കോട്ടയം: കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകൾ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ ജൂൺ 30 വരെ നൽകാം.
കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴിയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിളകൾക്ക് വായ്പ എടുത്ത കർഷകർക്ക്് ബാങ്കുകൾ വഴിയും പദ്ധതിയിൽ ചേരാം.
ആധാറിന്റെ പകർപ്പ്, കരം അടച്ച രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി നൽകണം.
കർഷകർക്ക് വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അർഹതയുണ്ട്. ഓരോ വിളയുടെയും പ്രീമിയം തുകയും ഇൻഷുറൻസ് തുകയും വ്യത്യസ്തമാണ്.
നെല്ല്, റബർ, തെങ്ങ്, ഗ്രാമ്പൂ, വാഴ, കവുങ്ങ്, ഇഞ്ചി, വെറ്റില, മഞ്ഞൾ, കരിമ്പ്, മരച്ചീനി, മാവ്, ജാതി, കുരുമുളക്, തേയില, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറി വിളകൾ എന്നീ വിളകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം, കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള വിളവ് കുറവ് എന്നിവയ്ക്ക് കർഷകർക്ക് ആശ്വാസം നൽകുന്നതാണ്കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് എന്നിവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും.
പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥ നിലയങ്ങളിലെ തോത് അനുസരിച്ചാണ് ഇത് നൽകുക. കൃഷി പൂർണ്ണമായും നശിക്കാതെ വിളവിലുണ്ടാകുന്ന കുറവിനും നഷ്ടപരിഹാരം ലഭിക്കുമെന്നതും കർഷകർക്ക് സഹായകമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645162338, 9061675557