ഇടവിട്ടുള്ള മഴ: എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്.

കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവര്‍ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം.

മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം.

പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം. എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പര്‍ക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാല്‍ മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക.

തൊഴിലെടുക്കുന്നവര്‍ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുന്‍കരുതലുകളെടുക്കണം. മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്ചയില്‍ ഒരിക്കല്‍ ഡോക്‌സിസൈക്ലിന്‍ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ മുതലായ കൊതുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മുന്‍കരുതലുകള്‍ സ്വീകരിക്കണം.

വയറിളക്ക രോഗങ്ങള്‍, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാല്‍ തന്നെ പ്രതിരോധം പ്രധാനമാണ്.

· തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.
· കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക.
· ഭക്ഷണം പാകം ചെയ്യും മുന്‍പും കഴിക്കുന്നതിനു മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക.
· വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ്. ലായനി ആവശ്യാനുസരണം കുടിക്കുക. കൂടെ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍ വെളളം എന്നിവയും കൂടുതലായി നല്‍കുക.
· വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെളളവും കൂടുതലായി നല്‍കണം.
· നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ (വര്‍ദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചര്‍മ്മം, മയക്കം, മൂത്രത്തിന്റെ അളവിലോ നിറത്തിലോയുള്ള വ്യത്യാസം) കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

Leave a Reply

spot_img

Related articles

‘ഈ കറുത്ത ഗൗണും കോട്ടും’, ഡ്രസ് കോഡ് മാറ്റണമെന്ന് കേരള ഹൈക്കോടതിയിൽ അഭിഭാഷകർ! കാരണം കൊടുംചൂട്

കനത്ത ചൂട് കണക്കിലെടുത്ത് ഡ്രസ് കോഡിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ...

നടി സൗന്ദര്യ വിമാനം തകർന്ന് മരിച്ചിട്ട് 22 വർഷം; ‘വില്ലൻ’ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ടോളിവുഡിലെ മുതിര്‍ന്ന താരം മോഹൻ ബാബു അടുത്തിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടംനേടിയത്. ഇപ്പോൾ വലിയൊരു വെല്ലുവിളി കൂടി അദ്ദേഹം നേരിടുകയാണ്....

ഐപിഎല്ലില്‍ മദ്യം, പുകയില പരസ്യങ്ങള്‍ വേണ്ട; കത്തയച്ച് ആരോഗ്യ മന്ത്രാലയം

ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം....

‘ബയോഡാറ്റയിൽ ഒരു കോമ വിട്ടുപോയി; ആശിച്ച ജോലിയും കൈവിട്ടുപോയി

നിസാരമെന്ന് നമ്മള്‍ കണക്കാക്കുന്ന പലതിനും ജീവിതത്തില്‍ വലിയ വിലകൊടുക്കേണ്ടിവരും. അത്തരത്തില്‍ ഒരു അനുഭവം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഒരു ഡാറ്റ അനലിസ്റ്റ്. താന്‍ ആശിച്ച ജോലിയ്ക്കായുള്ള അഭിമുഖത്തില്‍...