ആരായിരുന്നു മതാഹാരി? ചാരവനിതയോ നർത്തകിയോ?

ഒരു നൂറ്റാണ്ടിനു മുമ്പ്, രാഷ്ട്രങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച്, സൈനീക, രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്ന ഒരു വിവാദ നായികയായിരുന്നു മതാഹാരി(Mata Hari). 1917 ഫെബ്രുവരിയിൽ മതാ ഹാരി യെ ഫ്രഞ്ച് അധികാരികൾ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. അവസാന നിമിഷം വരെ മതാ ഹാരിക്ക് അതിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നിട്ടും അതുണ്ടായില്ല… മതാഹാരിയുടെ കഥ നിരവധി പുസ്തകങ്ങൾക്കും സിനിമകൾക്കും മറ്റും പ്രചോദനമാവുകയും ചെയ്തു. രാഷ്ട്ര നേതാക്കന്മാരെയും സൈനിക തലവന്മാരെയുമെല്ലാം പ്രതിക്കൂട്ടിൽ നിർത്തിയിരുന്ന ഈ വനിത ആരായിരുന്നു? ഇന്ത്യൻ വംശജയായ മതാഹാരി എന്ന പേരിലാണ് അവർ ലോകമെങ്ങും അറിയപ്പെട്ടത്.

മതാ ഹാരിയുടെ വിസ്മയകരമായ ജീവിത കഥ അനാവരണം ചെയ്യുകയാണിവിടെ.

    നെതർലാൻഡിലെ ലീവാർഡനിലാണ് മാർഗരേത(Margaretha Geertruida Zelle) ജനിച്ചത്.  ഒരു കിൻ്റർഗാർട്ടൻ അധ്യാപികയാകാനായിരുന്നു മാർഗരേതയുടെ ആഗ്രഹം.അതിനായി അവൾ ഒരു സ്ഥാപനത്തിൽ പഠിക്കാനും പോയി. അവിടത്തെ പ്രധാന അദ്ധ്യാപകൻ അവളുമായി അടുപ്പത്തിലായി. അവളുടെ രക്ഷിതാവ് അവളെ അവിടെ നിന്നും മാറ്റിക്കൊണ്ടു പോകാൻ കാരണം അതായിരുന്നു.

     മാർഗരേതക്ക് പതിനെട്ട് വയസുള്ളപ്പോൾ, ഡച്ച് ആർമി ക്യാപ്റ്റനായിരുന്ന റുഡോൾഫ് മക്ലിയോഡ് ഒരു ഭാര്യയെ ആവശ്യമുണ്ടെന്നു കാണിച്ച് ഒരു പത്രത്തിൽ വിവാഹ പരസ്യം നൽകിയിരുന്നു. മാർഗരേത അതിന് മറുപടി അയച്ചു. ആംസ്റ്റർഡാമിൽ വെച്ചായിരുന്നു അവരുടെ വിവാഹം. ഈ വിവാഹം മാർഗരേതയുടെ സാമ്പത്തിക സ്ഥിതി നല്ല നിലയിലാക്കാനും സഹായിച്ചു. 

വിവാഹശേഷം അവർ അന്നത്തെ ഡച്ച് ഈസ്റ്റ് ഇൻഡീസി(ഇപ്പോൾ ഇന്തോനേഷ്യ)ലാണ് താമസിച്ചിരുന്നത്. പിന്നീട് ജാവ ദ്വീപിൻ്റെ കിഴക്ക് ഭാഗത്തുള്ള മലാംഗിലേക്ക് അവർ ഭർത്താവിനൊപ്പം താമസം മാറി. രണ്ടു കുട്ടികളുടെ അമ്മയാവുകയും ചെയ്തു.
പക്ഷെ,ആ ദാമ്പത്യം സന്തോഷകരമോ അധികകാലം നീണ്ടു നിൽക്കുന്നതോ ആയിരുന്നില്ല. മക്ലിയോഡ് ഒരു മുഴുത്ത മദ്യപാനിയും ഭാര്യയെ മർദിക്കുന്ന ആളുമൊക്കെയായിരുന്നു. അതുകാരണം അയാളെ ഉപേക്ഷിക്കുകയും മറ്റൊരു ഡച്ച് ഓഫീസറായ വാൻ റീഡസിനൊപ്പം ചേർന്ന് ജീവിക്കാൻ തുടങ്ങുകയും ചെയ്തു.അതോടെ അവർ ഇന്തോനേഷ്യൻ സംസ്കാരം പഠിക്കാൻ തുടങ്ങി. ഒരു പ്രാദേശിക നൃത്തക്കമ്പനിയിൽ ചേരുകയും ചെയ്തു.

