
ചേര്‍ത്തല സ്വദേശി വിനോദാണ് പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ മാസമാണ് വിനോദ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്.
നിരന്തരം ചാറ്റ് ചെയ്ത് അടുപ്പത്തിലായതിന് പിന്നാലെ ഇയാൾ കുട്ടിയുടെ വാട്ട്സാപ്പിലേക്ക് നഗ്നചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും അയച്ചു കൊടുത്തു.
പിന്നീട് വീഡിയോ കോൾ വഴി സ്വന്തം നഗ്നദൃശ്യം കുട്ടിയെ കാണിച്ചു.
തുടർച്ചയായുള്ള ചാറ്റിംഗിനിടെ കുട്ടിയുടെ നഗ്ന ചിത്രം തരപ്പെടുത്തിയ വിനോദ് ഇത് പിന്നീട് സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പിലൂടെ അയച്ചു കൊടുത്തെന്നാണ് കേസ്.
കുട്ടി കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നതും പഠനത്തിൽ പിന്നോട്ട് പോയതും മനസിലാക്കിയ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ രക്ഷിതാക്കൾ ഞെട്ടി.
മൊബൈലിലെ ഗാലറി നിറയെ കുട്ടിയുടെ നഗ്ന ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും.
ഇതെല്ലാം കുട്ടിക്ക് അയച്ചുകൊടുത്തതും കുട്ടി അയച്ചിരിക്കുന്നതും വിനോദിനാണന്ന് മനസിലാക്കിയ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതോടെ പൊലീസ് വിനോദിനെതിരെ പോക്സോ ചുമത്തി കേസെടുത്തു.
പ്രതിയെ മലപ്പുറത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിനോദ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.