ലോക്സസഭാ തെരഞ്ഞെടുപ്പ്: ഇടുക്കി പാർലിമെൻ്റ് മണ്ഡലത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് വിജയിച്ചു
ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിൽ അഡ്വ.ഡീൻ കുര്യാക്കോസ് വിജയിച്ചു. 1,33,727 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ആകെ ലഭിച്ച വോട്ടുകൾ 432372
ജില്ലയിലെ ഏക വോട്ടെണ്ണൽ കേന്ദമായ പൈനാവ് എം ആർ സ്കൂളിൽ രാവിലെ 7.30 ന് സ്ട്രോങ്ങ് റൂമുകൾ തുറന്നു.വോട്ടെണ്ണൽ 8 മണിയോടെയാണ് ആരംഭിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടടറുമായ ഷീബാ ജോർജിൻ്റെ നേതൃത്വത്തിൽ പഴുതടച്ച ഉദ്യോഗസ്ഥ സംവിധാനങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സജ്ജമാക്കിയിരുന്നത്.മാധ്യമങ്ങൾക്കായി മീഡിയ സെന്റർ സൗകര്യം ,പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ വിവരങ്ങളറിയാൻ പ്രത്യേക കൺട്രോൾ റൂം എന്നിവ ഒരുക്കിയിരുന്നു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് 1343 ജീവനക്കാരെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. സുരക്ഷയ്ക്കായി കേന്ദ്രസേനയ്ക്ക് പുറമെ 200 ഓളം പോലീസുകാരെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ മാത്രമായി നിയോഗിച്ചിരുന്നു.
വിജയിച്ച സ്ഥാനാർത്ഥിക്കുള്ള സർട്ടിഫിക്കറ്റും മറ്റ് രേഖകളും ഒബ്സെർവർമാരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ കൈമാറി. വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ പൈനാവിലെ വെയർ ഹൗസിലാകും സൂക്ഷിക്കുക. വി വി പാറ്റ് മെഷീനുകൾ ജില്ലാ ഇലക്ഷൻ വിഭാഗത്തിലെ സ്‌ട്രോങ് റൂമിലും തപാൽ വോട്ടുകൾ ജില്ലാ കളക്ടറുടെ ഓഫീസിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിലും സൂക്ഷിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ അതത് നിയോജകമണ്ഡലങ്ങളിലെ സബ് ട്രഷറികളിലേക്ക് മറ്റും.
ഇടുക്കി മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായും കുറ്റമറ്റരീതിയിലും നടത്താൻ സഹകരിച്ച പൊതുജനങ്ങൾ , രാഷ്ട്രീയപ്രവർത്തകർ ,ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് നന്ദി അറിയിച്ചു.