തിരുവനന്തപുരം: ബിജെപിയെ മോഹിപ്പിച്ച തിരുവനന്തപുരം
പക്ഷെ,അവരെ കൈവിട്ട കാഴ്ച സസ്‌പെൻസും ത്രില്ലും നിറഞ്ഞതായിരുന്നു.
കപ്പിനും ചുണ്ടിനും ഇടയില്‍ ഒരിക്കല്‍ക്കൂടി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപിയെ കൈവിട്ടു.
തുടര്‍ച്ചയായ നാലാം തവണയും ശശി തരൂര്‍ വിജയം നേടി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ഡലത്തില്‍ വെറും 16,000ല്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് ശശി തരൂര്‍ വിജയിച്ചത്.
2014ലെ ശശി തരൂര്‍ – ഒ രാജഗോപാല്‍ പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന മത്സരമാണ് തിരുവനന്തപുരത്ത് നടന്നത്.
നഗര മേഖലകളില്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നേറിയപ്പോള്‍ നെയ്യാറ്റിന്‍കരയിലും, പാറശാലയിലും തരൂര്‍ കളം പിടിച്ചു.
അതിനോടൊപ്പം തീരദേശത്തെ വോട്ടര്‍മാര്‍ ഒരിക്കല്‍ക്കൂടി ഒപ്പം നിന്നപ്പോള്‍ തരൂര്‍ കടന്ന് കൂടുകയായിരുന്നു.
മൂന്ന് തവണ വിജയിച്ചിട്ടും മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്ന ബിജെപിയുടെ പ്രചാരണത്തെ അതിജീവിച്ചാണ് ശശി തരൂര്‍ വിജയിച്ചത്.
മൂന്നാം സ്ഥാനത്ത് ആണെങ്കിലും പന്ന്യന്‍ രവീന്ദ്രന്‍ പിടിച്ച വോട്ടുകളും തരൂരിന് വെല്ലുവിളിയായിരുന്നു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ രാജീവ് ചന്ദ്രശേഖര്‍ ശശി തരൂരിന് ഉയര്‍ത്തിയത്.
തരൂരിന്റെ ശക്തികേന്ദ്രമായ തീരദേശ മേഖല കേന്ദ്രീകരിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രചാരണത്തിന്റെ തുടക്കം.
തീരദേശ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും അതിന് പരിഹാരം കാണാനും അദ്ദേഹം മുന്നിട്ടിറങ്ങി.
അതിനിടെ സിഎഎ നിയമം പ്രാബല്യത്തില്‍ വന്നത് തീരദേശ മേഖലയില്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കി.
സാഗര്‍മാല പദ്ധതിയുടെ ഗുണം തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ കിട്ടിയില്ലെന്ന പ്രചാരണം ശക്തമാക്കിയാണ് തീരദേശ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനുള്ള രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചത്.
മുന്‍പില്ലാത്ത വിധം തീരദേശ വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാല്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന തീരദേശ സമൂഹം ഇത്തവണയും ഒപ്പം നിന്നത് ഗുണമായി മാറുകയായിരുന്നു തരൂരിന്.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റ് മുതല്‍ തിരുവനന്തപുരത്ത് ലീഡ് നില മാറി മറിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ കൈവിടുന്ന സ്വഭാവം മണ്ഡലം ഇത്തവണയും ആവര്‍ത്തിച്ചു.
ഇത് മൂന്നാം തവണയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.
നിയമസഭാ മണ്ഡലങ്ങളില്‍ ഏഴില്‍ ആറിടത്തും ഇടത് എംഎല്‍എമാരുള്ള തിരുവനന്തപുരത്താണ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
മറുവശത്ത് ബിജെപിയാകട്ടെ ഇത്തവണ വികസനമാണ് ചര്‍ച്ചയാക്കിയതെങ്കിലും ജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
നഗര മേഖലകളിലെ വോട്ട് എണ്ണിയപ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 25,000 കടന്നു.
ഇതോടെ ബിജെപി ക്യാമ്പില്‍ പ്രതീക്ഷയായി. ലീഡ് നില കുറഞ്ഞും കൂടിയും നിന്നപ്പോള്‍ ആശങ്കയും പ്രതീക്ഷയും ഒരുപോലെ മാറി മാറി നിഴലിച്ചു.
എന്നാല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തീരദേശ മേഖലയിലെ വോട്ടെണ്ണിയപ്പോള്‍ തരൂര്‍ പടിപടിയായി ലീഡ് ഉയര്‍ത്തുകയായിരുന്നു.