സീബ്രാ ലൈനിലൂടെ ശ്രദ്ധിച്ച് റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്.
ഇക്കഴിഞ്ഞ ഏഴാം തീയതി വൈകിട്ടാണ് സംഭവം നടന്നത്. കൊളത്തറ സ്വദേശിയായ ഫാത്തിമ റിനയെയാണ് അമിത വേഗത്തില്‍ വന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്. ചെറുവണ്ണൂർ സ്‌കൂളിന് മുന്നിലെ സീബ്ര ലൈനില്‍ വച്ചാണ് വിദ്യാർത്ഥിനിയെ ബസ് ഇടിച്ചത്. ബസിറങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുകയായിരുന്നു ഫാത്തിമ.
ഇരുവശത്തും നോക്കി റോഡിന്റെ മറുവശത്തേക്ക് സീബ്രാ ലൈനിലൂടെ നടക്കവെ കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസാണ് അമിത വേഗതയിലെത്തി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ബസിനടിയിലേക്ക് വീണുപോയി. കാഴ്‌ച കണ്ട് സംഭവ സ്ഥലത്തുണ്ടായിരുന്നവർ നടുങ്ങി നില്‍ക്കുന്നതിനിടെ ഫാത്തിമ ബസിനടിയില്‍ നിന്ന് സ്വയം എഴുന്നേറ്റുവന്നു.
ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഫാത്തിമയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരവേദന ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ഇത്രയും സംഭവിച്ചിട്ടും ബസ് ഉടമയോ ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്നും ഫാത്തിമ പറഞ്ഞു. അമിത വേഗതയില്‍ ബസോടിച്ച ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ഫാത്തിമയുടെ രക്ഷാകർത്താക്കള്‍ ആവശ്യപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെന്നും ഡ്രൈവറോടും ബസ് ഉടമയോടും ഇന്ന് ഹാജരാകാൻ പറഞ്ഞിട്ടുണ്ടെന്നും എംവിഡി ഡി ശരത് പ്രതികരിച്ചു.