     അതിനിടയിലാണ് മതാഹാരി എന്ന പേര് സ്വീകരിക്കുന്നത്. പ്രാദേശിക മലായ് ഭാഷയിൽ ആ പേരിന്റെ അർത്ഥം "സൂര്യൻ" എന്നും "പകലിന്റെ കണ്ണ്" എന്നുമൊക്കെയാണ്.

   പിന്നീടാണ്, മാർഗരേതയുടെ സംഭവബഹുലമായ ജീവിതം തുടങ്ങുന്നത്. ഒരു പുതിയ പേരിലാണ് അവർ അതിനുശേഷം അറിയപ്പെട്ടു തുടങ്ങിയത്. അവരുടെ യഥാർത്ഥ ഭൂതകാലം പിന്നീട് വെളിപ്പെടുത്തിയതേയില്ല.

    മതാ ഹാരി എന്ന പേരിൽ ഒരു ഇന്ത്യൻ നർത്തകിയായും അഭിസാരികയായും അവർ ആൺഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരുന്നു. വിസ്മയകരമായ രൂപലാവണ്യം കൊണ്ടും അതുല്യമായ മാദകനടനം കൊണ്ടും അവരുടെ ആകർഷണ വലയത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു തുടങ്ങി.

      പാരീസ്, വിയന്ന, മിലാൻ, ബെർലിൻ എന്നിവിടങ്ങളിലെ പ്രത്യേക സലൂണുകൾ അതിനായി അവർക്ക് വാതിലുകൾ മലർക്കെ തുറന്നിടുകയും ചെയ്തു.1910-കളുടെ തുടക്കത്തിൽ, യൂറോപ്പിൽ ഒരു തരംഗമായി മാറിയ അഭിസാരികയായിരുന്നു അവർ.

    ഒരു ഹൈന്ദവ ജാവനീസ് രാജകുമാരിയായിട്ടാണ് അവർ സ്വയം വെളിപ്പെടുത്തിയിരുന്നത്. കുട്ടിക്കാലം മുതലേ അവർ ഇന്ത്യൻ നൃത്തകലയിൽ മുഴുകിയതായി അവകാശപ്പെട്ടിരുന്നു. നഗ്നയായും അർദ്ധനഗ്നയായുമൊക്കെയുള്ള അവരുടെ നിരവധി ഫോട്ടോഗ്രാഫുകൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

    1903-ൽ, മാർഗരേത പാരീസിലേക്ക് താമസം മാറ്റി. അവിടെ ലേഡി മക്ലിയോഡ് എന്ന പേര് ഉപയോഗിച്ച് സർക്കസ് കുതിരസവാരിക്കാരിയായി അഭിനയിച്ചു. ഒരു കലാകാരൻ്റെ മോഡലായും പോസ് ചെയ്തു.

1904-ഓടെ മതാഹാരി ഒരു വിദേശ നർത്തകിയെന്ന നിലയിൽ പ്രശസ്തയായി. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആദ്യകാല ആധുനിക നൃത്തപ്രസ്ഥാനത്തിലെ മുൻനിര നർത്തകരായ ഇസഡോറ ഡങ്കൻ്റെയും റൂത്ത് സെൻ്റ് ഡെനിസിൻ്റെയും സമകാലികയായിരുന്നു അവർ.


