എംബാപ്പെയുമായി കരാർ ഒപ്പുവെക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ റയല്‍ പൂർത്തിയാക്കിയതായി പ്രമുഖ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ എക്സില്‍ കുറിച്ചു. ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2029 വരെയുള്ള കരാറില്‍ റയലിലെ എക്കാലത്തെയും മികച്ച തുകക്കായിരിക്കും സൂപ്പർതാരത്തെ ടീമിലെത്തിക്കുക എന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസമാണ് ഫ്രഞ്ച് സൂപ്പർതാരം പി.എസ്.ജി വിട്ടത്. 2017 മുതല്‍ പി.എസ്.ജിയില്‍ കളിക്കുന്ന 25 കാരൻ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. ഏഴു വർഷത്തിനിടെ 308 മത്സരങ്ങളില്‍നിന്ന് 256 ഗോളുകളാണ് നേടിയത്.
ഈ വർഷം ആദ്യം മുതല്‍ തന്നെ പി.എസ്.ജി വിട്ട് റയലില്‍ എത്തുമെന്ന അഭ്യുഹങ്ങള്‍ പരന്നിരുന്നെങ്കിലും അത് യാഥാർത്യമായത് ഇപ്പോഴാണ്. ബൊറൂസിയ ഡോർട്ടുമുണ്ടിനെ തറപറ്റിച്ച് 15ാം ചാമ്ബ്യൻസ് ലീഗ് കിരീടം ഷോക്കേസിലെത്തിച്ചതിന് തൊട്ടുപിന്നാലെയുള്ള ഈ നീക്കം റയല്‍ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ജൂണ്‍ 15 ന് ജർമനിയില്‍ ആരംഭിക്കുന്ന യൂറോ കപ്പിനായി ഒരുങ്ങുകയാണ് ഇപ്പോള്‍ ഫ്രാൻസ് ദേശീയ ടീം നായകൻ കൂടിയായ കിലിയൻ എംബാപ്പെ.