ന്യൂഡൽഹി : രാഹുലിനെ മത്സരിക്കാൻ വെല്ലുവിളിച്ച സ്മൃതി ഇറാനിയെ മലർത്തിയടിച്ച് വിജയിച്ചയാളാണ് കിഷോരിലാൽ ശർമ്മ.
ബി.ജെ.പിക്ക് ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്.
വാരാണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കടക്കം ഭൂരിപക്ഷം കുത്തനെ കുറയുകയും പലപ്രമുഖരും പരാജയപ്പെടുകയും ചെയ്തു.
അതിൽ പ്രമുഖയാണ് അമേത്തിയിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയെ മലർത്തിയടിച്ച സ്മൃതി ഇറാനി.
ഇക്കുറി അമേത്തിയിൽ രാഹുലിനെ മത്സരിക്കാൻ വെല്ലുവിളിച്ച സ്മൃതി ഇറാനിക്ക് വൻപരാജയമാണ് നേരിടേണ്ടി വന്നത്.
രാഹുലിന് പകരക്കാരനായി എത്തിയ കിഷോരിലാൽ ശർമ്മയാണ് സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
രാഹുലോ പ്രിയങ്കയോ സ്ഥാനാർത്ഥിയാകും എന്ന് കരുതുമ്പോഴാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാൽ മത്സരരംഗത്തെത്തുന്നത്.
പ്രാദേശിക നേതാവ് മാത്രമായ കിഷോരിലാലിനെ ദുർബലനായ സ്ഥാനാർത്ഥിയെന്നാണ് ബി.ജെ.പി പരിഹസിച്ചത്.
എന്നാൽ ഏറ്റവിും കരുത്തനായ സ്ഥാനാർത്ഥിയാണ് താൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങളുമായി അടുത്ത ബന്ധമുള്ള താൻ അനായാസം ജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചിരുന്നു.
2004ൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് അമേത്തി തിരഞ്ഞെടുത്തപ്പോൾ സോണിയ ഗാന്ധി റായ് ബറേലിയിലേക്ക് മാറി.
അന്നും രണ്ട് മണ്ഡലങ്ങളിലും ഇരുവർക്കും വേണ്ടി കിഷോരിലാൽ പ്രവർത്തിച്ചിരുന്നു.
40 വർഷങ്ങൾക്ക് 1983ൽ രാജീവ് ഗാന്ധി തന്റെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കിഷോരി ലാൽ അമേത്തിയിൽ എത്തുന്നത്.
അമേത്തി ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന തിലോയ് നിയമസഭാ മണ്ഡലത്തിന്റെ ചുമതലക്കാരനായി ആയിരുന്നു നിയമനം.
1991ൽ രാജിവ് ഗാന്ധിയുടെ മരണത്തിന് പിന്നാലെ അമേത്തിയിൽ കോൺഗ്രസിന് വേണ്ടി പൂർണസമയ പ്രവർത്തകനായി.
1999ൽ സോണിഗാന്ധിയുപടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരിലാൽ നിർണായക പങ്കുവഹിച്ചു.