അവരുടെ മാദക നൃത്തം മറ്റുള്ളവരെ പോലെ കോടീശ്വരന്മാരായ വ്യവസായികളെയും ആകർഷിച്ചു. അഭിസാരിക എന്നനിലയിലും മാദകനർത്തകി എന്ന നിലയിലും അവർ പരക്കെ അറിയപ്പെട്ടു.
ഒരു നർത്തകി എന്ന നിലയിൽ നിന്നും മതാഹാരി തകർച്ചയിലേക്ക് നീങ്ങിത്തുടങ്ങിയത് 1912-നു ശേഷമായിരുന്നു. 1915 മാർച്ച് 13-നായിരുന്നു അവസാന നൃത്താവതരണം. അഭിസാരിക എന്ന നിലയിൽ ഉയർന്ന റാങ്കിലുള്ള സൈനിക ഓഫീസർമാരുമായും രാഷ്ട്രീയക്കാരുമായും പല രാജ്യങ്ങളിലേയും ഉന്നതന്മാരുമായും അവർക്ക് ബന്ധമുണ്ടായിരുന്നു. യുദ്ധം അടുത്തു തുടങ്ങിയതോടെ ചിലർ മതാഹാരിയെ അപകടകാരിയായ ഒരു സ്ത്രീയായി കാണാൻ തുടങ്ങിയിരുന്നു.

     ഒന്നാം ലോകമഹായുദ്ധകാലമായപ്പോഴേക്കും അവരുടെ പ്രശസ്തി മങ്ങാൻ തുടങ്ങി. നെതർലാൻഡ്‌ യുദ്ധം നടക്കുമ്പോൾ ഒരു നിഷ്പക്ഷ മതിയായിട്ടായിരുന്നു മതാഹാരി മറ്റുള്ളവരുടെ മുന്നിൽ പ്രത്യക്ഷപെട്ടത്.  അവർക്ക് ദേശീയ അതിർത്തികൾ സ്വതന്ത്രമായി കടക്കാനും കഴിഞ്ഞു.

യുദ്ധസമയത്ത്, ഫ്രഞ്ചുകാർക്കൊപ്പം സേവനമനുഷ്ഠിച്ചിരുന്ന 23-കാരനായ റഷ്യൻ പൈലറ്റ്, ക്യാപ്റ്റൻ വാഡിം മസ്ലോവുമായി വളരെ തീവ്രമായ പ്രണയ ബന്ധവുമുണ്ടായി. ജീവിതത്തിലെ സ്നേഹം എന്നായിരുന്നു മസ്ലോവിനെ അവർ വിളിച്ചിരുന്നത്. വെസ്റ്റേൺ ഫ്രണ്ടിലേക്ക് അയച്ച 50,000-ത്തോളം വരുന്ന റഷ്യൻ പര്യവേഷണ സേനയുടെ ഭാഗമായിരുന്നു മസ്ലോവ്.


1917 ഏപ്രിലിൽ, ജർമ്മൻ നിയന്ത്രിത കോട്ടയായ ബ്രിമോണ്ട് പർവതനിര പിടിച്ചെടുക്കാനുള്ള സൈനീക നീക്കത്തിനിടയിൽ മസ്ലോവിന്റെ ഇടത് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടു. മതാഹാരി തൻ്റെ കാമുകനെ ആശുപത്രിയിൽ സന്ദർശിക്കാൻ അനുവാദം ചോദിച്ചു.

     ഒരു നിഷ്പക്ഷ രാജ്യത്തിലെ ഒരു പൗരനെന്ന നിലയിൽ, അവരെ സാധാരണയായി ആശുപത്രിയിൽ സന്ദർശിക്കാൻ അനുവദിക്കില്ലായിരുന്നു. എന്നാൽ, ഫ്രാൻസിനായി ചാരപ്പണി നടത്താൻ സമ്മതിച്ചാൽ മസ്ലോവിനെ കാണാൻ അനുവദിക്കാമെന്ന് ഡീക്‌സിയം ബ്യൂറോയിലെ ഏജൻ്റുമാർ അവളോട് പറഞ്ഞു.

യുദ്ധത്തിനുമുമ്പ്, കൈസർ വിൽഹെം രണ്ടാമൻ്റെ മൂത്ത മകനും വെസ്റ്റേൺ ഫ്രണ്ടിലെ മുതിർന്ന ജർമ്മൻ ജനറലുമായ കിരീടാവകാശി വിൽഹെം രാജകുമാരന് മുമ്പിൽ മാർഗരേത നിരവധി തവണ മതാ ഹാരിയായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാരണത്താൽ, കിരീടാവകാശിയെ വശീകരിച്ച് അവൾക്ക് സൈനിക രഹസ്യങ്ങൾ നേടാനാകുമെന്ന് ദി സിയെം (Deuxième) ബ്യൂറോ വിശ്വസിച്ചു. അയാളെ വശീകരിക്കാനും ജർമ്മൻ പദ്ധതികളെക്കുറിച്ച് ഫ്രാൻസിന് ഇന്റലിജൻസ് വിവരങ്ങൾ ചോർത്തി നൽകാനും കഴിയുമെങ്കിൽ മതാഹാരി യ്ക്ക് 1 ദശലക്ഷം ഫ്രാങ്കുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

