കൊച്ചി : മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ സത്യവാങ്‌മൂലവുമായി മലിനീകരണ നിയന്ത്രണ ബോർഡ്.
പെരിയാറിലെ മത്സ്യക്കുരുതിയിലാണ് ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് സത്യവാങ്‌മൂലം നൽകിയത്.
പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവമാലിന്യം അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ‌് കോടതിയെ അറിയിച്ചു.
പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലയ്ക്കെങ്കിലും നിലനിറുത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്.
കൊച്ചി കോർപ്പറേഷൻ മേഖലയിലേക്ക് വിഷപ്പുഴ ഒഴുകിയെന്നാണ് ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.
2017ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയതെന്നും ഈ നിർദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യകർഷകർക്കുണ്ടായത്.