പാലക്കാട് :ജില്ലയിലെ സ്‌കൂളിലേക്കുള്ള പാഠപുസ്തക വിതരണം അഞ്ചാം വര്‍ഷവും സമയബന്ധിതമായി വിതരണം ചെയ്ത് കുടുംബശ്രീ. പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസുകളില്‍ നിന്നും ഷൊര്‍ണൂരിലെ ഗോഡൗണില്‍ എത്തിച്ച് ക്ലാസുകള്‍ തരംതിരിച്ച് 12 അസി.എഡ്യൂക്കേഷണല്‍ ഓഫീസര്‍മാരുടെ കീഴിലുള്ള 234 സൊസൈറ്റികളിലും പുസ്തകം ഇറക്കികൊടുക്കുന്നതും വനിതകളായ തൊളിലാളികള്‍ തന്നെയാണ്. ഷൊര്‍ണൂരിലാണ് പ്രധാന ഗോഡൗണ്‍.
2019-20ല്‍ കോവിഡ് കാലഘട്ടത്തില്‍ ആരും പാഠപുസ്തകങ്ങള്‍ തരംതിരിച്ച് വിതരണം ചെയ്യുന്നതിന് തയ്യാറാവാതിരുന്ന കാലത്ത് കുടുംബശ്രീയിലെ വനിതകള്‍ ഏറ്റെടുത്ത ഈ പ്രവര്‍ത്തനം അഞ്ച് വര്‍ഷമായി തുടരുകയാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുസ്തകങ്ങള്‍ തരംതിരിച്ച് എത്തിക്കുന്നത് കുടുംബശ്രീക്ക് കീഴിലുള്ള ഷൊര്‍ണൂരിലെ ഗോഡൗണിലെ സ്ത്രീ തൊഴിലാളികളാണ്.
2024-25 അധ്യയന വര്‍ഷത്തിലെ ആദ്യ പാദത്തിലേക്കുള്ള മുഴുവന്‍ പുസ്തകങ്ങളും സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുതന്നെ അതാത് സ്‌കൂളുകളില്‍ എത്തിച്ചു. ആകെ 14 സ്ത്രീ തൊഴിലാളികളാണ് ഇവിടെയുള്ളത്. ഈ വര്‍ഷം 28,43,811 പുസ്തകങ്ങളാണ് പ്രസുകളില്‍ നിന്നും ഷൊര്‍ണൂരിലെ ഗോഡൗണുകളില്‍ എത്തിയത്. ഈ പുസ്തകങ്ങളെല്ലാം തരംതിരിച്ച് ജില്ലയിലെ 12 എ.ഒ മാര്‍ക്കു കീഴിലുള്ള വിവിധ സൊസൈറ്റികളിലേക്ക് സ്‌കൂള്‍ തുറക്കുന്നതിനുമുന്നേ തന്നെ കൈമാറി. അവലോകന യോഗത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ.ചന്ദ്രദാസ്, ഡിപ്പോ സൂപ്പര്‍വൈസര്‍ ശ്യാമ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.