    സത്യത്തിൽ ഈ കിരീടാവകാശിക്ക് സൈന്യവുമായുള്ള ബന്ധം വളരെ കുറവായിരുന്നു. സ്ത്രീ വിഷയത്തിലും സൽക്കാരങ്ങളിലും മദ്യപാനത്തിലും കുപ്രസിദ്ധനായിരുന്ന ഇയാളെ മഹാനായ ഒരു യോദ്ധാവ് എന്ന നിലയിൽ പ്രതിച്ഛായ ഉണ്ടാക്കിയതിനു കാരണം ജർമ്മൻ സർക്കാരിന്റെ പ്രചാരണമായിരുന്നു.
ഇക്കാര്യം അറിയാതെയായിരുന്നു,ജർമ്മൻ സൈനീക രഹസ്യങ്ങൾ ചോർത്തുന്നതിനായി, മതാ ഹാരി യ്ക്ക് 1 ദശലക്ഷം ഫ്രാങ്കുകൾ വാഗ്ദാനം ചെയ്തത്. അതുകൊണ്ടു തന്നെ ഈ പദ്ധതി യാഥാർത്ഥ്യമായതുമില്ല.

1917-ആയപ്പോഴേക്കും, ഫ്രഞ്ചുകാർ അവളെ ഒരു ഇരട്ട ഏജൻ്റാണെന്ന് സംശയിക്കാൻ തുടങ്ങി. ഒടുവിൽ ജർമ്മനിക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്ന് ആരോപണവുമുണ്ടായി.


1916 നവംബറിൽ അവർ സ്പെയിനിൽ നിന്ന് സീലാൻഡിയ എന്ന ആവിക്കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു. കപ്പൽ ബ്രിട്ടീഷ് തുറമുഖമായ ഫാൽമൗത്തിൽ എത്തിയപ്പോൾ അവരെ അറസ്റ്റുചെയ്ത് ലണ്ടനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ചാരവൃത്തിയുടെ ചുമതലയുള്ള ന്യൂ സ്കോട്ട്ലൻഡ് യാർഡിലെ അസിസ്റ്റൻ്റ് കമ്മീഷണർ സർ ബേസിൽ തോംസൺ അവളെ ദീർഘനേരം ചോദ്യം ചെയ്തു. 1922-ൽ പ്രസിദ്ധീകരിച്ച ‘ക്വീർ പീപ്പിൾ'(Queer People) എന്ന പുസ്തകത്തിൽ അദ്ദേഹം ഇതേക്കുറിച്ച് വിവരിക്കുന്നുണ്ട്.ചോദ്യം ചെയ്യലിൽ ഒടുവിൽ അവൾ ഡ്യൂക്സിയെം ബ്യൂറോയിൽ ജോലി ചെയ്യുന്നതായി സമ്മതിക്കുകയുണ്ടായി.

     ആദ്യം കാനൻ റോ പോലീസ് സ്റ്റേഷനിൽ തടവിലാക്കിയ അവളെ പിന്നീട് സവോയ് ഹോട്ടലിലാണ് താമസിപ്പിച്ചത്. അഭിമുഖത്തിൻ്റെ പൂർണ്ണമായ കൈയെഴുത്തുപ്രതി ബ്രിട്ടനിലെ നാഷണൽ പുരാവസ്തു ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

     1916-ൻ്റെ അവസാനത്തിൽ, മതാഹാരി മാഡ്രിഡിലേക്ക് പോയിരുന്നു. അവിടെ ജർമ്മൻ മിലിട്ടറി അറ്റാച്ച് മേജർ അർനോൾഡ് കല്ലേയെ കാണുകയും അടുത്ത കിരീടാവകാശിയുമായി ഒരു കൂടിക്കാഴ്ച നടത്താമോ എന്ന് ചോദിക്കുകയും ചെയ്തു. ഈ കാലയളവിൽ, പണത്തിന് പകരമായി ജർമ്മനിയുമായി ഫ്രഞ്ച് രഹസ്യങ്ങൾ പങ്കിടാമെന്ന് അവർ വാഗ്ദാനവും ചെയ്തു. എന്നാലും ഇത് അവരുടെ അത്യാഗ്രഹം മൂലമാണോ അതോ കിരീടാവകാശിയായ വിൽഹെമുമായി ഒരു കൂടിക്കാഴ്ച നടത്താനുള്ള ശ്രമം കൊണ്ടാണോ എന്ന് വ്യക്തമല്ല.

      1917 ജനുവരിയിൽ, മേജർ കല്ലേ, എച്ച്-21 എന്ന ജർമ്മൻ ചാരൻ്റെ പ്രവർത്തനങ്ങളെപ്പറ്റി  വിവരിച്ചുകൊണ്ട് ബെർലിനിലേക്ക് റേഡിയോ സന്ദേശങ്ങൾ അയച്ചു. അദ്ദേഹത്തിൻ്റെ ജീവചരിത്രം മതാഹാരിയുടെ  ജീവചരിത്രവുമായി വളരെ സാമ്യമുള്ളതായിരുന്നു. ഏജൻ്റ് എച്ച്-21 മതാഹാ രി തന്നെയായിരിക്കുമെന്ന് വ്യക്തമായിരുന്നു.  സന്ദേശങ്ങളിൽ അടങ്ങിയിരുന്ന വിവരങ്ങളിൽ നിന്ന് H-21 മതാഹാരിയാണെന്ന് തിരിച്ചറിഞ്ഞു. ഫ്രഞ്ചുകാർ മതാഹാരിയെ അറസ്റ്റ് ചെയ്യാൻ വേണ്ടി സന്ദേശങ്ങൾ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമുണ്ട്.

      ജർമ്മൻ ആർമിയുടെ ചീഫ് ഐസി (ഇൻ്റലിജൻസ് ഓഫീസർ) ജനറൽ വാൾട്ടർ നിക്കോളായ്, പ്രചരിക്കുന്ന വിധത്തിൽ, മതാ ഹാരി, തനിക്ക്, ഒരു ഇൻ്റലിജൻസ് രഹസ്യങ്ങളും നൽകിയില്ലെന്ന് പറയുകയും ചെയ്തിരുന്നു. പകരം, ജർമ്മൻകാർക്ക് ഫ്രഞ്ച് രാഷ്ട്രീയക്കാരുടെയും ജനറലുകളുടെയും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള പാരീസ് ഗോസിപ്പുകൾ മാത്രമാണ് അവളിൽ നിന്നും അറിയാൻ കഴിഞ്ഞത്. അതാകട്ടെ, വളരെ അരോചകവുമായിരുന്നു. അതുകാരണം, ഫ്രഞ്ചുകാർക്ക് വേണ്ടിയുള്ള ഒരു ജർമ്മൻ ചാരവനിതയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവരുടെ ജോലി അവസാനിപ്പിക്കാനും തീരുമാനിച്ചിരുന്നതാണ്.   

     ഫ്രഞ്ച് സൈന്യത്തിന് ഒരു ബലിയാടിനെ ആവശ്യമുള്ളതിനാലാണ് അവരെ ശിക്ഷിക്കുകയും അപലപിക്കുകയും ചെയ്തതെന്നും അവരുടെ ശിക്ഷ ഉറപ്പാക്കാൻ ഉപയോഗിച്ച ഫയലുകളിൽ നിരവധി കൃത്രിമങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു. മതാഹാരി ഒരു ചാരവനിതയായിരിക്കില്ലെന്നും നിരപരാധിയാണെന്നും ചിലർ പ്രസ്താവിക്കുകയും ചെയ്തു.

     1917 ഫെബ്രുവരി 13-നാണ് മതാ ഹാരി അറസ്റ്റ് ചെയ്യപ്പെട്ടത്. പാരീസിലെ ഹോട്ടൽ എലിസീ പാലസിലെ അവരുടെ മുറിയിൽവെച്ച്. ജൂലായ് 24-ന് വിചാരണ ചെയ്യപ്പെട്ടു. ഫ്രഞ്ച്, ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗങ്ങൾ അവർ ജർമ്മനിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നും അതുകാരണം 50,000 സൈനികർ കൊല്ലപ്പെട്ടുവെന്നും സംശയിച്ചെങ്കിലും, അവർക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞതുമില്ല.

    മതാ ഹാരി ഒരിക്കലും ഒരു പ്രധാന ചാരവനിതയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നിട്ടും എങ്ങനെയാണ് അവർക്ക് അങ്ങനെയൊരു പരിവേഷമുണ്ടായത്?

     1917 ആയപ്പോഴേക്കും സൈനീക കലാപങ്ങളാൽ  ഫ്രാൻസ് വല്ലാതെ ആടി ഉലഞ്ഞിരുന്നു. യുദ്ധം ഫ്രാൻസിനെ  തകർത്തിട്ടുണ്ടായിരിക്കണം. അതുകൊണ്ടു തന്നെ യുദ്ധത്തിൽ സംഭവിച്ച പിഴവുകളെല്ലാം മറയ്ക്കാവുന്ന ഒരു ജർമ്മൻ ചാരവനിത ഉണ്ടായിരിക്കുന്നത് ഫ്രഞ്ച് സർക്കാരിന് സൗകര്യപ്രദമായിരുന്നു.

ആ സമയത്ത് മതാഹാരി ഒരു ബലിയാടിനെപ്പോലെ വന്നു കയറുകയും ചെയ്തു.അവർക്കെതിരായ കേസ് ഫ്രഞ്ച് പത്രങ്ങളിൽ വലിയ പ്രചാരം നേടി.പത്രങ്ങൾ നിറംപിടിപ്പിച്ച വാർത്തകൾ കൊണ്ട് നിറഞ്ഞിരുന്നു. കനേഡിയൻ ചരിത്രകാരനായ വെസ്ലി വാർക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞത് “അവർക്ക് ഒരു ബലിയാടിനെ ആവശ്യമായിരുന്നു.” എന്നാണ്.

    നിരപരാധിത്വം അവകാശപ്പെട്ടുകൊണ്ട് മതാ ഹാരി  പാരീസിലെ ഡച്ച് അംബാസഡർക്ക് കത്തെഴുതി: "എൻ്റെ അന്തർദേശീയ ബന്ധങ്ങൾക്ക് കാരണം ഒരു നർത്തകി എന്ന നിലയിലുള്ള എൻ്റെ ജോലിയാണ്. അല്ലാതെ മറ്റൊന്നുമല്ല .... ഞാൻ ശരിക്കും ചാരവൃത്തി നടത്തിയില്ല. എനിക്ക് സ്വയം പ്രതിരോധിക്കാൻ കഴിയാത്തത് ഭയാനകമാണ്."  

വിചാരണ വേളയിൽ, യുദ്ധത്തിൽ ഒരു കണ്ണ് നഷ്‌ടപ്പെട്ട അവളുടെ കാമുകൻ മസ്‌ലോവ് അവരെ സാക്ഷ്യപ്പെടുത്താൻ വിസമ്മതിച്ചു. മസ്ലോവ് തന്നെ ഉപേക്ഷിച്ചുവെന്ന് മതാഹാരി അറിഞ്ഞപ്പോൾ അവർ ബോധരഹിതയായി. അവർക്ക് അതൊരു ഹൃദയഭേദകമായ നിമിഷമായിരുന്നു.

     ജർമ്മനിക്ക് വേണ്ടി ചാരവൃത്തി ചെയ്തതായി അവർ സമ്മതിച്ചുവെന്ന്, അവരുടെ വധശിക്ഷയ്ക്ക് ശേഷം, വാർത്താ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മാതാഹരി അങ്ങനെയൊന്നും സമ്മതിച്ചില്ലെന്നും അവർ  ഒരിക്കലും ഒരു ജർമ്മൻ ചാരവനിത ആയിരുന്നില്ലെന്നുമുള്ള വെളിപ്പെടുത്തലുകളുമുണ്ട്. ദത്തെടുത്ത ജന്മനാടായ ഫ്രാൻസിനോടുള്ള അവരുടെ വികാരാധീനമായ സ്നേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

    1917 ഒക്ടോബർ 15. അന്ന് നേരം പുലരുന്നതിന് തൊട്ടുമുമ്പാണ് മതാഹാരിയുടെ വധശിക്ഷ നടപ്പിലാക്കിയത്. അത് ചെയ്തത് 12 ഫ്രഞ്ച് സൈനികർ അടങ്ങുന്ന ഒരു ഫയറിങ്  സ്ക്വാഡ് ആയിരുന്നു 

ആ സമയം അവർ ബന്ധിക്കപ്പെട്ടിരുന്നില്ല. കണ്ണ് മൂടികെട്ടാൻ വിസമ്മതിക്കുകയും ചെയ്തു.ധിക്കാരത്തോടെ ഫയറിങ് സ്ക്വാഡിന് ഒരു ചുംബനവും നൽകിയത്രേ! ബ്രിട്ടീഷ് റിപ്പോർട്ടർ ഹെൻറി വെയിൽസിൻ്റെ ദൃക്‌സാക്ഷി വിവരണം ഇങ്ങനെയാണ്.

     വധശിക്ഷ നടപ്പാക്കുമ്പോൾ, അവർക്ക് ചേരുന്ന ഒരു ആമസോണിയൻ ടൈലേർഡ് സ്യൂട്ടും,ഒരു ജോടി പുതിയ വെള്ള കയ്യുറകളുമാണ് ധരിച്ചിരുന്നത്. ഇറക്കം കുറഞ്ഞ ഒരു ബ്ലൗസും ട്രൈകോൺ തൊപ്പിയുമായിരുന്നു, വിചാരണ വേളയിൽ അവർക്ക് ധരിക്കാൻ വേണ്ടി, കുറ്റാരോപിതർ തിരഞ്ഞെടുത്തിരുന്നത്. അപ്പോഴും ജയിലിൽ അവർക്കുണ്ടായിരുന്ന പൂർണ്ണവും വൃത്തിയുള്ളതുമായ ഒരേയൊരു വസ്ത്രമായിരുന്നു അത്.

     വെടിയൊച്ച മുഴങ്ങിയതിന് ശേഷം, പതുക്കെ, ചലന ശേഷി നഷ്‌ടപ്പെട്ട്, അവർ മുട്ടുകുത്തി. അപ്പോഴും തല ഉയർത്തിയിട്ടുണ്ടായിരുന്നു. മുഖത്ത് ചെറിയ ഭാവമാറ്റം പോലുമുണ്ടായിരുന്നില്ല. ഏതോ ഒരു നിമിഷത്തിൽ, അവിടെ മുട്ടുകുത്തിനിന്നുകൊണ്ട് അവളുടെ ജീവനെടുത്തവരെ നേരിട്ട് നോക്കിയിട്ടുണ്ടാവാം.

   ഒടുവിൽ അവർ പിന്നിലേക്ക് മറിഞ്ഞു വീണു. കാലുകൾ മടക്കി വച്ചിരുന്നു. ആ സമയം ഒരു സൈനീക ഓഫീസർ അവരുടെ ശരീരത്തിന് അരികിലേക്ക് നടന്നു. കൈയിലുണ്ടായിരുന്ന തോക്കുകൊണ്ട് ,മരണം ഉറപ്പാക്കാൻ വേണ്ടി, അവരുടെ ശിരസിൽ പിന്നെയും വെടിവച്ചു.

     മതാ ഹാരിയുടെ മൃതദേഹത്തിനായി ഒരു കുടുംബാംഗം പോലും എത്തിയില്ല. അതുകൊണ്ട് അത് മെഡിക്കൽ പഠനത്തിനായി വിട്ടുകൊടുക്കുകയാണ് ചെയ്തത്. ശിരസ് എംബാം ചെയ്ത് പാരീസിലെ അനാട്ടമി മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. 2000 ൽ അത് മ്യൂസിയത്തിൽ നിന്നും നഷ്‌ടപ്പെട്ടതായി കണ്ടെത്തി.

പക്ഷെ, വസ്തുത എന്തായാലും, ഒന്നാം ലോകമഹായുദ്ധകാലത്തെ ജർമ്മനിയുടെ ചാരവനിതയായ ഡച്ച് നർത്തകിയും അഭിസാരികയും ആയിട്ടാണ് മതാഹാരി ഇന്നും അറിയപ്പെടുന്നതെന്നുമാത്രം.

Leave a Reply

spot_img

Related articles

സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം...

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം...

പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി സച്ചിദാനന്ദന്‍

യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട...

2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്

രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത...